മാര്‍പാപ്പ തുറന്നിട്ട സംവാദസാധ്യതകള്‍
യുദ്ധവും അധിനിവേശവും ഉഴുതുമറിച്ച സമൂഹങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയും ലോകത്ത് സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്തുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖിലെ ചരിത്രപരമായ സന്ദര്‍ശനത്തിനു പരിസമാപ്തി കുറിച്ചത്. ഇറാഖിന്റെ വിവിധ ഭാഗങ്ങളിലും കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബിലിലും മാര്‍പാപ്പ നടത്തിയത് അഭൂതപൂര്‍വമായ സന്ദര്‍ശനമായിരുന്നു. കുര്‍ദിസ്ഥാനിലെ എര്‍ബിലില്‍ നടത്തിയ പരിശുദ്ധ ഖുര്‍ബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. നാലുദിവസത്തെ ഇറാഖ് സന്ദര്‍ശനത്തില്‍ മൂന്ന് പ്രധാന ആശയങ്ങളില്‍ ഊന്നിയാണ് പോപ്പ് സംസാരിച്ചത്. ലോകത്തിന്റെ ഭാവി സമാധാനത്തോടൊപ്പമാണ്, അതിനാല്‍ സംഘര്‍ഷത്തിന് പകരം സമാധാനമാണ് ഉണ്ടാക്കേണ്ടത് എന്നായിരുന്നു അതില്‍ ഒന്നാമത്തേത്. സഹോദരവധത്തിനും പകരം സാഹോദര്യവും സഹാനുഭൂതിയുമാണ് എല്ലാ കാലത്തേക്കും അനിവാര്യമായത്, വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളില്‍ പരസ്പര സാഹോദര്യത്തോടെ ജീവിക്കാന്‍ കഴിയണമെന്നുമായിരുന്നു രണ്ടാമത്തേത്. സംവാദവും അതുവഴി പാരസ്പര്യവും ഉണ്ടാകണം എന്നാണ് മൂന്നാമതായി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ലോകത്തോട് പറഞ്ഞത്. കലുഷിതമായ അന്തരീക്ഷത്തിലും ഇറാഖ് പോലുള്ള അതീവജാഗ്രത വേണ്ട ഒരിടത്ത് സന്ദര്‍ശിക്കാന്‍ കാണിച്ച ധൈര്യം എന്തായാലും അഭിനന്ദനീയമാണ്. തന്റെ മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഗ്രഹിച്ചിട്ട് നടക്കാതെപോയ അബ്രഹാമിന്റെ (ഇബ്രാഹീം നബിയുടെ) ജന്മനാട്ടിലേക്കുള്ള സന്ദര്‍ശനമാണിപ്പോള്‍ പോപ്പ് ഫ്രാന്‍സിസ് നടത്തിയത്.
പാരസ്പര്യവും സംവാദവുമാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെങ്കില്‍ മറ്റുള്ളവയേക്കാളേറെ പ്രതീക്ഷയുമുളവാക്കുന്നു. എന്നാല്‍ അതിന്റെ സാധ്യതകള്‍ എത്രയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. വ്യത്യസ്തതകളെ വേരോടെ നശിപ്പിക്കുന്ന, സാമ്പത്തിക ലാഭങ്ങള്‍ക്കുവേണ്ടി അധിനിവേശം നടത്തുകയും മറ്റൊരു രാജ്യത്ത് കൊള്ളസംഘത്തെ പോലെ കാലങ്ങള്‍ കഴിയുകയും ചെയ്യുന്ന ഒരു കാലത്ത് സംവാദവും സഹവര്‍ത്തിത്വവും എങ്ങനെയാണ് പ്രയോഗവല്‍ക്കരിക്കുക. ഇറാഖിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സമാധാനം പുലരണമെങ്കില്‍ തുറന്ന സംവാദങ്ങള്‍ ഉണ്ടായേ മതിയാകൂ എന്ന കാര്യത്തില്‍ സംശയമില്ല. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദം, മതങ്ങളും ആശയങ്ങളും തമ്മിലുള്ള സംവാദം, അതിര്‍ത്തികളുടെ ഒത്തുതീര്‍പ്പിനുവേണ്ടിയുള്ള രാഷ്ട്രീയസംവാദം തുടങ്ങിയ സാധ്യതകള്‍ പരന്നുകിടക്കുകയാണ്. അതിര്‍ത്തികള്‍ക്കുവേണ്ടി രാഷ്ട്രീയസംവാദങ്ങളല്ല സംഘര്‍ഷങ്ങള്‍ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതസംവാദങ്ങളുടെ സാധ്യതകള്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. പ്രത്യേകിച്ച് ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലൊരു ചര്‍ച്ചയ്ക്ക് മാര്‍പാപ്പക്കോ ലോകത്തെ മറ്റു ക്രൈസ്തവ നേതാക്കള്‍ക്കോ താല്‍പര്യവുമില്ല. ബാക്കിയുള്ളത് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സമവായങ്ങള്‍ക്കും പാരസ്പര്യങ്ങള്‍ക്കുമാണ്. അതുണ്ടായാല്‍ രാജ്യങ്ങളും അതിര്‍ത്തികളും മതങ്ങളും വിഭാഗങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ എളുപ്പമായേക്കും.
പടിഞ്ഞാറിനെയാണ് പഠിപ്പിക്കേണ്ടത്
സമാധാനത്തിന്റെ ദൂതുമായി വരുന്നവര്‍ക്ക് സമാധാനം നശിപ്പിക്കുന്നതാരാണെന്ന് ഏകദേശധാരണ ഉണ്ടാകാതിരിക്കാന്‍ നിര്‍വാഹമില്ല. ഇറാഖിലെ ബാഗ്ദാദിലും മൗസിലിലും കണ്ട ഏറ്റവും ഭീകരമായ ദൃശ്യങ്ങളും അവശിഷ്ട നഗരങ്ങളും ഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ഐ.എസ് താണ്ഡവമാടിയതുകൊണ്ട് മാത്രമായിരുന്നില്ല. 2003ല്‍ ആരംഭിച്ച അമേരിക്കന്‍ അധിനിവേശത്തോടെയാണ് രാജ്യത്തിന്റെ പതനം ആരംഭിച്ചത്. തുടര്‍ന്ന് ഇറാഖില്‍ യുദ്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഐ.എസ് എന്ന ഭീകര സംഘത്തെ പോലും കെട്ടിയിറക്കിയത് അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്നാണെന്ന് തെളിവുകള്‍ സഹിതം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുമുണ്ട്. പശ്ചിമേഷ്യ പ്രത്യേകിച്ച് ഇറാഖ് എന്നും കലുഷിതമായി നിലനില്‍ക്കണമെന്ന് ആരും സ്വയമേവ ആഗ്രഹിക്കുന്നതല്ല, മറിച്ച് പടിഞ്ഞാറിന്റേയും സാമ്രാജ്യത്വ ശക്തികളുടേയും എക്കാലത്തെയും ആവശ്യമായിരുന്നു. അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യം നടപ്പിലാക്കുന്നതിനുവേണ്ടി അത്തരമൊരു അനിവാര്യതയെ അവര്‍ തന്നെ സൃഷ്ടിക്കുകയാണ്. ഇത്തരമൊരു ദുരവസ്ഥയിലാണ് പടിഞ്ഞാറുനിന്ന് ഒരു പ്രബലമതത്തിന്റെ മേലധ്യക്ഷന്‍ സമാധാനത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
സമാധാനം സ്ഥാപിതമാവുകയാണെങ്കില്‍ ഇറാഖ് അതിന്റെ ഗുണഭോക്താക്കളായിരിക്കുമെന്നതില്‍ യാതൊരു സംശയമില്ല. ഏതുവിധേനയും സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു രാജ്യത്തിനു വേണ്ടിയാണ് അവര്‍ കാലങ്ങളായി ശ്രമിക്കുന്നത്. എന്നാല്‍ രാജ്യത്തെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് സമാധാനം നശിപ്പിക്കാന്‍ കാരണക്കാരായ പടിഞ്ഞാറായതിനാല്‍ അവര്‍ ഈ സന്ദേശം കേള്‍ക്കാനും അതു നടപ്പില്‍വരുത്തുവാനും തയാറുണ്ടൊ എന്നതാണ് മര്‍മ്മപ്രധാനം. അതുകൊണ്ടുതന്നെ സമാധാനത്തിന്റെ സംവാദം ആരംഭിക്കേണ്ടത് പടിഞ്ഞാറുനിന്നുതന്നെയാണ്. പാരസ്പര്യത്തിന്റെ മാനുഷിക അധ്യായങ്ങളും സാഹോദര്യത്തിന്റെ ബാലപാഠങ്ങളും പറഞ്ഞ് പഠിപ്പിക്കേണ്ടത് സാമ്രാജ്യത്വ മുന്നണികളെയാണ്. പാശ്ചാത്യരാജ്യങ്ങളും ഇസ്‌റാഈല്‍ ഉള്‍പ്പെടെ അവരോടൊപ്പമുള്ള പ്രബലശക്തികളും അവരുടെ സാമ്പത്തികമായ താല്‍പര്യങ്ങള്‍ക്ക് മാത്രമായാണ് ഇറാഖിനെ കാലങ്ങളായി ചേര്‍ത്തുനിര്‍ത്തുന്നത്. ഇറാഖിലെ ബസറയിലും കുര്‍ദിസ്ഥാനിലുമുള്ള പ്രകൃതി വിഭവങ്ങളുടെ മേലുള്ള കൊള്ളയും അതിന്മേലുള്ള അവരുടെ അടങ്ങാത്ത ആര്‍ത്തിയും അവസാനിക്കാത്തിടത്തോളം കാലം ഇറാഖിലെ അസ്ഥിരത അനന്തമായി തുടരും.
ചരിത്രനഗരങ്ങള്‍
തിരിച്ചുവരുമോ?
ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കിയത് എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇറാഖ് അസ്ഥിരമായി നിലനില്‍ക്കുമ്പോഴും തങ്ങളുടെ സമുദായത്തെ കെട്ടിയുയര്‍ത്തണമെന്ന് പറയുന്നതിലെ വൈരുധ്യം ചര്‍ച്ചയാവാതെ പോവുകയാണ്. മൗസില്‍ നഗരത്തിലെ ക്രിസ്ത്യന്‍ മേഖലകളും പ്രധാന ആരാധനാലയങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കുകയുണ്ടായി. തകര്‍ന്നടിഞ്ഞ ആരാധാനാലയങ്ങളുടെ പുനരുദ്ധാരണത്തിനു സഹായമുണ്ടാകുമെന്ന് പോപ്പ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനശേഷം സ്ഥലത്തെ പ്രധാന ബിഷപ്പുമാര്‍ പ്രഖ്യാപിക്കുകയുമുണ്ടായി. സന്ദര്‍ശനഫലമെന്നോണം തകര്‍ന്ന ക്രൈസ്തവ ദേവാലയങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഇനി അധിക സമയമുണ്ടാവില്ല. എന്നാല്‍ മാറുപിളര്‍ന്ന് അവശിഷ്ടമായ മൗസില്‍ എന്ന ചരിത്രനഗരം തിരിച്ചുവരുമോ എന്നതിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ഇറാഖ് എന്ന രാജ്യത്തിന്റെ അവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടോ എന്നതിലാണ് ഇറാഖിലെ ജനങ്ങള്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടാണ് വിഭാഗീയതകള്‍ക്കപ്പുറത്ത് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. സുരക്ഷിതത്വബോധവും സമാധാനവും പ്രതീക്ഷിക്കുന്നതിനാലാണ് സുന്നി, ശീഈ, കുര്‍ദ് വിഭാഗങ്ങളും മറ്റു ന്യൂനപക്ഷങ്ങളും ഒരേസ്വരത്തില്‍ മാര്‍പാപ്പയുടെ ചരിത്ര യാത്രയെ വിലമതിക്കുകയും കൊണ്ടാടുകയും ചെയ്തത്.
ഇറാഖും ഇസ്‌റാഈലും
അധിനിവേശാനന്തരം ഇറാഖ് വിഭജിക്കണമെന്ന വാദം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പാകിയത് ഇസ്‌റാഈലാണ്. അതുകൊണ്ടുതന്നെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് കരുത്തുപകരാന്‍ കിട്ടിയ അവസരങ്ങള്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചിട്ടുമുണ്ട്. കുര്‍ദിസ്ഥാനില്‍ ഹിതപരിശോധന നടന്നപ്പോള്‍ പിന്തുണച്ച ആദ്യ രാജ്യം ഇസ്‌റാഈലായിരുന്നു. ബസറയില്‍ ഓയില്‍ കമ്പനികള്‍ക്കെതിരായ സമരത്തിനു വീറു പകര്‍ന്നുകൊണ്ട് ആ പ്രദേശത്തെ സ്വതന്ത്രമാക്കണമെന്ന വാദം വന്നപ്പോഴും അതിനുപിന്നിലൊരു ജൂതബുദ്ധിയുണ്ടായിരുന്നു. സിറിയ, യമന്‍ വിഷയങ്ങളില്‍ സമാനമായ വിഭജന വാദങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. പോപ്പിന്റെ സന്ദര്‍ശനാനന്തരം തീവ്രവാദികളുടെ മടയിലേക്കാണ് പോപ്പ് സന്ദര്‍ശിച്ചതെന്നും ഇറാഖിലെ ശീഈ ഭീകരവാദികളായ ജിഹാദികളുമായാണ് ആദ്യം സമാധാന കരാറുണ്ടാക്കേണ്ടതെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ പരിഹസിച്ചു. ധാരണകള്‍ക്കും സഹവര്‍ത്തിത്വത്തിനും എന്നും തുരങ്കംവച്ചിട്ടുള്ള ഒരു രാജ്യത്തുനിന്ന് മറിച്ചുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താണ്.
വൈവിധ്യം തേടുന്ന സന്ദര്‍ശനം
ക്രൈസ്തവ ആരാധനാലയങ്ങളോടൊപ്പം തന്റെ സന്ദര്‍ശനത്തില്‍ വ്യത്യസ്ത ധാരകളെ കൂടി ഉള്‍പ്പെടുത്തിയതിലൂടെ പോപ്പ് പരസ്പരധാരണയുടെ പുതിയ അധ്യായത്തിന് തിരികൊളുത്തുകയായിരുന്നു. പോപ്പ് ഇറാഖില്‍ സന്ദര്‍ശിച്ച ആയതുല്ല സയ്യിദ് അലി അല്‍ ഹുസൈനി അല്‍സിസ്താനി ഇറാഖില്‍ ഏറ്റവും സ്വാധീനമുള്ള ശീഈ പണ്ഡിതനാണ്. സിസ്താനിയുമായുള്ള കൂടിക്കാഴ്ചയും സുന്നി ഭൂരിപക്ഷ പ്രദേശമായ മൗസില്‍ സന്ദര്‍ശനവും കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ കുര്‍ദിസ്ഥാന്‍ സന്ദര്‍ശനവും മൂന്ന് മതങ്ങളുടെ (ഇസ്‌ലാം, ക്രൈസ്തവത, ജൂതായിസം) പ്രവാചകനായി അറിയപ്പെടുന്ന അബ്രഹാമിന്റെ ജന്മനാട് സന്ദര്‍ശിച്ചതും എന്തുകൊണ്ടും സഹവര്‍ത്തിത്വത്തിന്റെ പാതയൊരുക്കാന്‍ പോന്നതാണ്. എന്നാല്‍ യാത്രയുടെ ഗുണഫലങ്ങള്‍ വരുംനാളുകളാണ് തെളിയിക്കേണ്ടത്.
ലോകത്ത് സമാധാനം പുലരുന്നതിനും ഐക്യത്തോടെ കഴിയുന്നതിനും വൈവിധ്യങ്ങളെ അവയുടെ സത്തയോടെ ഉള്‍കൊള്ളുകയാണ് വേണ്ടത്. കിഴക്കും പടിഞ്ഞാറും തമ്മില്‍ ലോകത്തുള്ള വിവിധങ്ങളായ മതങ്ങള്‍ക്കിടയില്‍ അവരവരുടെ ദേശത്തനിമയോടെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ പാരസ്പര്യം സാധ്യമാകുന്ന ലോകമാണ് സമാധാനം ആഗ്രഹിക്കുന്ന ഏവരും സ്വപ്നം കാണുന്നത്. മാര്‍പാപ്പയുടെ ഒറ്റ സന്ദര്‍ശനത്തില്‍ ഇതെല്ലാം സാധ്യമാകുമെന്നല്ല. എന്നാല്‍ ആരോഗ്യകരമായ സംവാദത്തിനു ലോകം തയാറായാല്‍ ഇതിനൊരു തുടക്കമാകാനെങ്കിലും ഈ സന്ദര്‍ശനത്തിനു കാരണമായേക്കും. പാരസ്പര്യത്തിന്റെ കൊടിപാറിക്കാന്‍ പുതുകാലത്ത് സംവാദങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. കിഴക്കിനും പടിഞ്ഞാറിനും ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. പക്ഷേ അത് മുഖവിലക്കെടുക്കാന്‍ ലോകത്തെ നിയന്ത്രിക്കുന്ന പ്രബലശക്തികള്‍ക്ക് കഴിയാതിരിക്കുന്നപക്ഷം ഇതൊക്കെയും വെറും ഗീര്‍വാണങ്ങളായി അവശേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."