ചരിത്രം 'ഡീല്‍' ചെയ്യാത്ത ഡീലുകള്‍
രണ്ട് കേഡര്‍ പ്രസ്ഥാനങ്ങള്‍ തമ്മില്‍ നടത്തിയെന്ന് ആരോപിക്കപ്പെടുകയും തുടര്‍ന്നു പുറത്തുവന്ന ചില വെളിപ്പെടുത്തലുകളും കേരളം ഒരു തെരഞ്ഞെടുപ്പു കാലത്ത് മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ല. നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം - ബി.ജെ.പി 'ഡീല്‍' ഉണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ വെളിപ്പെടുത്തലിനോട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ ഇപ്പോള്‍ സമീപിക്കുന്നത് പതിനഞ്ചാം നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണ അജന്‍ഡകളില്‍ ഒന്നു മാത്രമായിട്ടാണ്. കോണ്‍ഗ്രസും യു.ഡി.എഫും തുടര്‍ച്ചയായും എല്‍.ഡി.എഫ് മറിച്ചും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നാണ് ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് രഹസ്യധാരണ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലത്തും യു.ഡി.എഫ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതെല്ലാം ചില പ്രാദേശിക ബന്ധങ്ങളുമായും അവിടങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുമായും മാത്രം ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന വിശദീകരണത്തിനാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. ഇത്തരം ബന്ധങ്ങള്‍ ബി.ജെ.പി മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളുമായും നടത്തിയിട്ടുണ്ടെന്നാണ് ഈ അന്തര്‍ധാരയെ വിമര്‍ശിക്കുന്നവര്‍ക്കു നല്‍കിയ മറുപടിയും. എന്നാല്‍ കൈയിലുള്ള കുറച്ചു വോട്ടുകൊണ്ട് ആര്‍.എസ്.എസ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ കേവലം പ്രാദേശിക താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ? അല്ലെന്നാണ്, സംഘ്പരിവാര്‍ നേതാവ് ആര്‍. ബാലശങ്കറിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്. കേരളത്തില്‍ ആര്‍.എസ്.എസ് നേതൃത്വം ദേശീയ താല്‍പര്യത്തോടെ നടപ്പിലാക്കികൊണ്ടിരിക്കുന്ന അജന്‍ഡയുടെ ഭാഗമായുള്ള ബോധപൂര്‍വ ഇടപെടലുകളായിരുന്നു ഇത്തരം 'ഡീലു'കളെന്നാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളുടെ അന്തഃസത്ത. ഈ വെളിപ്പെടുത്തലുകളെ സി.പി.എമ്മിനെ രാഷ്ട്രീയപ്രതിരോധത്തിലാക്കാനും ബി.ജെ.പിയുടെ ആഭ്യന്തര കലഹത്തിന്റെ ഭാഗമായും മാത്രം ചിത്രീകരിക്കാനും ശ്രമിക്കുന്നതാണ് ഏറ്റവും അപകടകരം. ഇടഞ്ഞ ആര്‍.എസ്.എസ് നേതാവ് ഉയര്‍ത്തിയ ഡീല്‍ ആരോപണം ഇപ്പോഴും തിരുത്താതെ നിലനില്‍ക്കുകയും ബി.ജെ.പി നേതൃത്വം ദുര്‍ബലമായ പ്രതിരോധങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ആരോപണത്തിന്റെ മറുതലം കൂടി ചര്‍ച്ചയാകേണ്ടതാണ്.
കോന്നിയില്‍ മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സി.പി.എം സഹായിക്കുമെന്നും അതിനു പകരം ആറന്മുളയിലും ചെങ്ങന്നൂരിലും സി.പി.എം സ്ഥാനാര്‍ഥികളുടെ വിജയസാധ്യത ഉറപ്പിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നുമാണ് ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരും ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മുന്‍ കണ്‍വീനറുമായിരുന്ന ബാലശങ്കറിന്റെ ആരോപണം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിയ ബാലശങ്കറിന് സീറ്റ് നിഷേധിച്ചതാണ് സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള ഈ ഗുരുതര ആരോപണത്തിന് പിന്നിലെന്ന് ആരും പെട്ടെന്ന് കരുതിയേക്കാം. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലില്ലെന്ന് കരുതുന്നതും മൗഢ്യമായിരിക്കും. പെട്ടെന്നുണ്ടായ ഈ വെളിപ്പെടുത്തലിനു പിന്നില്‍ സ്വാഭാവികമായും വ്യക്തിപരമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് ബാലശങ്കറിനുള്ള വിദ്വേഷം തന്നെയാണ്. എന്നാല്‍ ആര്‍.എസ്.എസ് എന്ന സംഘടന കേരളത്തില്‍ സ്വാധീനമുണ്ടാക്കാനായി സ്വീകരിക്കുന്ന വഴികള്‍ ഏതൊക്കെയാണെന്ന കൃത്യമായ അറിവും ബോധവുമുള്ള നേതാവാണ് ബാലശങ്കറിനെ പോലുള്ളവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് നാഗ്പൂരിലെ രാഷ്ട്രീയ ചലനങ്ങള്‍ക്കും നീക്കങ്ങള്‍ക്കും ഏറെക്കാലം സാക്ഷിയോ സംഘാടകനോ ആയിരുന്ന ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളുടെ ഗൗരവം ഏറുന്നത്.
ബി.ജെ.പിയുടെ അജന്‍ഡ നിര്‍ണയിക്കുന്നതില്‍നിന്ന് ആര്‍.എസ്.എസിനെ മാറ്റിനിര്‍ത്തി പരിശോധിക്കാനാവില്ല. ബി.ജെ.പിയാണ് പ്രത്യക്ഷത്തില്‍ ഇടപെടുന്നതെങ്കിലും നിയന്ത്രണം ആര്‍.എസ്.എസിനു തന്നെയാണ്. ബി.ജെ.പിയുടെ ഒരു ഡീലും അതിനാല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം അറിയാതെയല്ല. ഓരോ സംസ്ഥാനത്തും ആര്‍.എസ്.എസ് തന്നെ വ്യത്യസ്ത രൂപരേഖയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനുള്ള മാര്‍ഗരേഖ ഒരുക്കാന്‍ റിസര്‍ച്ച് സെല്‍ തന്നെയുണ്ട്. ഇതിന്റെ തലപ്പത്ത് ഐ.എ.എസ്, ഐ.പി.എസ്, റിട്ട. ജഡ്ജിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുണ്ടാകും. അവരുടെ ആസൂത്രണത്തിന് അനുസരിച്ചായിരിക്കും ഓരോ സംസ്ഥാനത്തും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതു തന്നെ.
സി.പി.എമ്മിന്റെ വിശ്വാസ്യതയും സ്വാധീനവും തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂവെന്ന തിരിച്ചറിവ് ആര്‍.എസ്.എസിനു ആദ്യം മുതല്‍ക്കേയുണ്ടായിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന രഹസ്യമായും പരസ്യമായും നേതൃത്വം നല്‍കുകയും ചെയ്തു. സംഘടനയുമായി ബന്ധം ഉപേക്ഷിച്ച മുന്‍ ആര്‍.എസ്.എസ് പ്രചാരകനായ സുധീഷ് മിന്നി തന്റെ 25 വര്‍ഷത്തെ അനുഭവം തുറന്നെഴുതിയ 'നരക സാകേതത്തിലെ ഉള്ളറകള്‍' എന്ന പുസ്തകത്തില്‍ ഈ ഒളിയജന്‍ഡ തുറന്നുകാട്ടുന്നുണ്ട്. പ്രത്യക്ഷത്തില്‍ ആര്‍ക്കും തിരിച്ചറിയാത്ത വിധം ആര്‍.എസ്.എസ് കേരള രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ചിത്രമാണ് ആ പുസ്തകത്തില്‍ വിവരിക്കുന്നത്. ഇതില്‍ വിജയിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ദേശീയ രാഷ്ട്രീയത്തിനൊപ്പം നീങ്ങാന്‍ തുടങ്ങിയിരിക്കുന്ന സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങളും. ഇത്തരം ആര്‍.എസ്.എസ് കെണിയില്‍ വീഴില്ലെന്ന് സി.പി.എം അവകാശപ്പെടുമ്പോഴും കാണാചരടുകള്‍ക്കൊണ്ടുള്ള ബന്ധനം മുറുകുന്നതില്‍ ഒന്നാണ് ഇപ്പോഴത്തെ ഡീല്‍ വിവാദം.
കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഇനി വേണ്ടത് സി.പി.എമ്മിനോടു 'ഡീല്‍' ചെയ്യുക തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ആര്‍.എസ്.എസ്. സംഘടനയുടെ പ്രവര്‍ത്തകരും സി.പി.എമ്മും തമ്മിലുള്ള കൊലപാതക രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാന്‍ ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ ബി.ജെ.പി നേതാക്കള്‍ തയാറായതും ഭരണകൂട വിമര്‍ശനത്തിനും പ്രതികാര രാഷ്ട്രീയത്തിനും മയംവരുത്തിയതുമെല്ലാം സി.പി.എം ബാന്ധവത്തിനുള്ള പരീക്ഷണങ്ങള്‍ തന്നെയാണ്. പുറമെ പ്രകടമല്ലാത്ത ഈ അന്തര്‍ധാര ഇപ്പോള്‍ സി.പി.എമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും ഭാവിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ല. ആര്‍.എസ്.എസിനെ പോലെ തന്നെ കേഡര്‍ സ്വഭാവമുള്ള സി.പി.എമ്മിലും ഈ ബന്ധത്തിന്റെ ഗുണവും ദോഷവും ഇഴകീറി ചര്‍ച്ചചെയ്യപ്പെടുമെങ്കിലും അത് ഇരുമ്പു മറയ്ക്കു പുറത്ത് ഒരു പരസ്യസംവാദത്തിലേക്ക് നീങ്ങാനിടയില്ല. ഇതാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതും.
ചരിത്രം പരിശോധിച്ചാല്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വളര്‍ച്ചാ വഴികളില്‍ സി.പി.എം നല്‍കിയ സംഭാവനകളും ചെറുതല്ല. സി.പി.എം മറക്കാന്‍ ശ്രമിക്കുന്നതാണെങ്കിലും രാജ്യത്ത് ആര്‍.എസ്.എസിന് സ്വീകാര്യതയൊരുക്കുന്നതില്‍ പാര്‍ട്ടി സ്വീകരിച്ച ചില നിലപാടുകള്‍ കാരണമായത് ചരിത്രമാണ്. 1984ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റെടുത്തപ്പോള്‍ ലോക്‌സഭയില്‍ രണ്ടംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് മുക്തഭാരതത്തിനായി സി.പി.എം എം.പിമാരും അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതിനൊടുവില്‍ 1989ല്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി വി.പി സിങ്ങിന്റെ നേതൃത്വത്തില്‍ പുതിയ ഒരു മുന്നണി അധികാരത്തിലും വന്നു. ബി.ജെ.പി ലോക്‌സഭയില്‍ രണ്ടില്‍ നിന്നും 85 ആയി അംഗങ്ങളെ ഉയര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു 1989 ലേത്. സി.പി.എമ്മിന്റെ അടക്കം പിന്തുണയോടെയാണ് രാജ്യത്തിന്റെ മതേതരത്വത്തിന് ഈ വലിയ മുറിവുണ്ടായതെന്ന് കാണാതിരിക്കരുത്.
ഇനി കേരളത്തിലേക്കു വന്നാല്‍ അവിടെയും കാണാം സി.പി.എമ്മിനു ആര്‍.എസ്.എസുമായുള്ള പൊക്കിള്‍കൊടി ബന്ധം. ആര്‍.എസ്.എസിന്റെ കേരളത്തിലെ ഏറ്റവും മികച്ച നേതാവായിരുന്നു കെ.ജി മാരാര്‍. ഈ കെ.ജി മാരാറിന്റെ പേരിലാണ് തലസ്ഥാനത്തെ ബി.ജെ.പിയുടെ ആസ്ഥാന മന്ദിരം. ഒട്ടുമിക്ക ജില്ലാ ആസ്ഥാന കെട്ടിടങ്ങളും കെ.ജി മാരാറുടെ നാമത്തില്‍ തന്നെയാണ്. എന്നാല്‍ 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവും ആര്‍.എസ്.എസുകാരനുമായിരുന്ന കെ.ജി മാരാര്‍ ഉദുമയില്‍ മത്സരിച്ചത് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. അന്ന് ജനസംഘം ജനതാപാര്‍ട്ടിയിലെ ഘടകമായിരുന്നെന്ന ന്യായമാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എങ്കിലും മത്സരിക്കുമ്പോള്‍ മാരാര്‍ ആര്‍.എസ്.എസുകാരനായിരുന്നു. ഇതേ മാരാറാണ് 1985ല്‍ ബി.ജെ.പിയുടെ പ്രസിഡന്റായത്.
ഒരു സംഘടനയുടെ ആദ്യഘട്ടത്തിലുണ്ടായ രാഷ്ട്രീയ സന്ധികളായും അന്നത്തെ രാഷ്ട്രീയസാഹചര്യത്തിന്റെ അനിവാര്യതയുമായൊക്കെ വേണമെങ്കില്‍ സി.പി.എമ്മിന് സമര്‍ഥിക്കാം. എന്നാല്‍ വര്‍ത്തമാനകാലത്തും രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലേയ്ക്ക് തിരിഞ്ഞാല്‍ സ്വാഭാവികമായും വിമര്‍ശിക്കപ്പെടുക മുന്‍ നിലപാടുകളും കൂടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."