സംവരണം സാമ്പത്തിക ഉത്തേജക പദ്ധതിയല്ല
സംവരണ പരിധി സംബന്ധിച്ച് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടയിലാണ് സംവരണം ഇനിയുമെത്ര കാലമെന്ന ചോദ്യം സുപ്രിംകോടതിയില്‍നിന്നുയര്‍ന്നത്. ഇതിനു ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ പറഞ്ഞ ഒരു വാക്ക് മാത്രമായിരിക്കും ഒറ്റവാചകത്തിലുള്ള മറുപടി. 'ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവസരസമത്വം ലഭിക്കുന്നതുവരെ സംവരണം തുടരണം' എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്.
അത് ഇന്നും പ്രസക്തമാണ്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും ഇപ്പോഴുള്ള സംവരണം ഇനിയും എത്രകാലം തുടരേണ്ടിവരുമെന്നതും കോടതിയുടെ ചോദ്യമാണ്. എന്ത് ഉദ്ദേശ്യലക്ഷ്യത്തോടെയായിരുന്നുവോ ഭരണഘടനാ ശില്‍പികള്‍ പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും സംവരണം ഉറപ്പുവരുത്തിയത്, ആ ലക്ഷ്യം ഇപ്പോഴും അകലെയാണ്. ആ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ മുന്‍പില്‍നിന്നു പ്രവര്‍ത്തിച്ചവരാകട്ടെ, ഭരണാധികാരികളും. വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റിയ സവര്‍ണവിഭാഗ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ലോബികളും കൂട്ടുചേര്‍ന്നു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും പിന്നോക്ക വിഭാഗങ്ങള്‍ക്കു കിട്ടേണ്ട അവസരങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ എങ്ങനെയാണ് സംവരണം അവസാനിപ്പിക്കാനാകുക?
രാജ്യത്തു മാറിയ സാമൂഹികസാഹചര്യം കണക്കിലെടുത്തു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണ പരിധി സംബന്ധിച്ച 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധിയും നിലവിലുള്ള സംവരണവും പുനഃപരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയുടെ വാദത്തിനിടെയാണ് മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ സുപ്രിംകോടതിയില്‍നിന്നുണ്ടായത്. സംവരണം കല്‍പ്പാന്തകാലത്തോളം തുടരണമെന്ന് ആരും അവശ്യപ്പെടുമെന്നു തോന്നുന്നില്ല. സംവരണംകൊണ്ട് എന്താണോ ഉദ്ദേശിച്ചത്, അതു പൂര്‍ത്തീകരിക്കപ്പെടാതിരിക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണര്‍ക്കു പത്തു ശതമാനം സംവരണം നല്‍കുകയും ചെയ്യുമ്പോള്‍ അസന്തുലിതാവസ്ഥ പിന്നെയും നീണ്ടുപോകുകയാണ്. സംവരണമെന്നതു സാമ്പത്തിക ഉത്തേജക പദ്ധതിയല്ലെന്ന് തിരിച്ചറിയാത്ത ഭരണാധികാരികള്‍ ഭരണത്തിന്റെ തലപ്പത്തുവരുമ്പോള്‍ സംവരണം ലക്ഷ്യം കാണുന്നതുവരെ തുടരേണ്ടിവരും. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവസരസമത്വവും നാനാരംഗങ്ങളിലും തുല്യാവസരവും ലഭിക്കുന്നതുവരെ സംവരണം അവസാനിപ്പിക്കാനാകില്ല.
അംബേദ്കര്‍ ജനാധിപത്യത്തെ ഭരണഘടനയില്‍ ചേര്‍ത്തത്, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമായി മാത്രമല്ല. പൗരന്റെ സാമൂഹിക ജനാധിപത്യം, അവസര ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം എല്ലാം അതില്‍ ഉള്‍ച്ചേരുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ലക്ഷ്യം കാണണമെങ്കില്‍ സംവരണംകൊണ്ട് എന്താണോ ഉദ്ദേശിച്ചത്, അതു യാഥാര്‍ഥ്യമാകണം. ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം വാര്‍ധക്യത്തിലേക്കു നീങ്ങിയിട്ടും തുല്യത എന്ന വാക്കിന്റെ അര്‍ഥഗരിമ ഉള്‍കൊള്ളുന്ന ജീവിത പശ്ചാത്തലം സാമൂഹിക ജീവിതത്തില്‍ അല്‍പമെങ്കിലും പ്രകടമായില്ല. അസമത്വത്തിനു പരിഹാരമായി ഭരണഘടനയില്‍ നിര്‍ദേശിക്കപ്പെട്ടതാണ് സംവരണം. സവര്‍ണന്റെ ദാരിദ്ര്യം ഉച്ഛാടനം ചെയ്യാനുള്ള പദ്ധതിയായിട്ടല്ല.
ചരിത്രപരമായ കാരണങ്ങളാല്‍ ചില വിഭാഗം പിന്നോക്കം പോയതാണ് സംവരണത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളില്‍ ജാതി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ജാതീയ വേര്‍തിരിവിന്റെ ഉപോല്‍പന്നമാണ് സാമ്പത്തിക പിന്നോക്കാവസ്ഥയും. ഇന്ത്യന്‍ ഭരണഘടനയുടെ 15 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങളില്‍ പ്രധാനമായും പ്രതിപാദിക്കുന്നതു സമത്വത്തെക്കുറിച്ചാണ്. ജാതീയതയുടെ പേരില്‍ ഒരു പൗരന് ഏതെങ്കിലും തരത്തിലുള്ള അവസരനിഷേധം ഉണ്ടാകുന്നുവെങ്കില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമായിട്ടാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍, അവര്‍ണന് അവസരം നിഷേധിച്ചതിന്റെ പേരില്‍ ഒരു സവര്‍ണനും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല. നിയമത്തിനു മുന്നിലുള്ള തുല്യതയും തുല്യ സംരക്ഷണവും ഭരണഘടന ഉറപ്പു നല്‍കുന്നതു പൗരനു മാത്രമല്ല, വ്യക്തികള്‍ക്കു കൂടിയാണ്. ഈ തുല്യതയുമായി ബന്ധപ്പെട്ടാണ് ഭരണഘടനയുടെ 15ഉം 16ഉം അനുച്ഛേദത്തില്‍ സംവരണാശയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനാ നിര്‍മാണസഭയില്‍ സംവരണത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതിന്റെ ഫലമായിട്ടായിരുന്നു അവസരസമത്വ ആശയത്തിലൂന്നിക്കൊണ്ടുള്ള സംവരണം ഭരണഘടനയില്‍ ലിഖിതമായത്.
പിന്നോക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കു സംവരണം വ്യവസ്ഥ ചെയ്തതു പത്തു വര്‍ഷത്തേക്കാണെന്ന രീതിയില്‍ സംവരണ വിരുദ്ധരില്‍നിന്നു വിമര്‍ശനം വന്നുകൊണ്ടിരിക്കുന്നത്, സംവരണം എന്ന തത്വത്തെ ഭരണഘടനയില്‍ ചേര്‍ത്തതിനെ തെറ്റായി മനസിലാക്കിയതിനാലാണ്. മതേതരത്വത്തിന് എതിരാണ് സംവരണമെന്നു വാദിക്കുന്നവരുമുണ്ട്. അതിന്റെ മറ്റൊരു വകഭേദമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന സാമൂഹ്യാവസ്ഥയിലെ പരിവര്‍ത്തനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തോടടുത്തിട്ടും പിന്നോക്ക, ന്യൂനപക്ഷ, ദലിത് വിഭാഗത്തിന്റെ സാമൂഹികാവസ്ഥയിലുള്ള അസമത്വം പഴയപടി തുടരുകയാണ്. ഇതിനു പരിഹാരം കാണാതെ, ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ സംവരണം അവസാനിപ്പിക്കാനാകില്ല. പട്ടികജാതി, പട്ടികവര്‍ഗകാര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകുന്ന അസമത്വത്തെക്കുറിച്ച് ഭരണഘടനാ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത് ശുഭോദര്‍ക്കമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."