ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ്; ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍. ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാല് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്.
ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ 5,000 റണ്‍സ് നേടിയ ആദ്യ താരമായ രോഹന്‍ പ്രേമിനെ ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ആദരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസഡിന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ. എം അബ്ദുര്‍റഹ്മാന്‍, വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് ആദ്യ മത്സരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."