കണ്ടയിനര്‍ ലോറിക്ക് തീ പിടിച്ചു
കളമശ്ശേരി: സിറിഞ്ച് കയറ്റി വന്ന കണ്ടയിനര്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരുക്കു കൂടാതെ രക്ഷപ്പെട്ടു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പൂജാരി വളവിനടുത്ത് വെള്ളിയാഴ്ച രാവിലെ 11.30നാണ് അപകടം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ഹരിയാനയില്‍ നിന്നും കുമ്പളത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയുടെ ഡ്രൈവറുടെ കാബിനകത്തു നിന്നാണ് തീ ഉയര്‍ന്നത്. ഇതോടെ ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ കാബിനു പുറകിലെ കണ്ടയിനറിലേക്കും പടര്‍ന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ത്യക്കാക്കര ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് ശക്തമായ പുക കാരണവും കണ്ടയിനര്‍ പൂട്ടിയിരുന്നതിനാലും വെള്ളം ചീറ്റിച്ച് തീ അണക്കാന്‍ കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ക്രയിനും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് കണ്ടയിനറിന്റെ പുറംചട്ട പൊളിക്കുകയായിരുന്നു.തുടര്‍ന്ന് കണ്ടയിനറിലുണ്ടായിരുന്ന പാക്കറ്റുകള്‍ വലിച്ചു പുറത്തേക്കിടുകയും വെള്ളം അടിച്ച് തീ അണക്കുകയുമായിരുന്നു.എന്നാല്‍ കാബിന് പൂര്‍ണ്ണമായി കത്തിനശിച്ചു.പിന്നീട് ക്രയിന്‍ ഉപയോഗിച്ച് ലോറി റോഡിനരികത്തേക്ക് മാറ്റുകയായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."