ബി.ജെ.പിയ്ക്ക് തിരിച്ചടി; പത്രിക തള്ളിയതിന് എതിരായ ഹരജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
കൊച്ചി: എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശേരിയില്‍ എന്‍.ഹരിദാസന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആര്‍.എം ധനലക്ഷ്മിയുടേയും പത്രികകളാണ് തള്ളിയത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥികളില്ലാതായി.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന്, തെരഞ്ഞെടുപ്പു കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതില്‍ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. എതിര്‍പ്പുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഹരജി നല്‍കാമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഹരജിയെ തുടര്‍ന്ന് ജസ്റ്റിസ് എന്‍. നഗരേഷ് ഇന്നലെ പ്രത്യേകം സിറ്റിങ് നടത്തിയിരുന്നു. സൂക്ഷ്മപരിശോധന സമയത്ത് പരിഹരിക്കാവുന്ന തെറ്റുകള്‍ മാത്രമാണ് പത്രികയിലുണ്ടായിരുന്നതെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
എ, ബി ഫോറങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ. അതിനാല്‍ സ്വതന്ത്രരായി മത്സരിക്കുന്നതിന് തടസമില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ജനപ്രതിനിധികളെ തെരഞ്ഞെടുത്തതിന് ശേഷമെ തെരഞ്ഞെടുപ്പ് ഹരജികള്‍ നിലനില്‍ക്കുകയുള്ളൂവെന്ന് കമ്മിഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് നാമനിര്‍ദേശപത്രികയില്‍ ഇല്ലെന്ന കാരണംപറഞ്ഞാണ് ഗുരുവായൂരിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തലശേരിയിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."