വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സി.പി.ഐയില്‍ ചേര്‍ന്നു
കാക്കനാട്: തൃക്കാക്കര മേഖലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന 60 ഓളം ആളുകള്‍ സി.പി.ഐയില്‍ ചേര്‍ന്നു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവിധ കാലങ്ങളില്‍ സി.പി.എം പുറത്താക്കിയവരും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പാര്‍ട്ടികളില്‍പ്പെട്ടവര്‍ രാജിവച്ചുമാണ് സി.പി.ഐയില്‍ ചേര്‍ന്നത്. സി.പി.ഐയിലേക്ക് കടന്നുവന്നവരെ സ്വീകരിക്കുന്നതിനായി കാക്കനാട് ജങ്ഷനില്‍ സംഘടിപ്പിച്ച പൊതു യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ എം.ജെ. ഡിക്‌സന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.കെ. സന്തോഷ് ബാബു, എഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, എം.ടി. നിക്‌സന്‍, എം. എബ്രഹാം, എന്‍.ഇ. നമ്പൂതിരി, എ.പി. ഷാജി, കെ.ടി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സി.പി.എം തോപ്പില്‍ മുന്‍ ബ്രാഞ്ച് അംഗം മോഹനന്‍, കാക്കനാട് ബ്രാഞ്ച് അംഗം ജയദേവന്‍, ഇടച്ചിറ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അസീസ് ഇടച്ചിറ തുടങ്ങിയവരാണ് പാര്‍ട്ടിയിലെത്തിയ പ്രമുഖര്‍. സി.പി.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ഗോപകുമാറിന്റെ മകളും ബാലസംഘം മുന്‍ ജില്ലാ ജോ. സെക്രട്ടറിയുമായ കീര്‍ത്തിയും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
തൃക്കാക്കര രാഷ്ട്രീയമായി സി.പി.ഐയുടെ ശക്തി കേന്ദ്രമല്ലെങ്കിലും ജില്ലാ ആസ്ഥാനമായ തൃക്കാക്കരയില്‍ നിന്ന് കൂടുതല്‍ നേതാക്കളും അണികളും പാര്‍ട്ടിയിലെത്തുന്നത് ഏറെ ഗുണപ്രദമാകുമെന്നാണ് സി.പി.ഐ കരുതുന്നത്.
അതേസമയം സി.പി.ഐയിലേയ്ക്ക് എത്തിയവരില്‍ കൂടുതലും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രവര്‍ത്തകരാണ്. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് കാക്കനാട്ട് നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."