ചെറിയാന്റെ വലിയ പിഴ
ച രിത്രം അങ്ങനെയാണ്. ചിലര്‍ ചരിത്രം കുറിക്കുമ്പോള്‍ മറ്റുചിലര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു. ചിലരെ ചരിത്രം മഹാന്മാരുമാക്കുന്നു. ആലപ്പുഴയിലെ സി.പി.എമ്മിലെ മഹാനുഭാവന്‍ മന്ത്രി സജി ചെറിയാനും മഹാന്‍മാരുടെ സര്‍വജ്ഞപീഠം കയറാന്‍ യോഗമുണ്ടായി.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നാട്ടില്‍ വിളംബരങ്ങളും പ്രസംഗങ്ങളും പലതും വിഖ്യാതമായിട്ടുണ്ട്. വൈദേശികാധിപത്യത്തിനെതിരേ സാക്ഷാല്‍ തലക്കുളത്ത് ചെമ്പകരാമന്‍ വേലുത്തമ്പി (വേലുത്തമ്പി ദളവ)യുടെ കുണ്ടറ വിളംബരം ചെന്നുതറച്ചത് ബ്രിട്ടിഷ് കമ്പനിപ്പട്ടാളത്തിന് നേര്‍ക്കായിരുന്നു. നിവര്‍ത്തനപ്രക്ഷോഭ നേതാവായിരുന്ന സി. കേശവന്റെ 1935 മെയ് 11ലെ കോഴഞ്ചേരി പ്രസംഗം ചെങ്ങന്നൂരുകാരന്‍ സജി ചെറിയാന്‍ പലതവണ വായിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമര്‍ശിച്ചായിരുന്നു സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം. ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളുടെ നേര്‍ക്കുള്ള ഗവണ്‍മെന്റിന്റെ നയത്തില്‍ പ്രതിഷേധിക്കുന്ന പ്രസംഗം, രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്ത് സി. കേശവനെ അറസ്റ്റ് ചെയ്തു. ഒരുവര്‍ഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷ. രണ്ടു മാസത്തേക്ക് എവിടെയും പ്രസംഗിക്കുകയും അരുത്.
പില്‍ക്കാലത്ത് രാജ്യം സ്വാതന്ത്ര്യവും പിണറായി തുടര്‍ഭരണവും നേടി. ഇതോടൊപ്പം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളില്‍ അല്‍പാല്‍പം വെള്ളം ചേരാനും തുടങ്ങിയതോടെയാണ് സജി ചെറിയാനിലെ പ്രസംഗകന്‍ ഉണര്‍ന്നത്. കോഴഞ്ചേരി പ്രസംഗം 87 വര്‍ഷം പിന്നിടവെയാണ് സജി ചെറിയാന്‍, ചെങ്ങന്നൂരിന് അടുത്തുള്ള മല്ലപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റിയുടെ പരിപാടിയില്‍ 'ഓണാട്ടുകര' ഭാഷയുമായി മൈക്ക് കൈയിലെടുത്തത്. രാഷ്ട്രീയഗുരു സാക്ഷാല്‍ അമ്പലപ്പുഴ കവി ജി. സുധാകരനെ മനസില്‍ ധ്യാനിച്ചായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ താളുകള്‍ സുവിശേഷകന്റെ മട്ടില്‍ മറിച്ചത്. ഭരണഘടനയില്‍ തൊട്ട് മന്ത്രിയായെങ്കിലും ഇതേ ഭരണഘടനയിലെ 'കുന്തവും കുടച്ചക്ര'വുമാണ് സജി ചെറിയാനെ ഏറെ വേദനിപ്പിച്ചത്. പാര്‍ട്ടിയുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കിയപ്പോഴാണ്, ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് തന്റെ കൈയിലുള്ളതെന്ന് സജി ചെറിയാന് തോന്നിയത്. മാത്രമല്ല. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യക്കാര്‍ എഴുതിവച്ചതും! പിണറായി രണ്ടാമതും മുഖ്യമന്ത്രിയായിട്ടും ഇതേ ഭരണഘടന രാജ്യത്ത് 75 വര്‍ഷമായി തുടരുന്നതും സഖാവിനെ ചിന്തിപ്പിച്ചു. രാജ്യത്ത് കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഒന്ന് ഭരണഘടനയാണെന്ന് അദ്ദേഹം സഖാക്കളെ ഓര്‍മിപ്പിച്ചു.
ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് ഉത്തമ കമ്മ്യൂണിസ്റ്റ് നാട്ടുകാരെ ഉദ്‌ബോധിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ കുന്തമുനകളും പ്രതിപക്ഷത്തിന്റെ കുടച്ചക്രവും സജിയെ രക്ഷിച്ചില്ല. സി. കേശവനെ പോലെ ജയിലിലായില്ല, പ്രസംഗ വിലക്കുമുണ്ടായില്ല. എന്നാല്‍ ഭരണഘടനയെന്ന വാക്കു കേള്‍ക്കുമ്പോള്‍ സജി ചെറിയാന് ഈയിടെയായി ചെറുതായി വിറയും പനിയുമൊക്ക ബാധിക്കുന്നുണ്ടെന്നു മാത്രം. മലയാളം അക്ഷരമാലയിലെ 'ഭ'യും ഉറക്കത്തിലും സഖാവിനെ വേട്ടയാടി.
'ശുംഭ'നെ കണ്ടുപിടിച്ച എം.വി ജയരാജനെ പോലുള്ളവര്‍ കുന്തവും കുടച്ചക്രവും തമ്മിലുള്ള ബന്ധം തേടി 2011ല്‍ പരിഷ്‌കരിച്ച ശബ്ദതാരാവലിയുടെ പതിപ്പില്‍ പോലും പരതി. വണ്‍, ടൂ, ത്രീയില്‍ ഉടുമ്പന്‍ചോലയില്‍ ഉണര്‍ന്ന സഖാക്കളുടെ സംഭാവന മണിയാശാന് കല്‍ത്തുറുങ്കായിരുന്നു. എന്നാല്‍ സജി ചെറിയാന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ വിഡിയോ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിറച്ചാണ് ചെങ്ങന്നൂരില്‍ ആഘോഷമാക്കിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോഴാണ്, കവി പറഞ്ഞ നഷ്ടപ്പെടുന്നതിന്റെ നഷ്ടവും സജി ചെറിയാന്‍ അറിഞ്ഞത്. പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്ന സജി ചെറിയാനെ ദുഃഖിപ്പിച്ചത് മന്ത്രിപദവിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ആറു മാസങ്ങളായിരുന്നു.
മരുന്നെടുത്ത് കിട്ടുന്നതു മുതല്‍ കാറിന്റെ ഡോര്‍ തുറന്നു തരുന്നതുവരെയുള്ള ചെറിയ പണികള്‍ക്കുപോലും 'കൈക്കല'ക്കൂട്ടാന്‍ ആളുണ്ടാകണമെങ്കില്‍ മന്ത്രിപ്പണിതന്നെ വേണമെന്ന തിരിച്ചറിവും ഈ സമയത്തുണ്ടായി. ഒന്നാം പ്രളയസമയത്ത് ഹെലികോപ്റ്ററുകളെ നോക്കി 'ചെങ്ങന്നൂരുകാരെ രക്ഷിക്കണേ' എന്ന സജിയുടെ രോദനം പാര്‍ട്ടിക്ക് ക്ഷീണമായെങ്കിലും വിവാദങ്ങള്‍ വിളയിച്ച് അതില്‍നിന്ന് വിഭവങ്ങള്‍ കൊയ്യുക സജി ചെറിയാന്റെ വൈഭവമാണ്.
കവടിയാര്‍ ഹൗസിലെത്തിയില്ലെങ്കിലും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ കവടിനിരത്തിയ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചെങ്ങന്നൂരിലെ ജനങ്ങളോടാണ് കടപ്പാട്. പ്രീതി നഷ്ടപ്പെടാതിരിക്കാന്‍ അധികാരം ഒഴിയുംവരെ ഗവര്‍ണറോട് സജി ചെറിയാന് ആദരവും സ്‌നേഹവുമുണ്ട്. തടസഹരജി നീങ്ങിയതും ഗവര്‍ണറും സര്‍ക്കാരും ഒന്നാണെന്നും ഗവര്‍ണര്‍ സീനിയര്‍ നേതാവാണെന്നും സജി ചെറിയാന്‍ പ്രഖ്യാപിച്ചതോടെ എല്ലാം കോംപ്ലിമെന്റായി. പീഡാനുഭവ കാലത്തണിഞ്ഞ മുള്‍ക്കിരീടം അഴിച്ചുവച്ച് എല്ലാ പിഴയും ഏറ്റുപറഞ്ഞ സജി ചെറിയാന്, പാര്‍ട്ടിയുടെ പിഴയ്ക്കാത്ത ചുവടുകളാണ് ഭരണഘടനയില്‍ തൊട്ട് വീണ്ടും സത്യപ്രതിജ്ഞ പുതുക്കാന്‍ എഴുന്നേറ്റപ്പോള്‍ ഗോവിന്ദാചാര്യന്‍ ചെവിയില്‍ പറഞ്ഞത്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."