HOME
DETAILS

ഹിജാബ് വിവാദത്തിൽ ഹൈക്കോടതി കാണാതെ പോയത്

  
backup
March 16 2022 | 19:03 PM

np-chekkutty-todays-article-17-03-2022

എൻ.പി ചെക്കുട്ടി


കർണാടകയിലെ ഉഡുപ്പി, കുന്താപുര പ്രദേശങ്ങളിലെ രണ്ടു കോളജുകളിലെ ഒമ്പത് മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിലിരുന്നു പഠിക്കാൻ തങ്ങളെ അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹരജി തിരസ്‌കരിച്ചു കർണാടക ഹൈക്കോടതി നൽകിയ വിധിന്യായം ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാർട്ടികളുടെയും മത-സാമൂഹിക സംഘടനകളുടെയും കടു
ത്ത എതിർപ്പും വിമർശനവുമാണ് ക്ഷണിച്ചുവരുത്തിയത്. പൗരസമൂഹത്തിൽ സാംസ്‌കാരികമായ ചിഹ്നങ്ങളും പാരമ്പര്യങ്ങളും നിലനിർത്തിക്കൊണ്ടു റിപ്പബ്ലിക്കിന്റെ വളർച്ചയിലും വികസനത്തിലും തുല്യ പങ്കാളികളായി പ്രവർത്തിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഈ ഉത്തരവ് അവഗണിക്കുന്നു എന്നതാണ് പ്രധാനമായും ഉയർന്നുവന്ന വിമർശനങ്ങളിലൊന്ന്. ഇത് തീർച്ചയായും പ്രസക്തമായ ഒരു വാദമുഖമാണ്. മാത്രമല്ല, സ്ത്രീകളുടെ വിദ്യാഭ്യാസം, സാമൂഹികമായ പങ്കാളിത്തം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ നിരവധി സുപ്രധാന വിഷയങ്ങളും ഈ വിധിയിൽ പരിഗണിക്കപ്പെടാതെ പോകുന്നുണ്ട്.


ഹിജാബ് മതപരമായി നിർബന്ധമാണോ മുസ്ലിം സ്ത്രീകൾക്ക് എന്ന ചോദ്യം മാത്രമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മതഗ്രന്ഥങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ അങ്ങനെയൊരു നിർബന്ധം ഇസ്ലാമിലില്ല എന്നാണ് കോടതി കണ്ടെത്തുന്ന ഉത്തരം. അതിനാൽ ഹിജാബ് ധരിച്ചു ക്ലാസിൽ ഇരിക്കാനുള്ള വിദ്യാർഥിനികളുടെ അഭ്യർഥന നിരസിക്കുന്നു. അവർക്കു വിദ്യാഭ്യാസം തുടരണമെങ്കിൽ അധികാരികൾ പറയുന്ന തരം വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ.


ഇത് നിയമത്തെയും സാമൂഹിക മര്യാദകളെയും ഏറ്റവും യാന്ത്രികമായി വ്യാഖ്യാനിക്കുന്നതും ചരിത്രവിരുദ്ധവും സാമൂഹിക പാരമ്പര്യങ്ങളെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തന്നെ ദീർഘകാല സമീപനങ്ങളെയും തിരസ്‌കരിക്കുന്നതുമായ ഒരു വിധിയാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ പറയേണ്ടിവരും. ഒന്നാമത്തെ കാര്യം, ഹിജാബ് മതപരമായി നിർബന്ധമോ അല്ലയോ എന്ന് നിശ്ചയിക്കുന്ന ചുമതല ഒരു വ്യവഹാരക്കോടതി ഏറ്റെടുക്കുന്നതിലെ വൈരുധ്യമാണ്. ഏതെങ്കിലും കാരണവശാൽ ഒരു മതപരമായ ആചാരം പൊതുസമൂഹത്തിനു ആപത്കരമായി വരികയാണെങ്കിൽ തീർച്ചയായും ഭരണാധികാരികളും ക്രമസമാധാനപാലകരും നീതിന്യായ വ്യവസ്ഥയും അതിൽ ഇടപെടുക തന്നെ വേണം. എന്നാൽ മുസ്‌ലിം സ്ത്രീകൾ വ്യാപകമായി ഉപയോഗിക്കുന്ന ഹിജാബ് ഏതെങ്കിലും രീതിയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നതായി സർക്കാരിനോ അധികാരികൾക്കോ വാദമില്ല. ആകെയുള്ളത് ബന്ധപ്പെട്ട വിദ്യാലയങ്ങൾ നിശ്ചയിച്ച യൂനിഫോമിൽ അത് നിർദേശിക്കപ്പെടുന്നില്ല എന്നത് മാത്രമാണ്. രാജ്യത്തു മിക്ക പൊതുവിദ്യാലയങ്ങളിലും യൂനിഫോം വ്യവസ്ഥയുണ്ട്; അവരാരും ഹിജാബിന്റെ പേരിൽ ആരുടെയും വിദ്യാഭ്യാസം തടയുന്നില്ല. അക്കാരണം കൊണ്ട് തന്നെയാണ് സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏതാനും മുസ്ലിം വിദ്യാർഥിനികൾ തങ്ങൾക്കു ഹിജാബ് ധരിക്കാൻ അനുമതി വേണം എന്ന് ബന്ധപ്പെട്ട വിദ്യാലയ അധികാരികൾക്ക് അപേക്ഷ നൽകിയത്. അതൊരു വിവാദവിഷയമാക്കിയത് പ്രദേശത്തെ സംഘ്പരിവാര സംഘടനകളാണ് എന്ന് വ്യക്തമാണ്. അവർ ഹിജാബിനെതിരേ പ്രചാരണം തുടങ്ങുകയും മറ്റു സമുദായങ്ങളിലെ വിദ്യാർഥികളെ കാവിത്തുണിയടക്കം ധരിച്ചുകൊണ്ട് ക്ലാസിൽ വരാൻ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് വിഷയം വലിയ വിവാദ പ്രശ്‌നമായതും ക്രമസമാധാനപ്രശ്നം എന്ന നിലയിൽ ആഴ്ചകളോളം വിദ്യാലയങ്ങൾ അടച്ചിടുന്നതിലേക്കു നയിച്ചതും.


ഈ വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. കാരണം മത-സാമുദായിക വിഭാഗങ്ങളുടെ സവിശേഷവും വ്യതിരിക്തവുമായ പാരമ്പര്യത്തെയും രീതികളെയും പൂർണമായി അവഗണിക്കുന്നതു വഴി ഇന്ത്യയുടെ റിപ്പബ്ലിക്കൻ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപത്തെത്തന്നെ അത് ചോദ്യം ചെയ്യുന്നു. ഒരു മതത്തിലെ നിർബന്ധിതവും അല്ലാത്തതുമായ ആചാര വിശേഷങ്ങളെ വേർതിരിച്ചെടുക്കുന്ന ജോലി കോടതി ഏറ്റെടുക്കാതിരിക്കുകയാണ് കൂടുതൽ ശരിയായ രീതി. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിൽ ന്യൂനപക്ഷ വിയോജനക്കുറിപ്പിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. പിന്നീട് സുപ്രിംകോടതിയുടെ തന്നെ വിപുലമായ ബെഞ്ച് അക്കാര്യം പരിഗണിക്കുകയും വിഷയത്തിന്റെ നാനാവശങ്ങളും വിശദ പരിശോധനക്കായി മാറ്റിവയ്ക്കുകയുമാണുണ്ടായത്.


രണ്ടാമത്തെ പ്രശ്നം, വിവിധ മതസമുദായങ്ങളുടെ അടിസ്ഥാന ആചാരങ്ങളുടെ ഭാഗമായതോ ഒരുപക്ഷേ അതിന്റെ ഓരങ്ങളിൽ നിലനിൽകുന്നതോ ആയ സാംസ്‌കാരിക സവിശേഷതകളെ പൊതുസമൂഹം വർജിക്കുന്നതും ബഹിഷ്‌കരിക്കുന്നതും ന്യായീകരിക്കാവുന്നതാണോ എന്ന ചോദ്യമാണ്. ഹിജാബ് ലോകത്തെ വിവിധ മുസ്ലിം സമുദായങ്ങളിൽ നിലനിൽക്കുന്ന രീതിയാണ് എന്ന കാര്യത്തിൽ കോടതിക്കും സംശയമില്ല. മാത്രമല്ല, വടക്കേ ഇന്ത്യയിലെങ്കിലും ഹിന്ദുക്കൾക്കിടയിൽ സമാനമായ ആചാരം നിലവിലുണ്ട് എന്നതും വസ്തുതയാണ്. തലയും മുഖവും പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന രീതി ഹിന്ദു പാരമ്പര്യങ്ങളുടെ ഭാഗമല്ലെന്നും അതിനാൽ അത്തരം രീതികൾ വിദ്യാലയങ്ങളിലോ സർക്കാർ ഓഫിസുകളിലോ പാടില്ലെന്നും ഏതെങ്കിലും കോടതിക്ക് വിധിക്കാനാവുമോ? മുൻകാലത്തു മലബാറിലും തിരുവിതാംകൂറിലും താണജാതിയിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അതിനാൽ അവർ അതേ പാരമ്പര്യം തുടരണം എന്ന് ഏതെങ്കിലും കോടതി പറയുമോ? അത്തരം കാര്യങ്ങളിൽ അതാതിടത്തെയും കാലത്തെയും രീതികൾക്ക് അനുസരിച്ചു ബന്ധപ്പെട്ടവർ സമവായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുകയാണ് ഏറ്റവും പ്രായോഗികം. അതല്ലെങ്കിൽ ഒരു പൊതുവിദ്യാലയ സംവിധാനം എന്നതു രാജ്യത്തെ മഹാഭൂരിപക്ഷം വിദ്യാർഥികൾക്കും അപ്രാപ്യമായി മാറിയെന്നു വരും.
പൊതുവിദ്യാലയങ്ങളിലെ ഭൂരിപക്ഷ സമുദായ മുൻവിധികളും അവർ അടിച്ചേൽപ്പിക്കുന്ന വിധിനിഷേധങ്ങളും ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികളെ അവയിൽനിന്ന് അകറ്റുന്ന അവസ്ഥയാണ് സംജാതമാകുക. ഇപ്പോൾ ഹിജാബ് കേസിൽ കോടതി തങ്ങളുടെ ആവശ്യം തിരസ്‌കരിച്ച സാഹചര്യത്തിൽ കോളജിലേക്ക് തിരിച്ചുപോകുന്ന പ്രശ്‌നമില്ല എന്നാണ് ചില വിദ്യാർഥിനികൾ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസം വഴിയുള്ള സ്ത്രീകളുടെ ശാക്തീകരണം യഥാർഥത്തിൽ ഇന്ത്യൻ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അതിനു തുരങ്കംവയ്ക്കുന്ന വിധിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോടതികൾ വഴിയുള്ള സാമൂഹിക പരിഷ്‌കരണ ശ്രമങ്ങൾ ഒരിക്കലും ബന്ധപ്പെട്ട സമൂഹങ്ങളുടെ പിന്തുണയില്ലാതെ വിജയിപ്പിക്കാൻ കഴിയില്ല. ഷാബാനു കേസിൽ രാജ്യം കണ്ടറിഞ്ഞ ഒരു യാഥാർഥ്യമാണത്. എന്നാൽ വിവാഹമോചിത സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന വിഷയത്തിൽ സമുദായനേതൃത്വത്തിന്റെ കൂടി പിന്തുണയോടെ പിന്നീട് സമവായത്തിൽ എത്താൻ രാജ്യത്തെ ഭരണാധികാരികൾക്ക് കഴിഞ്ഞു. ഹിജാബ് അടക്കമുള്ള വിഷയങ്ങളിലും അത്തരത്തിൽ സമവായത്തിന്റെ അന്തരീക്ഷം കണ്ടെത്താൻ ഒരു പ്രയാസവുമില്ല. എന്നാൽ മുസ്ലിം സമൂഹത്തെ അപരവത്കരിക്കുകയും ഇസ്ലാംഭീതിയുടെ പശ്ചാത്തലത്തിൽ നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്കു അതിൽ താൽപര്യം ഉണ്ടാകാനിടയില്ല. അതിനാൽ ഇത്തരം വിഷയങ്ങൾ നമ്മുടെ സമൂഹ ജീവിതത്തെ ഇനിയുള്ള നാളുകളിലും കൂടുതൽ കലുഷിതമാക്കും.


കൊളോണിയൽ ഭരണകൂടം ഇന്ത്യയെ വിഭജിച്ചു ഭരിക്കാനാണ് താൽപര്യം കാണിച്ചത്. എന്നാൽ സാമൂഹിക പുരോഗതിയുടെ പേരിൽ ഏകപക്ഷീയമായ ഉത്തരവുകൾ ഗുണം ചെയ്യില്ല എന്നു അവർ പോലും കണ്ടറിയുകയുണ്ടായി. സതി പോലുള്ള ദുരാചാരങ്ങൾ ആദ്യകാല ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ നിരോധിച്ചെങ്കിലും പിൽക്കാലത്തു ഇന്ത്യൻ ദേശീയപ്രസ്ഥാനം സ്ത്രീകളുടെ വിമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധികാരികൾ ഇടപെടുന്നതിൽ എതിർപ്പാണ് പ്രകടിപ്പിച്ചത് എന്നു ദേശീയ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിലൊക്കെ വൈദേശിക ഭരണാധികാരികൾ ഇടപെടേണ്ടതില്ല എന്നതായിരുന്നു അവരുടെ നിലപാടെന്നു പാർത്ഥാ ചാറ്റർജിയെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം, നിയമമന്ത്രി അംബേദ്ക്കറുടെ മുൻകൈയിലാണ് പിന്നീട് ഹിന്ദു സ്വത്തവകാശ നിയമം പോലുള്ള സുപ്രധാന നിയമനിർമാണങ്ങൾ കൊണ്ടുവന്നത്. അതേസമയം, ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതലോടെയും വിവേകത്തോടെയുമാണ് അന്ന് ഭരണകൂടം പ്രവർത്തിച്ചത്. ഏകീകൃത സിവിൽ കോഡ് എന്ന ആശയം അക്കാലത്തു ഇന്ത്യൻ ഭരണാധികാരികൾ തിരസ്‌കരിക്കുകയായിരുന്നു. കാരണം ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളുടെ അധികാര പങ്കാളിത്തം ഇന്ത്യയിൽ തുലോം പരിമിതമായിരുന്നു. അതിനാൽ അവരെക്കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടു നിലപാടുകൾ സ്വീകരിക്കാൻ സമയം വേണം എന്നതായിരുന്നു കാഴ്ചപ്പാട്. ഇന്ത്യൻ മുസ്ലിംകളുടെ അധികാര പങ്കാളിത്തവും സാമൂഹിക-സാമ്പത്തിക അവസ്ഥയും സംബന്ധിച്ച സച്ചാർ കമ്മിഷൻ റിപ്പോർട്ട് നൽകുന്ന സൂചനകൾ ഇന്നത്തെ അധികാരികളോ കോടതികൾ പോലുമോ കണക്കിലെടുക്കുന്നതായി കാണുന്നില്ല. പക്ഷേ തുല്യതയുടെ അടിസ്ഥാനത്തിൽ സാധ്യമാകുന്ന സാമൂഹിക സമവായവും പങ്കാളിത്തവുമില്ലാതെ ഇന്ത്യയ്ക്ക് ഇന്നത്തെ ലോകത്തിൽ മുന്നേറാൻ സാധിക്കുകയില്ല എന്നതാണ് നമ്മുടെ അനുഭവപാഠം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago