പുനർവായിക്കേണ്ട ആഫ്രിക്ക
അഭിഷേക് പള്ളത്തേരി
ലോകത്തിനു മുന്നിൽ ഇന്നും അധികം അറിയപ്പെടാതെ കഴിയുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. മറ്റേതു രാജ്യങ്ങളെ പോലെ സമ്പുഷ്ടമായ ചരിത്രവും സാംസ്കാരിക സവിശേഷതകളുമുള്ള ആഫ്രിക്കൻ രാജ്യങ്ങളെ അടുത്തറിയാൻ സാധിച്ചാൽ മലയാളികൾക്കിത് മറ്റൊരു ഗൾഫായി മാറാൻ സാധ്യതയുള്ള പ്രദേശമാണ്. എന്നാൽ അനന്തമായ സാധ്യതകൾക്കൊപ്പം അതിലേറെ പ്രതിസന്ധികളും തരണം ചെയ്യേണ്ടതുണ്ട്. ആഫ്രിക്കയെ അറിയുക എന്നുള്ളതാണ് ആഫ്രിക്കയിലെ ആദ്യത്തെ കടമ്പ.
തർക്കശാസ്ത്ര വിശാരദന്മാർക്കു പോലും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഗഹനമായ ചോദ്യങ്ങൾക്കു നിമിഷാർധത്തിൽ ഉത്തരം ലഭ്യമാകുന്ന കാലമാണിത്. ആധികാരികത ആരും നിഷ്കർഷിക്കുന്നില്ല. പക്ഷേ,ഓരോരുത്തരുടെ അഭിരുചിക്കനുസൃതമാകണം ഉത്തരം എന്നു മാത്രം. എന്നാൽ നിർവചിക്കാനാത്ത ചോദ്യത്തിനും ഉത്തരത്തിനും വേദിയാണ് ആഫ്രിക്കൻ സംസ്കൃതി. സാഹസികത, ഭ്രമാത്മകത, കാൽപനികത, ദുരൂഹത, ക്രൂരത തുടങ്ങി ഏതു വിഭാഗത്തിലും വ്യതിരിക്തതയും ഉത്തുംഗതയും പുലർത്തിവരുന്ന, അറിയുന്തോറും അകന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ആഫ്രിക്കൻ സംസ്കാരവും ജീവിതവും. തുടർച്ചയായ അധിനിവേശങ്ങളും അനൈക്യവും കാരണം പുരോഗതിയുടെ പ്രവേശനകവാടം ഭാഗികമായി തുറന്നുവച്ച ഒരു ഭൂഖണ്ഡത്തെ, അവിടുത്തെ ജനതയെ അറിയുവാനുള്ള ശ്രമമാണിവിടെ.
മരണമില്ലാത്ത ആത്മാവ്
ആധുനികയുഗത്തിലും നിർവചിക്കാൻ ബുദ്ധിമുട്ടുള്ള ഗോത്രവർഗ ആചാരങ്ങളാണ് ആഫ്രിക്കയെ തീർത്തും വ്യത്യസ്തമാക്കുന്നത്. മതമേതായാലും അദൃശ്യമായ ചില നൂലിഴകൾ ഒരു ജനതയെ ബന്ധിപ്പിച്ചിട്ടുണ്ടാവാം. അത് ഏറെ അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ഒരുപാട് സമാനതകൾ ആഫ്രിക്കൻ സംസ്കൃതിയിലും കാണാൻ സാധിക്കും. ‘മരണമില്ലാത്ത ആത്മാവ് ’ ആണ് അതിലൊന്ന്. മറ്റു മതങ്ങൾ ആഫ്രിക്കയിൽ വരുന്നതിനു മുമ്പ് ഓരോ ഗോത്രവിഭാഗത്തിനും സമ്പുഷ്ടമായ ആചാരങ്ങളും ദൈവങ്ങളും ഉണ്ടായിരുന്നു. അതിനാലായിരിക്കാം തദ്ദേശീയമായ അവരുടെ ആചാരങ്ങൾ ഇപ്പോഴും പുതുമതങ്ങളിൽ നിഷിദ്ധമാണെങ്കിലും തുടർന്നുപോരുന്നത്.
അഭയാർഥികളിലൂടെയും മിഷനറിമാരിലൂടെയും സെമിറ്റിക് മതങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എത്തിപ്പെട്ടപ്പോൾ, ആഫ്രിക്കൻ മതാചാരങ്ങൾ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത് പതിനഞ്ചാം നൂറ്റാണ്ടു മുതൽ വ്യാപകമായ അടിമവ്യാപാരത്തിലൂടെയാണ്.ആത്മാവുകളെ ആരാധിക്കുകയും അവരെ തൃപ്തരാക്കാൻ മന്ത്രവാദികളെ കൂട്ടുപിടിക്കുകയും ആഫ്രിക്കയിൽ സാധാരണമാണ്.ദൈവികശേഷിയുണ്ടെന്നവകാശപ്പെടുന്നവരുടെ പ്രവാചകഘോഷണവും പ്രസംഗവും കേട്ടിരിക്കുവാൻ ആഫ്രിക്കൻ ജനത താൽപര്യപ്പെടുന്നു എന്നുകൂടി ചേർത്തു വായിക്കുക.
ജ്യോതിശാസ്ത്രവും വാസ്തുവിദ്യയും എല്ലാം ഭാരതീയ സംസ്കാരത്തിൽ മതവിശ്വാസങ്ങൾക്കുപരിയായി എങ്ങനെ സന്നിവേശിച്ചിരിക്കുന്നു എന്നതു പോലെയാണ് ആഫ്രിക്കയിൽ അവരുടെ തനതു ആചാരങ്ങളും ബിംബങ്ങളും എല്ലാം ഇപ്പോഴുംആധിപത്യം പുലർത്തിക്കൊണ്ടുവരുന്നത്.
ഇരുണ്ട ഭൂഖണ്ഡം
ലോകത്തു സ്വർണം കണ്ടെത്തിയതിനുശേഷം അപൂർവമായേ വൻതോതിലുള്ള വിലക്കുറവ് അനുഭവപ്പെട്ടിട്ടുള്ളൂ. പതിമൂന്നാം നൂറ്റാണ്ടിൽ മെൻസ മൂസാ എന്ന ചക്രവർത്തി മാലി എന്ന പശ്ചിമ ആഫ്രിക്ക ഭരിക്കുമ്പോഴായിരുന്നു ആദ്യമായി വൻതോതിൽ വിലക്കുറവുണ്ടായത്. തന്റെ മക്ക യാത്രയ്ക്കിടയിൽ പത്തു ടണ്ണിലധികം സ്വർണം യാത്രാമധ്യേ പാവങ്ങൾക്കായി വിതരണം ചെയ്ത കാരണത്താലാണ് സ്വർണവില ഇടിഞ്ഞതത്രെ. അന്നത്തെ ലോകത്തെ ഏറ്റവും സമ്പന്നൻ ഈ രാജാവായിരിക്കണം. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടാൻ കാരണം അവരുടെ കറുത്ത നിറം മാത്രമല്ല, ആർത്തിപൂണ്ട യൂറോപ്യരിൽ നിന്ന് പതിനാറാം നൂറ്റാണ്ടുവരെ മറഞ്ഞുനിന്നതിനാൽകൂടി ആയിരിക്കണം.
ആഫ്രിക്കയെ ആഫ്രിക്കയാക്കുന്നത് അവരുടെ ആചാരം, സംഗീതം, നൃത്തം തുടങ്ങിയ പ്രത്യേകതകളാണ്. വാമൊഴിയും പഴഞ്ചൊല്ലും ഭാരതീയർക്ക് ഏറെ സുപരിചിതമെന്നതുപോലെ, ആഫ്രിക്കൻ സംസ്കാരം രൂപപ്പെട്ടുവരുന്നതിൽ പഴഞ്ചൊല്ലിനുള്ള പങ്കു വലുതാണ്. പൂർവികരുടെ ആത്മാവും അവരുടെ കോപവും അനുഗ്രഹവുമാണ് ഇന്നത്തെ എന്തിനും കാരണമെന്നും അതിന് പ്രായശ്ചിത്തം ചെയ്യുക ഓരോരുത്തരുടെയും കടമയാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.
ആഫ്രിക്കൻ സംസ്കാരത്തിന്റെ അലയൊലികൾ ചെറുതായി കേരളത്തിലും എത്തിയിട്ടുണ്ടെങ്കിലും (ഉദാഹരണം, കാപ്പിരി മുത്തപ്പൻ തുടങ്ങിയ ദൈവങ്ങൾ) പ്രധാനമായി സാംസ്കാരിക വിശ്ലേഷണത്തിനു വിഘാതമായത് ആഫ്രിക്കയിൽനിന്ന് ഒരു ഇതിഹാസം പൊതുധാരയിൽ വന്നില്ല എന്നുള്ളതാണ്. എന്നാൽ അവരുടെ വാമൊഴികളിലും പഴഞ്ചൊല്ലുകളിലും നിറഞ്ഞുനിൽക്കുന്ന പലതും ഇതിഹാസകഥകൾക്കു നിദാനമാകേണ്ടതാണ്.
പത്തൊമ്പതാം നൂറ്റാണ്ടോടു കൂടിയാണ് വൈദേശിക മതങ്ങൾ ആഫ്രിക്കയെ പൂർണമായും പുകഴ്ന്നത്. ഇത് തദ്ദേശീയമായ പല മതങ്ങൾക്കും അന്ത്യം കുറിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരരും ഏകാധിപതികളുമായ ഭരണാധികാരികളെ സൃഷ്ടിച്ച ഒരു ഭൂഖണ്ഡം കൂടിയാണ് ആഫ്രിക്ക. സ്വപ്നത്തിൽ കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽവച്ച് പോലും തീരുമാനം എടുത്തിരുന്ന ഈദി അമീൻ ഇന്ത്യക്കാരെയും മറ്റു ഏഷ്യൻ വംശജരെയും ഉഗാണ്ടയിൽ നിന്ന് പുറന്തള്ളാൻ പറഞ്ഞ ന്യായങ്ങളിൽ ഒന്ന് സ്വപ്നത്തിൽ ദൈവം കൽപിച്ചരുളിയതിനനുസരിച്ചു എന്നാണ്.
ധനികർ കൂടുതൽ ധനികരാവുന്ന ആഗോളപ്രതിഭാസം ഇന്നത്തെ ആഫ്രിക്കയിൽ വളരെ പ്രകടമാണ്. വ്യവസ്ഥിതിയിൽ അഴിമതി ശാസ്ത്രീയമായി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇന്നത്തെ ആഫ്രിക്കയെപ്പറ്റി സംശയം ഉണരാമെങ്കിലും അക്രമത്തിനും അഴിമതിക്കും അന്യായത്തിനും എതിരേ വ്യക്തമായ നിയമവ്യവസ്ഥ ഉണ്ടായിരുന്ന ഗോത്രവർഗമായിരുന്നു ആഫ്രിക്കയിലേത്.
മതവും രാഷ്ട്രീയവും രണ്ടല്ല, ഒന്നാണ് എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് ആഫ്രിക്കൻ രാഷ്ട്രീയത്തെ കൂപ്പുകുത്തിച്ചത് ദേശീയതയുടെ പേരുപറഞ്ഞു അധികാരം പിടിക്കാൻ ശ്രമിച്ച സ്വാർഥരാഷ്ട്രീയക്കാരാണ്.
ഗോത്രത്തനിമ പ്രകടമാക്കുന്ന പല ശാരീരിക പ്രതിഭാസങ്ങളും ആഫ്രിക്കയിൽ കാണാം. മുട്ടിനു താഴെ നീണ്ടുനിൽക്കുന്ന കൈകളും നീളമേറിയ കാലുകളുമുള്ള മസായി ഗോത്രവർഗം കെനിയയിലും ടാൻസാനിയയിലും ഏറെയുണ്ട്. എങ്കിലും ചുണ്ടു മുറിച്ചു വലിയ ലോഹ വളയം ഇടുന്ന എത്യോപ്യയിലെ മുർസി ഗോത്രവർഗത്തിന്റേതുപോലുള്ള, ശാരീരിക പീഡനപർവം ആഫ്രിക്കയിൽ വ്യാപകമായി പ്രകടമാണ്.
വിജയികൾ രചിക്കുന്ന ചരിത്രം
‘വിജയികൾ രചിക്കുന്നതാണ് ചരിത്രം’ എന്ന ചൊല്ല് അക്ഷരംപ്രതി ശരിയാണെന്ന് നമ്മൾ അറിയുന്ന ആഫ്രിക്കൻ ചരിത്രഗാഥ വിളിച്ചോതുന്നു. വെള്ളക്കാർ തങ്ങളുടെ കൊടുംചെയ്തികളെ ന്യായീകരിച്ചുകൊണ്ട് അവരുടേതായ കാഴ്ചപ്പാടിൽ രചിച്ച ചരിത്രമാണ് നമ്മൾ കേട്ടറിഞ്ഞിട്ടുള്ളൂ. ഏതു പുരാതന സംസ്കൃതിയെപ്പോലെ സ്വയംപര്യാപ്തമായ ആഫ്രിക്ക എങ്ങനെ സ്വന്തം സ്വത്വബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയായി മാറിയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിലേറെ പ്രധാനം യൂറോപ്യന്മാർ തകർത്ത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."