മരണക്കെണിയൊരുക്കി അത്താണി- മാഞ്ഞാലി റോഡ്
നെടുമ്പാശ്ശേരി: അത്താണി മാഞ്ഞാലി റോഡില്‍ മരണ കുഴികള്‍ പെരുകി അപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതരുടെ നിസംഗത തുടരുന്നു. കുഴികള്‍ പെരുകിയതോടെ ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
റോഡിലെ അഞ്ച് കിലോമീറ്ററിനിടയില്‍ രൂപം കൊണ്ട കുഴികള്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മെറ്റലില്‍ ടാര്‍ ഒഴിച്ച് മൂടിയെങ്കിലും കനത്ത മഴയില്‍ ദിവസങ്ങള്‍ക്കകം വീണ്ടും കൂടുതല്‍ തകരുകയായിരുന്നു. ചെങ്ങമനാട് ഇന്ത്യന്‍ ബാങ്ക് ഇറക്കത്തില്‍ ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പിന് സമീപം റോഡിന് കുറുകെ പകുതിയോളം വ്യാപിച്ച നിലയില്‍ രൂപം കൊണ്ടിട്ടുള്ള കുഴിയില്‍ ഇതിനകം നിരവധി പേരാണ് അപകടത്തില്‍ പെട്ടത്.
റോഡിന് തീരെ വീതി കുറഞ്ഞ ഈ ഭാഗത്ത് ഇറക്കവും വളവും ഉള്ളതിനാല്‍ അപകട സാധ്യത ഏറെയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്. പലപ്പോഴും രാത്രിയിലാണ് അപകടം. മഴ പെയ്ത് കുഴിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ പിന്നെ ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹമായി മാറുകയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഏറ്റവും തിരക്കുള്ള റോഡുകളില്‍ ഒന്നാണ് ഇത്.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ തേലത്തുരുത്ത് സ്വദേശികളായ ദമ്പതികള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ട് റോഡിലേക്ക് മറിഞ്ഞുവീണെങ്കിലും ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടം ഒഴിവായത്.
ഇതിന് തൊട്ടടുത്താണ് ഒരു വര്‍ഷം മുന്‍പ് കാംകോ ജീവനക്കാരനായിരുന്ന പനയക്കടവ് സ്വദേശി ഖാലിദ് അപകടത്തില്‍ മരണമടഞ്ഞത്. ഒരു ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഇവര്‍ക്ക് തൊട്ടു മുന്നില്‍ പോകുകയായിരുന്ന ചരക്കു ലോറി മുന്നിലെ വന്‍കുഴി കണ്ട് പെട്ടെന്ന് ബ്രെയിക്ക് ചെയ്തതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് മറിയുകയും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ് റോഡിലേക്ക് മറിഞ്ഞു വീണ ഖാലിദിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഇപ്പോള്‍ അത്താണി ജംഗ്ഷന്‍ മുതല്‍ ചാലാക്കല്‍ വരെയുള്ള ഭാഗത്ത് നിരവധിയിടങ്ങളിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്. അത്താണി ജംഗ്ഷന്‍, അത്താണി ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിക്ക് സമീപമുള്ള വളവ്, പുത്തന്‍തോട്, ചെങ്ങമനാട് സെന്റ് ആന്റെണീസ് പള്ളിക്ക് സമീപം, ശ്രീരംഗം ഓഡിറ്റോറിയത്തിനടുത്തുള്ള വളവ്, ചെങ്ങമനാട് എല്‍.പി സ്‌ക്കൂളിന് മുന്‍വശം, ആശുപതി പടി, പാലപ്രശ്ശേരി മൊബൈല്‍ ടവറിനു സമീപം, ചുങ്കം വളവ്, തെക്കെ അടുവാശ്ശേരി, കുറ്റിയാല്‍, കുറ്റിപ്പുഴ കൃസ്തുരാജ് ഹൈസ്‌ക്കൂളിനു സമീപം, ജെ.ബി.എസ് സ്‌ക്കൂള്‍, കെ.എസ്.ഇ.ബി ജംഗ്ഷന്‍, കുന്നുകര, ചാലാക്കല്‍ മെഡിക്കല്‍ കോളേജിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് കുഴികള്‍ രൂക്ഷമായിട്ടുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടും അധികൃതര്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."