സിഹ്‌റ് ബാധ, ഹദീസ് നിഷേധം: മുജാഹിദുകള്‍ വീണ്ടും പിളര്‍പ്പിലേക്ക്
കോഴിക്കോട്: ആദര്‍ശ വ്യതിയാനങ്ങളില്‍ ആടിയുലഞ്ഞ് പരസ്പരം പോരടിക്കുന്ന മുജാഹിദ് വിഭാഗത്തില്‍ പ്രതിസന്ധി രൂക്ഷം. സിഹ്‌റ് (മാരണം) ബാധയെ കുറിച്ച് ആധികാരികമായി മറുപടി പറയാതെ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു. ഇതിനിടെയാണ് സമ്മേളനത്തില്‍ ഹദീസ് നിഷേധ നിലപാട് സ്വീകരിച്ചതിനെതിരേ ഔദ്യോഗികമായി തീരുമാനമെടുക്കാന്‍ കഴിയാതെ മുജാഹിദ് നേതൃത്വം പരുങ്ങലിലായത്. പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമാ പുനഃസംഘടിപ്പിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ സലഫിയെയും ഹുസൈന്‍ മടവൂരിനെയും പുറത്താക്കിയതോടെ വിഭാഗീയതയ്ക്ക് ആക്കംകൂടുകയും ചെയ്തു.
മുജാഹിദ് സമ്മേളന പ്രചാരണാര്‍ഥം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിഹ്‌റിന് ഫലസിദ്ധിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു കെ.എന്‍.എം ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ പ്രതികരണം. ഇതിനെതിരേ കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മാരണത്തിന് യാതൊരു ഫലസിദ്ധിയുമില്ലെന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടില്‍ മാറ്റംവരുത്തിയത് എന്തിനാണെന്ന് അബ്ദുല്ലക്കോയ മദനി വ്യക്തമാക്കണമെന്നും പ്രസ്ഥാനത്തിന്റെ മറവില്‍ മാരണവും കൂടോത്രവും ബാധയിറക്കലും ജിന്ന് ചികിത്സയും അനുവദിക്കില്ലെന്നും മര്‍കസുദ്ദഅ്‌വ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
മാരണം, ജിന്ന്, പിശാച് തുടങ്ങിയ വിഷയങ്ങളെ തുടര്‍ന്ന് ഭിന്നിച്ച മുജാഹിദ് വിഭാഗം പിളരുകയും പിന്നീട് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒന്നിക്കുകയും ചെയ്‌തെങ്കിലും വീണ്ടും അകലുകയായിരുന്നു. വിവാദ വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ പാടില്ലെന്നായിരുന്നു വ്യവസ്ഥ. ഇതിനു വിരുദ്ധമായി കെ.എന്‍.എം ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ സംഘടനാ സെക്രട്ടറിയായിരുന്ന എ. അസ്ഗറലി ലേഖനം പ്രസിദ്ധീകരിച്ചതോടെ ബന്ധം ഉലഞ്ഞു. പഴയ മടവൂര്‍ വിഭാഗം മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ പുനഃസംഘടിക്കുകയും ചെയ്തു. എന്നാല്‍, പ്രസ്തുത ഗ്രൂപ്പിന് നേതൃത്വം നല്‍കിയ ഹുസൈന്‍ മടവൂര്‍ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിലകൊള്ളുകയായിരുന്നു.
സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്ന സര്‍ക്കുലറിന് നേതൃത്വം നല്‍കിയ പഴയ സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സലഫിയെ ഇത്തവണ സംഘടനാ തിരഞ്ഞെടുപ്പില്‍ ഭാരവാഹിത്വത്തില്‍നിന്ന് തഴഞ്ഞിട്ടുണ്ട്. നേരത്തേ ഔദ്യോഗിക മുജാഹിദ് വിഭാഗത്തെ നിയന്ത്രിച്ചിരുന്നത് അബ്ദുര്‍റഹ്മാന്‍ സലഫിയായിരുന്നു. പിളര്‍പ്പാനന്തരം പഴയ മടവൂര്‍ ഗ്രൂപ്പ് തലവനായ ഹുസൈന്‍ മടവൂര്‍ ഔദ്യോഗിക വിഭാഗത്തില്‍ കടന്നുവന്നതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷതയോടെ പ്രകടമായി.
ഹുസൈന്‍ മടവൂരിന് മെമ്പര്‍ഷിപ്പ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സലഫിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസ്തുത നീക്കത്തിനെതിരേ ഔദ്യോഗിക പക്ഷം നേതാക്കളായ ടി.പി അബ്ദുല്ലക്കോയ മദനി അടക്കമുള്ളവര്‍ നിലകൊള്ളുകയും അബ്ദുര്‍റഹ്മാന്‍ സലഫിയെ വെട്ടിനിരത്താന്‍ കരുനീക്കുകയും ചെയ്തു. നിലവില്‍ എട്ടിലധികം വിഭാഗങ്ങളിലായി വേറിട്ട് പ്രവര്‍ത്തിക്കുന്ന മുജാഹിദ് സംഘടനകള്‍ക്കിയില്‍ തഴയപ്പെട്ട രണ്ടു നേതാക്കള്‍ വ്യത്യസ്ത അഭിപ്രായവുമായി പുതിയ സംഘടന രൂപീകരിക്കാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. രണ്ട് ജില്ലകളില്‍ മാത്രമേ നിലവില്‍ ആധിപത്യമുള്ളൂവെന്നതാണ് അബ്ദുര്‍റഹ്മാന്‍ സലഫിയുടെ നീക്കത്തിന് തിരിച്ചടിയാകുന്നത്.
സമ്മേളനത്തില്‍ കാര്യമായ റോള്‍ ലഭിക്കാത്തതില്‍ നിരാശനാണെങ്കിലും മുജാഹിദിന്റെ പിളര്‍പ്പിന് നേതൃത്വം നല്‍കി പഴികേട്ട ഹുസൈന്‍ മടവൂര്‍ വീണ്ടും ഒരു വിഭാഗീയതക്ക് കൂടി നേതൃത്വം നില്‍കാന്‍ സന്നദ്ധനല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പത്താം സമ്മേളനത്തോടെ ഹദീസ് നിഷേധത്തിലേക്ക് പ്രകടമായി രംഗത്തു വരികയും അതിനെതിരേ നിലപാട് സ്വീകരിക്കാന്‍ കഴിയാതെയാവുകയും ചെയ്ത മുജാഹിദ് നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്. മുസ്‌ലിം പണ്ഡിത ലോകം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രസിദ്ധമായ രണ്ട് ഹദീസുകളെ പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരി തള്ളിപ്പറയുകയും അതിനെതിരേ പിന്നീട് സംസാരിച്ച സക്കരിയ മൗലവി രംഗത്ത് വരികയും ഹദീസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഈ രണ്ട് ഹദീസുകളും തങ്ങളുടെ കേവലയുക്തിക്ക് നിരക്കാത്തതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പഴയ മടവൂര്‍ വിഭാഗത്തിന്റെ നേതാവ് കൂടിയായ കുട്ടശ്ശേരിയുടെ നിലപാട്. അതിനെതിരേയാണ് സകരിയ മൗലവി രംഗത്ത് വന്നത്. എന്നാല്‍, മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ വളരെ ഗുരുതരമായ ഹദീസ് നിഷേധ സമീപനം ഉണ്ടായിട്ടും അതിനെതിരേ ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ കഴിയാത്തത് ഔദ്യോഗിക മുജാഹിദ് ഭാഗത്തിനുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതെയെയാണ് വ്യക്തമാക്കുന്നത്. വരും ദിനങ്ങളില്‍ മാരണ, ഹദീസ് നിഷേധ വിവാദങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നത രൂക്ഷമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."