ഭാരത് ജോഡോയിലൂടെ ഹീറോയിലേക്ക് രാഹുൽ
എ.പി കുഞ്ഞാമു
രാഹുല്‍ ഗാന്ധിയായിരിക്കുമോ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി? കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെ 'അതെ' എന്ന പ്രസ്താവനയ്ക്ക് കീഴൊപ്പ് വച്ച് കൊടുത്തിരിക്കുന്നു നിതീഷ് കുമാര്‍. രാഹുല്‍ പ്രധാനമന്ത്രിയാകുന്നതില്‍ തനിക്കു എതിര്‍പ്പില്ലെന്ന നിതീഷിന്റെ തുറന്നുപറച്ചില്‍ ഒരേസമയം രണ്ട് അഭ്യൂഹങ്ങളുടെ വാതിലുകളാണ് അടച്ചുകളഞ്ഞത്. രാഹുലിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിയോട് പൊരുതുമെന്നു പറയുക വഴി താന്‍ മത്സരാര്‍ഥിയാണെന്ന ധാരണയെ മായ്ച്ചുകളഞ്ഞിരിക്കുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തെ തത്വത്തില്‍ പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും 2024ലേക്കുള്ള പ്രതിപക്ഷ പദ്ധതി ഇനിയും കൃത്യമായി രൂപപ്പെട്ടിട്ടില്ല എന്നുതന്നെയാണ് ഈ അവസ്ഥയിലും ആശങ്കപ്പെടേണ്ടത്. പ്രധാനമായും അതിനുകാരണം കെ. ചന്ദ്രശേഖര റാവുവിന്റേയും മമതാ ബാനര്‍ജിയുടേയും നിലപാടുകളാണ്. രണ്ടുപേര്‍ക്കും പ്രധാനമന്ത്രി പദത്തില്‍ കണ്ണുണ്ട്. തെലുങ്കാനാ രാഷ്ട്ര സമിതിയെ ദേശീയതലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുവാനുള്ള പേരുമാറ്റ പ്രകിയയും മറ്റുമായി സജീവമാണ് കെ.സി.ആര്‍. മമതാ ബാനര്‍ജിയും വലിയ മോഹങ്ങളുമായാണ് നില്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ രാഹുലിന്റെ മുമ്പാകെയുള്ള റോഡ് ബ്ലോക്ക് പൂര്‍ണമായും നീങ്ങി എന്നുപറഞ്ഞു കൂടാ. പക്ഷേ നിതീഷ്‌കുമാറിന്റെ നിലപാട് കോണ്‍ഗ്രസിനും രാഹുലിനുമുണ്ടാക്കിക്കൊടുക്കുന്ന മെച്ചം ചെറുതല്ല.
രാഹുല്‍ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ കൈവന്നുകൊണ്ടിരിക്കുന്ന സ്വീകാര്യതയിലേക്കാണു ഇതുവിരല്‍ ചൂണ്ടുന്നത്. കുറച്ചു മുന്‍പ് അങ്ങനെയൊന്നുണ്ടായിരുന്നില്ല. പ്രതിസന്ധികളില്‍ പതറാത്ത നേതാവ് എന്നതുപോയിട്ട് സംഘടനയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തന്‍ എന്ന പ്രതിച്ഛായ പോലും ഒരുപാട് അനുകൂല സാഹചര്യങ്ങളിലൂടെ കടന്നുപോന്നിട്ടും അദ്ദേഹത്തിന്ന് കരഗതമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹവും രാഷ്ട്രീയത്തെ വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നുവോ എന്നുസംശയം. ശത്രുക്കളാവട്ടെ അദ്ദേഹത്തിന്നു ചുറ്റും പപ്പു എന്ന ഒരു രൂപകം പരിഹാസ രൂപേണ പടച്ചെടുക്കുകയും ചെയ്തു. വയനാട്ടില്‍ നിന്ന് നേടിയ മികച്ച തെരഞ്ഞെടുപ്പ് വിജയമില്ലായിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി എന്ന കഥാപാത്രം രാഷ്ട്രീയത്തില്‍ നിന്നേ നിഷ്‌ക്കാസനം ചെയ്യപ്പെടുമായിരുന്നു എന്ന് വിശ്വസിക്കുന്ന നിരീക്ഷകര്‍ പോലുമുണ്ട്.
അതായത് സീറോവില്‍ നിന്ന് ഹീറോവിലേക്കുള്ള അദ്ദേഹത്തിന്റെ രൂപാന്തരത്തിന്റെ മുദ്രകളാണ് ഹിന്ദി ഹൃദയഭൂമിയായ യു.പിയിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കുമ്പോള്‍ കാണാനുള്ളത്. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പുനര്‍ജന്മം നല്‍കിയത് ഈ മഹായജ്ഞമാണ്.
ചെറിയ തുടക്കം, വലിയ ലക്ഷ്യപ്രാപ്തി
ഭാരത് ജോഡോ യാത്രയുടേത് ഒരു ചെറിയ തുടക്കമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന അതിന്റെ രൂപസംവിധാനം കൊണ്ട് മാത്രമല്ല നിറവേറ്റുന്ന ദൗത്യത്തെക്കുറിച്ചുള്ള സാമാന്യമായ അവബോധമനുസരിച്ചും യാത്ര അവമതിക്കപ്പെട്ടു. അതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. യാത്രയുടെ റൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്നു. വടക്കേ ഇന്ത്യയില്‍ വിശേഷിച്ചും യു.പിയില്‍ പ്രവേശിക്കാന്‍ പ്രയാസപ്പെടുന്ന യാത്ര, കണ്ടയ്‌നര്‍ യാത്ര എന്നിങ്ങനെ പരിഹസിക്കപ്പെട്ടു. ഇങ്ങനെ ഒരര്‍ഥത്തിലും വലുത് എന്നു തോന്നിപ്പിക്കുന്ന യാത്രയായി ദേശീയ രാഷ്ട്രീയവും മാധ്യമ ലോകവും അതിനെ കണ്ടിരുന്നില്ല. രാഹുല്‍ യാത്ര പൂര്‍ത്തിയാക്കാതെ മുങ്ങിക്കളയുമോ എന്ന് സംശയിച്ചവരുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും യാത്രയുടെ ഗൗരവവും പ്രസക്തിയും വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലൂടെ, അതും കോണ്‍ഗ്രസിന് ജനപിന്തുണയും സംഘടനാ സംവിധാനവും വേണ്ടത്രയില്ലാത്ത ഇടങ്ങളിലൂടെ കടന്നുപോയ യാത്രയോട് സാധാരണ മനുഷ്യര്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സ്‌നേഹവായ്പ്പുകളും അതിനു മഹാമാനങ്ങള്‍ നല്‍കി. മേധാ പട്ക്കര്‍, യോഗേന്ദ്ര യാദവ്, കമല്‍ഹാസന്‍, തുഷാര്‍ ഗാന്ധി, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തുടങ്ങിയവര്‍ യാത്രയില്‍ അണിചേര്‍ന്നതോടെ അതൊരു മഹാപ്രസ്ഥാനമായി. ഈ മാനങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ എന്തു നേട്ടങ്ങളാണുണ്ടാക്കുക എന്ന് പറയാനാവുകയില്ല. എന്നാല്‍ ചെറിയ തുടക്കത്തില്‍ നിന്ന് വലിയൊരു ലക്ഷ്യപ്രാപ്തിയിലേക്കു നടന്നെത്താന്‍ രാഹുലിന്ന് സാധിച്ചിട്ടുണ്ട് എന്ന് സംശയരഹിതമായും പറയാം. ഇന്ത്യയെ പലതായി വിഭജിക്കുന്ന ഒരു പ്രത്യയ ശാസ്ത്ര ഭൂമികയില്‍ നിന്നുകൊണ്ടു അതിനെതിരില്‍ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന വികാരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞുഎന്നതാണ് ഈ യാത്രയുടെ സവിശേഷത.
ഇത് തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ആയിരിക്കണം തുടക്കത്തില്‍ രാഹുലിന്റെ യാത്രയോട് തണുപ്പന്‍ മട്ടില്‍ പ്രതികരിച്ച അഖിലേഷ് യാദവും മായാവതിയും പിന്നീട് യാത്രക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് രംഗത്തുവന്നത്. യാത്രയോടൊപ്പമാണ് തങ്ങളുടെ വികാരങ്ങള്‍ എന്ന് ഭംഗി വാക്കു പറഞ്ഞെങ്കിലും തീര്‍ത്തും അപകടകരമായ ഒരു അഭിപ്രായം പറഞ്ഞ് രാഹുലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ റദ്ദാക്കുകയുണ്ടായി അഖിലേഷ്. തങ്ങളുടെ പാര്‍ട്ടിക്ക് വ്യത്യസ്തമായ ആശയമാണുള്ളതെന്നും തങ്ങളെ സംബന്ധിച്ചേടത്തോളം കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നുതന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അഖിലേഷിന്റെ പാര്‍ട്ടിയായ എസ്.പിയുടെ സഖ്യകക്ഷി രാഷ്ട്രീയ ലോക്ദളും യാത്രയോട് സഹകരിക്കുന്നില്ല. തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന ഒരു ഉടക്കുകൂടി പറഞ്ഞു ഈ കക്ഷികളുടെ നേതാക്കള്‍. പിന്നീട് അതൊക്കെ മാറ്റിവച്ച് അഖിലേഷും മായാവതിയും രാഹുലിന് നന്ദി പറഞ്ഞു എന്നതൊക്കെ ശരി തന്നെ. യാത്രയില്‍ ഈ പാര്‍ട്ടികളൊന്നും പങ്കെടുക്കുന്നില്ല. അതിന് യു.പി രാഷ്ട്രീയത്തിന്റെ പ്രായോഗിക സമസ്യകളാണു പ്രധാന കാരണമെങ്കിലും അതോടൊപ്പം ആശയപരമായ ചില തലങ്ങളും പിന്നിലുണ്ട്. അഖിലേഷിനോ മായാവതിക്കോ ജയന്ത് ചൗധുരിക്കോ ബി.ജെ.പിയോട് ആശയപരമായ എതിര്‍പ്പ് ഇല്ലതന്നെ. പല ഘട്ടങ്ങളിലും ബി.ജെ.പിയോട് കൂട്ടുചേര്‍ന്നു ഭരിച്ചവരാണ് എസ്.പിയും ബി.എസ്.പിയും ആര്‍.എല്‍.ഡിയും. ഇനിയും അവര്‍ അതിനു തയാറായിക്കൂടെന്നില്ല. മമതയുടെ തൃണമൂലിനേയും കെ.സി.ആറിന്റെ ടി.ആര്‍.എസിനേയും പറ്റിയും ഇതു തന്നെ പറയാം.
യു.പി മനസിലുള്ളപ്പോള്‍
യു.പിയെന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളുടേയും സംഭവിക്കാനിരിക്കുന്ന കോട്ടങ്ങളുടേയും കണക്കും ഇവരുടെയൊക്കെ കൈയിലുണ്ട്. ഭാരത് ജോഡോ യാത്ര യു.പിയില്‍ പ്രവേശിച്ചത് ഗാസിയാബാദ് ജില്ലയിലെ ലോണി വഴിയാണ്. പിന്നീട് യാത്ര ഭാഗ് പത് ജില്ലയിലേക്കു കടന്നു. അതുകഴിഞ്ഞ് ശാംലി ജില്ലയിലെ കാന്ദ്‌ല, ഉഞ്ഛ, കൈറാന വഴി ഹരിയാനയിലേക്ക്. ഇതാണ് യാത്രയുടെ ഷെഡ്യൂള്‍. ശാംലിയും ഭാഗ് പതും 30 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളാണ്. ഇവിടെ രാഹുലിന്റെ യാത്ര തിരയിളക്കങ്ങള്‍ സൃഷ്ടിച്ചേക്കുമോ എന്ന ഭീതിയാണ് എസ്.പിക്കും ബി.എസ്.പിയ്ക്കും ഉറക്കം നഷ്ടപ്പെടുത്തിയത്.
എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്റെ ജനകീയാടിത്തറ ഈ രണ്ട് ജില്ലകളുമാണ്. മുസ്‌ലിം വോട്ടാണ് അതിന് ആധാരം. ബി.എസ്.പിക്കും യു.പിയില്‍ മുസ്ലിം വോട്ടിലാണ് കണ്ണ്. മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന ഇംറാന്‍ മസ്ഊദിനെ ബി.എസ്.പി പാര്‍ട്ടിയിലെടുത്തത് വെറുതെയല്ല. രാഹുല്‍ യു.പിയെ ഇളക്കിമറിക്കുകയും അവിടെ സ്വാധീനം സൃഷ്ടിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അത് തങ്ങളുടെ വോട്ട് ബാങ്കിലായിരിക്കും ചോര്‍ച്ച വരുത്തുകയെന്ന് അവര്‍ക്കറിയാം. അതായത് അവര്‍ക്ക് കോണ്‍ഗ്രസും ബി.ജെ.പിയും പ്രായോഗിക തലത്തില്‍ ഒരേ പോലെ. തീവ്ര ഫാസിസവും മതേതരത്വവും ഒരിടത്തിരിക്കട്ടെ..
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേരിടുന്ന അടിസ്ഥാന പ്രശ്‌നം ഇതു തന്നെയാണ്. ഇന്ത്യയിലാസകലം വേരുകളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരര്‍ഥത്തില്‍ ബി.ജെ.പിയേക്കാളും ജനകീയ സ്വഭാവമുള്ള പാര്‍ട്ടിയാണത്. പക്ഷേ ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിച്ചു മാത്രമേ ദേശീയ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു. ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പിക്കായിരിക്കും പ്രാദേശിക കക്ഷികളെ മെരുക്കിയെടുക്കാന്‍ കുറേക്കൂടി എളുപ്പത്തില്‍ സാധിക്കുക. മതവികാരം ഇളക്കിവിടാന്‍ സാധിക്കുമെന്ന ആനുകൂല്യം അവര്‍ക്കുണ്ട്. കോര്‍പറേറ്റുകളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് ഇങ്ങനെയാതൊന്നുമില്ല. രാഷ്ട്രീയ നിരീക്ഷകര്‍ കോണ്‍ഗ്രസിനെ പല്ലുകൊഴിഞ്ഞ സിംഹമായി എഴുതിത്തള്ളുന്നതിന്റെ യുക്തി അതുതന്നെ. തെരഞ്ഞെടുപ്പ് സാധ്യതകളുടെ മണ്ഡലമാണ്. ഈ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്നറിയില്ല. എന്നാല്‍ നേരത്തെ പറഞ്ഞ യുക്തിയെ തകിടം മറിക്കുവാന്‍ അതിനു കഴിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."