യുവജന സ്വപ്നങ്ങള്‍ അസ്തമിക്കുന്ന രാജ്യം
സന്തോഷ് മെഹ്രോത്ര
ഇന്ത്യ യുവരാജ്യമാണെന്ന് നിരന്തരം പ്രയോഗിക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ശതമാനവും 35 വയസിനു താഴെയുള്ളവരും അതില്‍ തന്നെ പകുതി പേരും 26 വയസിനു താഴെയുള്ളവരുമായതാണ് ഇന്ത്യയെ യുവരാജ്യമായി കണക്കാക്കിപ്പോരാന്‍ കാരണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കു വളരെ യാന്ത്രികമായി ലഭിച്ചൊരു വരമായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. കാരണം, അത്രയധികം വരുന്നൊരു യുവജനസമൂഹമാണ് ഇന്ത്യയുടെ ഉല്‍പാദനക്ഷമതയെ പുഷ്ടിപ്പെടുത്തുന്നതിനായി ഈ രാജ്യത്തുള്ളത്. ഈ ഉല്‍പാദനക്ഷമതയെ തിരിച്ചറിഞ്ഞുകൊണ്ടാണ് നിക്ഷേപ ഭീമനായ മോര്‍ഗന്‍ സ്റ്റാന്‍ലി ഈ ദശകം ഇന്ത്യയുടേതാണ് എന്നു നവംബറില്‍ പുറത്തുവിട്ടൊരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇന്ത്യയുടെ ആസൂത്രണങ്ങളെല്ലാം ശുഭസൂചകങ്ങളാണ്.
എന്നാല്‍, വളര്‍ച്ചാനിരക്കിന്റെ പ്രധാനഘടകങ്ങളായ വ്യക്തിഗത അന്തിമ ഉപഭോക്തൃ ചെലവ് (പ്രൈവറ്റ് ഫൈനല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിചര്‍), സ്വകാര്യനിക്ഷേപം, സര്‍ക്കാര്‍ ചെലവ്, കയറ്റുമതി നിരക്ക് എന്നിവ പ്രസാദാത്മകമായ വിവരങ്ങളല്ല ഇതുസംബന്ധിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ 58 ശതമാനത്തോളം വ്യക്തിഗത ഉപഭോഗാവശ്യങ്ങള്‍ക്കു വേണ്ടിയാണ് ചെലവിടുന്നത്. എന്നാല്‍ 2016 നവംബര്‍ 16ന് നോട്ടുനിരോധനത്തിന്റെ ഭാഗമായി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സികള്‍ അസാധുവാക്കിയതോടെ തൊഴില്‍ നിരക്ക് ഇടിയുകയും ഉപഭോഗചെലവ് സമാനമായി താഴുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ 2017-18 വര്‍ഷം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് 45 വര്‍ഷത്തിലെ തന്നെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കായ 6.1 ശതമാനമാണ് ആ വര്‍ഷത്തില്‍ ഉണ്ടായത് എന്നാണ്. എന്നാല്‍, 2012ല്‍ തൊഴിലില്ലായ്മ 2.1 ശതമാനം മാത്രമായിരുന്നു. 2013നും 2019നും ഇടക്കുള്ള വര്‍ഷങ്ങളില്‍ അഞ്ചോ ആറോ മില്യണ്‍ യുവാക്കള്‍ തൊഴിലന്വേഷിക്കുമ്പോള്‍ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ 2.9 മില്യണിലേക്ക് താഴ്ന്നു. അതേസമയം, 2004-05നും 2011-12നും ഇടയിലുള്ള വര്‍ഷങ്ങളില്‍ 7.5 മില്യണ്‍ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒാഫിസ് പ്രകാരമുള്ള വിവരങ്ങള്‍. വാര്‍ഷിക വ്യക്തിഗത അന്തിമ ഉപഭോക്തൃ ചെലവ് പ്രധാനമായും രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലുകളേയും ഭാവിയില്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന തൊഴിലവസരങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഇതാവട്ടെ 2019-20 വര്‍ഷത്തേക്കാള്‍ കുറഞ്ഞ് 2021-22 വര്‍ഷത്തില്‍ അഞ്ച് ശതമാനത്തിലേക്കെത്തിയിരിക്കുകയാണ്.
സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിലെ രണ്ടാമത്തെ പ്രധാനഘടകമാണ് സ്വകാര്യ നിക്ഷേപങ്ങള്‍. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നതാവട്ടെ നിലവിലെ ഉപഭോഗ ചെലവിനേയും പ്രതീക്ഷിത ഉപഭോഗ ചെലവിനേയുമാണ്. 2018-19ലെ ധനമന്ത്രാലയ സാമ്പത്തിക സര്‍വേ പ്രകാരം 2013-14ല്‍ സര്‍ക്കാരിന്റെ ആര്‍ജ്ജിത നിക്ഷേപം ജി.ഡി.പിയുടെ 31.3 ശതമാനമായിരുന്നു. എന്നാല്‍, 2018-19 ആയപ്പോള്‍ ഇത് ജി.ഡി.പിയുടെ 29 ശതമാനവും 2019-20ല്‍ കൊവിഡിനു മുമ്പ് 28.2 ശതമാനവുമായി കുറഞ്ഞു. മഹാമാരി വേളയില്‍ അതുവീണ്ടും കൂപ്പുകുത്തി 2020-21ല്‍ 27.1 ശതമാനമായി കുറഞ്ഞെങ്കിലും 2021-22ല്‍ 29.6 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഒരു രാജ്യത്തിന്റെയോ സ്ഥാപനത്തിന്റെയോ പരമാവധി ഉല്‍പാദന ശേഷിയായി കണക്കാക്കിപ്പോരുന്ന വിനിയോഗ ക്ഷമത (കപാസിറ്റി യൂടിലൈസേഷന്‍)യിലും കൊവിഡ് കാലയളവില്‍ വലിയൊരു ഇടിവുണ്ടായിട്ടുണ്ട്. കൊവിഡിനു മുമ്പ് 70 ശതമാനത്തോളമുണ്ടായിരുന്ന ഉല്‍പാദന മേഖലയിലെ വിനിയോഗക്ഷമത 2021 ജൂലൈ ആയപ്പോള്‍ 60 ശതമാനത്തിലേക്കെത്തി. അതിനുശേഷം ക്രമാനുഗതമായി വര്‍ധനവ് കൈവരിച്ചെങ്കിലും ഇത് 74 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍, ഇതാവട്ടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ നടത്തുന്നതിന് പ്രോത്സാഹനമോ ആത്മവിശ്വാസമോ നല്‍കുന്ന വളര്‍ച്ചയായി കണക്കാക്കാനുമാവില്ല.
ഇന്ത്യയിലെ ഭൂരിഭാഗം കാര്‍ഷികേതര തൊഴിലുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എം.എസ്.എം.ഇ) നിന്നാണ്. എന്നാല്‍ ഈ മേഖലയില്‍ നിന്നും ശുഭസൂചകമായ പ്രതീക്ഷകള്‍ ലഭിക്കുന്നില്ല. നോട്ടുനിരോധനത്തോടെ വലി തിരിച്ചടിയാണ് ചെറുകിട സംരംഭങ്ങള്‍ നേരിട്ടത്. കാരണം, ഇവയുടെ പ്രവര്‍ത്തന മൂലധനം (വര്‍ക്കിങ് കാപിറ്റല്‍) പ്രധാനമായും കറന്‍സി രൂപത്തിലായിരുന്നു. 2016 നവംബറില്‍ രാജ്യത്തെ 86 ശതമാനം കറന്‍സികള്‍ അസാധുവായതോടെ ആയിരക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് പുനരാരംഭിക്കാന്‍ സാധിക്കാത്ത വിധം പൂട്ടിപ്പോയത്.
ശേഷം 2.25 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചെങ്കിലും 2020 മാര്‍ച്ച് 25നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേഖലയെ വീണ്ടും തളര്‍ത്തി. ഇന്ത്യയില്‍ 15-29 പ്രായക്കാര്‍ക്കിടയില്‍ പ്രത്യക്ഷ തൊഴിലില്ലായ്മ (ഓപണ്‍ അണ്‍ എംപ്ലോയ്മെന്റ്) അഥവാ വിദ്യാസമ്പന്നരായവര്‍ തൊഴിലെടുക്കാന്‍ ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തത് വളരെ കൂടുതലാണ്. 2012ല്‍ വെറും ആറു ശതമാനമായിരുന്നെങ്കില്‍ 2019ല്‍ ഇത് 16 ശതമാനമായി ഉയര്‍ന്നു. രണ്ടാമതായി, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും കൂടുതലാണ്. 15നും 16നും ഇടയില്‍ പ്രായമുള്ള 80 ശതമാനം പേര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരാണ്. ഈ വിഭാഗത്തിനിടയിലെ തൊഴിലില്ലായ്മാ നിരക്ക് 10 ശതമാനമാണെങ്കില്‍, ബിരുദധാരികളിലെ തൊഴിലില്ലായ്മ 2012ല്‍ 20 ശതമാനവും കൊവിഡിനു മുമ്പ് ഇത് 30 ശതമാനവുമാണ്. ബിരുദാനന്തര ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്കാവട്ടെ ഇതിലും ഇരട്ടി വര്‍ധനവിലാണ്.
ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായമോ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ നൈപുണ്യ പരിശീലനങ്ങളോ സര്‍ക്കാര്‍ ഏറെ ആഘോഷിച്ച 'സ്‌കില്‍ ഇന്ത്യ' പദ്ധതി പോലും തൊഴിലില്ലായ്മയെ മറികടക്കാന്‍ സഹായിച്ചില്ല എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത്. സാങ്കേതിക പരിശീലനങ്ങള്‍ പോലും വളരെ കുറഞ്ഞ തോതില്‍ മാത്രമേ തൊഴില്‍ ഉറപ്പാക്കുന്നുള്ളൂ. ബിരുദത്തിനു താഴെയുള്ള സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചപ്പോള്‍ ബിരുദമോ അതിലുമുയര്‍ന്ന സാങ്കേതിക പരിജ്ഞാനം ലഭിച്ചവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തില്‍ നിന്ന് 35 ശതമാനമായാണ് വര്‍ധിച്ചത്. ഭാവിയിലെ പ്രതീക്ഷിത ഉപഭോഗം താഴ്ന്നു തന്നെയിരിക്കാനുള്ള മറ്റൊരു കാരണം തൊഴിലാളി പ്രായക്കാര്‍ക്കിടയില്‍ തൊഴിലുള്ളവരുടെ എണ്ണം 2016 മുതല്‍ 2022 വരെ നിരന്തരമായി താഴോട്ടു പോകുന്നു എന്നുള്ളതാണ്. 2016ല്‍ 43 ശതമാനമുണ്ടായിരുന്ന തൊഴില്‍ നിരക്ക് 2022 ആയപ്പോള്‍ 36 ശതമാനമായാണ് കുറഞ്ഞത്. ലോകത്തു തന്നെ ഏറ്റവുമധികം യുവാക്കളുള്ള ഒരു രാജ്യത്താണ് തൊഴില്‍ നിരക്ക് വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഏഴു ശതമാനത്തോളം വീഴ്ച്ചയിലേക്കു പോകുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ തൊഴില്‍ നിരക്ക് ലോകശരാശരിയായ 60 ശതമാനത്തിനും താഴെയാണ്. തൊഴില്‍നിരക്ക് അപകടകരമായി കൂപ്പുകുത്തുമ്പോള്‍ തന്നെ, കഴിവും വിദ്യാഭ്യാസവും ഉണ്ടായിട്ടും തൊഴില്‍ അന്വേഷിക്കാത്തവരുടെ എണ്ണവും അപകടകരമായ തോതില്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ ഉപഭോഗനിരക്ക് താഴുന്നതിനും ഇതേ നിലയില്‍ തന്നെ തുടരാനുമുള്ള മറ്റൊരു കാരണം വേതനമാണ്. സ്ഥിരതൊഴിലാളികളുടേയും അസ്ഥിരതൊഴിലാളികളുടേയും വേതനത്തില്‍ പുരോഗതിയില്ലാത്തതും ഉപഭോഗ നിരക്ക് ഇടിയുന്നതിന്റെ കാരണമാണ്. സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിഗത പ്രതിദിന വരുമാനം 2017-18ല്‍ 429 രൂപയായിരുന്നെങ്കില്‍ 2020ല്‍ അത് 411 രൂപയാണെന്നാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള വിവരം.
രാജ്യത്തു നിലനില്‍ക്കുന്ന ഇത്തരമൊരു സ്ഥിതിവിശേഷം കണക്കിലെടുക്കുമ്പോള്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയെ പോലുള്ള വിശകലനവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന 'നിലവിലെ ഇന്ത്യന്‍ ജി.ഡി.പി 3.5 ട്രില്യണ്‍ യു.എസ് ഡോളര്‍ എന്നത് 2031ല്‍ 7.5 ട്രില്യണ്‍ യു.എസ് ഡോളറാകുമെന്ന 'വിശകലനം അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ നിലവിലെ ജി.ഡി.പി 3.5 ട്രില്യണ്‍ യു.എസ് ഡോളറല്ല, 3.2 ട്രില്യണ്‍ യു.എസ് ഡോളറാണ്. ഇത് വര്‍ധിച്ച് 6.4 ട്രില്യണ്‍ യു.എസ് ഡോളര്‍ ആവണമെങ്കില്‍ തന്നെ 2022-23 മുതല്‍ 2031-32 വരെയുള്ള വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 8.75ശതമാനം വളര്‍ച്ചാനിരക്ക് ഇന്ത്യ കൈവരിക്കണം. കഴിഞ്ഞ എട്ടുവര്‍ഷത്തില്‍ അത്തരമൊരു വളര്‍ച്ച ഇന്ത്യ നേടിയിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയുടെ ശരാശരി വളര്‍ച്ചാനിരക്ക് 2.5 ശതമാനം മാത്രമാണ്. ഇതാവട്ടെ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയായി പരിഗണിക്കുന്ന ഏഴു ശതമാനം എന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഏറെ താഴെയുമാണ്.
സാമ്പത്തിക വളര്‍ച്ചയുടെ മറ്റു രണ്ടു പ്രധാനഘടകങ്ങളായ കയറ്റുമതിയും സര്‍ക്കാര്‍ ചെലവുകളും സഞ്ചിത ചോദനത്തില്‍ എത്രമാത്രം പ്രേരണ ചെലുത്തും? ഒരു സമ്പദ് വ്യവസ്ഥയിലെ അന്തിമ ചരക്കുസേവനങ്ങള്‍ക്കായുള്ള ആവശ്യത്തെയാണ് സഞ്ചിതചോദനം എന്നു പറയുന്നത്. പകര്‍ച്ചവ്യാധി ഘട്ടത്തില്‍ സേവനകയറ്റുമതി സജീവമായിരുന്നെങ്കിലും ചരക്കുകയറ്റുമതി അങ്ങനെയായിരുന്നില്ല. 1992 മുതല്‍ 2014 വരെ പ്രതിവര്‍ഷം 18 ശതമാനത്തോളം വളര്‍ച്ചാനിരക്ക് സ്ഥിരകയറ്റുമതിയായി സര്‍ക്കാര്‍ ആര്‍ജ്ജിച്ചിരുന്നു.
ജി.ഡി.പിയുടെ 10 ശതമാനമായിരുന്ന കയറ്റുമതി 2008ല്‍ 25 ശതമാനമായി വര്‍ധിച്ചിരുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമായി വീഴ്ച്ച നേരിട്ടെങ്കിലും വീണ്ടും ഇതു തിരിച്ചുപിടിക്കുകയുണ്ടായി. 2013-14ല്‍ ചരക്കുകയറ്റുമതി 318 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. ഇതിനുശേഷം ഇത് ഇടിയുകയും അഞ്ചു വര്‍ഷത്തോളം അതേ നിലയില്‍ തുടരുകയും ചെയ്തു.
എന്നാല്‍ വീണ്ടും മെച്ചപ്പെടുകയും ഈയടുത്ത് വീണ്ടും ഇടിയുന്നതിനു മുമ്പായി 400 ബില്യണ്‍ യു.എസ് ഡോളറിലേക്ക് എത്തുകയും ചെയ്തു. അതേസമയം, റഷ്യ- ഉക്രൈന്‍ യുദ്ധവും വികസിത രാജ്യങ്ങളില്‍ വരാനിരിക്കുന്ന മാന്ദ്യവും ഇന്ത്യന്‍ കയറ്റുമതിക്ക് ദുഃസൂചനകളാണ് നല്‍കുന്നത്.
(ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലെ പ്രൊഫസോറിയല്‍ സീനിയര്‍ ഫെല്ലോയായ ലേഖകന്‍ സ്‌ക്രോള്‍ ഡോട്ട് ഇന്നില്‍ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."