മതവിദ്വേഷ രഹിതമാവട്ടെ ലോകം
എല്ലാവർഷവും മാർച്ച് 15 ഇസ്‌ലാം വിദ്വേഷവിരുദ്ധ ദിനമായി ആചരിക്കാൻ യു.എൻ പൊതുസഭ തീരുമാനിച്ചത് ശ്ലാഘനീയമാണ്. ലോകത്ത് കാട്ടുതീപോലെ പടർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരേ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും ഉത്തേജനം നൽകുന്നതാണ് തീരുമാനം. ന്യൂസിലാൻഡിലെ രണ്ട് മുസ്‌ലിം പള്ളികളിൽ 2019 മാർച്ച് 15ന് ഒരു തീവ്ര വലതുപക്ഷ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു. അതിനാലാണ് മാർച്ച് 15 ഇസ്‌ലാം വിദ്വേഷവിരുദ്ധ ദിനാചരണത്തിനായി തെരഞ്ഞെടുത്തത്. സ്തുത്യർഹമാണ് ഈ നടപടി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രണ്ട് ശാക്തികചേരിയായി ഉരുത്തിരിയുകയായിരുന്നു സോവിയറ്റ് യൂനിയനും അമേരിക്കയും. പരസ്പരം നശിപ്പിക്കാൻ ഇരുവിഭാഗവും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരുന്നു. രണ്ട് വമ്പൻ ശക്തികളുടെ ശീതയുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് ഇടയാക്കുമോയെന്ന ഭയാശങ്ക വരെ ഉണ്ടായി. ഈ ആശങ്ക മുതലെടുത്ത് ലോകരാഷ്ട്രങ്ങളെ രണ്ടുചേരിയിൽ നിർത്താൻ അമേരിക്കക്കും റഷ്യക്കും കഴിഞ്ഞു. ഇതുവഴി വൻതോതിൽ ആയുധ കച്ചവടമാണ് അമേരിക്ക നടത്തിപ്പോന്നത്. അമേരിക്കയുടെ ഖജനാവിൽ ഡോളറുകൾ കുമിഞ്ഞുകൂടാൻ കാരണമായത്, റഷ്യയെ ചൂണ്ടിക്കാണിച്ച് ലോകരാഷ്ടങ്ങളെ പേടിപ്പിച്ച് ആയുധങ്ങൾ വൻതോതിൽ വിറ്റഴിക്കാൻ കഴിഞ്ഞതിനാലാണ്.
ഗോർബച്ചേവ് അധികാരത്തിൽവന്നതോടെ സോവിയറ്റ് യൂനിയനെ ഛിന്നഭിന്നമാക്കി നശിപ്പിക്കുന്ന ദൗത്യം അദ്ദേഹം തന്നെ പൂർത്തിയാക്കി. അതോടെ അമേരിക്കക്ക് ലോകരാഷ്ട്രങ്ങളെ പേടിപ്പിച്ചുനിർത്തി ആയുധങ്ങൾ വിറ്റഴിക്കാൻ എതിർമുഖത്ത് പ്രബലമായ ഒരു ശക്തി ഇല്ലാതായി. ഇതേത്തുടർന്നാണ് അമേരിക്കൻ ഭരണകൂടം മുസ്‌ലിംകളെ ശത്രുക്കളായി പ്രതിഷ്ഠിച്ച് ലോകവ്യാപകമായി ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങൾ നടത്താൻ തുടങ്ങിയത്. ഇതിലൂടെ ആയുധങ്ങൾ വിറ്റഴിക്കാൻ പുതിയ വിപണി കണ്ടെത്തുകയായിരുന്നു അമേരിക്ക. അമേരിക്കയുടെ ഈ ഗൂഢതന്ത്രമാണ് ലോകമൊട്ടാകെ ഇസ്‌ലാമോഫോബിയ പടർത്തിയത്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം ലോകവ്യാപകമായി ഇസ്‌ലാമോഫോബിയ അതീശീഘ്രം വ്യാപിക്കാൻ കാരണമാവുകയും ചെയ്തു.
സോവിയറ്റ് യൂനിയന്റെ പതനത്തോടെ ലോകപ്രശസ്തരായ രാഷ്ട്രീയനിരീക്ഷകർ അമേരിക്ക ഇനി മുഖ്യ ശത്രുവായി പ്രതിഷ്ഠിക്കുക മുസ്‌ലിംകളെയായിരിക്കുമെന്ന് നിരീക്ഷിച്ചതാണ്. ലോകത്തൊട്ടാകെ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇസ്‌ലാമോഫോബിയ പ്രചാരണത്തിലൂടെ അത് സാധിക്കുകയും ചെയ്തു. അവർക്ക് ആയുധക്കച്ചവടം തുടരേണ്ടതുണ്ടായിരുന്നു. അതിനാലാണവർ ശൂന്യതയിൽ നിന്ന് ഇസ്‌ലാം എന്ന ശത്രുവിനെ സൃഷ്ടിച്ചെടുത്തത്. ഇതല്ലെങ്കിൽ സോവിയറ്റ് യൂനിയന്റ തകർച്ചക്ക് മുമ്പ് ഇസ്‌ലാമോഫോബിയ എന്ന ശത്രു എവിടെയായിരുന്നുവെന്ന ചോദ്യത്തിന് എന്തു ഉത്തരമാണ് അമേരിക്കക്ക് നൽകാനുള്ളത് ? ഇസ്‌ലാമിനെ പ്രതിസ്ഥാനത്തുനിർത്തി ലോകമൊട്ടാകെ മുസ്‌ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ അമേരിക്കയുടെ പ്രചാരണവിഭാഗം നടത്തിയ ഹീനമായ നീക്കങ്ങളാണ് ലോകം പിന്നീട് കണ്ടത്. ലോകശാന്തിക്കായി നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന, സമാധാനമെന്നർഥം വരുന്ന ഒരു മതത്തെ ലോകദൃഷ്ടിയിൽ ഭീകരമതമായി ചിത്രീകരിക്കാൻ കാരണമായത് സംഘടിതമായ കുപ്രചാരണങ്ങളാണ്.
ഇസ്‌ലാമിനെക്കുറിച്ചുള്ള ശരിയായ അറിവ് ലോകവ്യാപകമായി ഇല്ലാതെപോയതും സാമ്രാജ്യത്വശക്തികൾ കുത്തക മാധ്യമങ്ങളിലൂടെ നടത്തിയ കുപ്രചാരണങ്ങളും അമേരിക്കൻ സൃഷ്ടിയായ ഇസ്‌ലാമോഫോബിയയുടെ വ്യാപനത്തിന് ആക്കംകൂട്ടി. പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ ഒരു ചിത്രം സ്ഥാപിക്കുന്നതിൽ ഇത്തരം മാധ്യമ കുത്തകകൾക്ക് കഴിഞ്ഞു. ഇതിന്റെ പ്രതിപ്രവർത്തനമായി ചിലയിടങ്ങളിൽ മുളപൊട്ടിയ ഭീകരപ്രവർത്തനങ്ങൾ ചിത്രീകരിക്കപ്പെട്ടു. ഇസ്‌ലാംവിരുദ്ധ ശക്തികൾ തന്നെയായിരുന്നു ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത്.
ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക് തീർത്തും വിരുദ്ധമാണ് അതിൻ്റെ പേരിലുണ്ടാകുന്ന ഭീകരസംഘടനകൾ. അതുകൊണ്ടുതന്നെ ലോകപ്രശസ്ത പണ്ഡിതരും മുസ്‌ലിം സംഘടനകളും ഇത്തരം ഭീകരസംഘടനകളെ എന്നും എതിർത്തുപോന്നിട്ടുണ്ട്.
മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തിനുപോലും പല പാശ്ചാത്യൻ രാജ്യങ്ങളിൽ വിലക്കുവീഴുന്നത് സാമ്രാജ്യശക്തികളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാലാണ്. ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്‌ലിംവിരുദ്ധ നിയമങ്ങൾപോലും ആവിഷ്ക്കരിക്കുന്നുണ്ടെങ്കിൽ ഇസ്‌ലാമിനെതിരേയുള്ള സംഘടിത മാധ്യമ കുപ്രചാരണം അത്തരം രാഷ്ട്രങ്ങളിൽ എത്രമേൽ സ്വാധീനം ചെലുത്തിയെന്നാണ് മനസിലാക്കേണ്ടത്. ഇസ്‌ലാം അക്രമണോത്സുകതയുടെയും ഭീകരതയുടെയും മതമാണെന്നുള്ള കുപ്രചാരണങ്ങൾ വലിയൊരു വിഭാഗം പാശ്ചാത്യരുടെ മനസിൽ വേരുപിടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഖ്യകാരണം ഓറിയന്റലിസ്റ്റുകൾ അടക്കമുള്ളവരുടെ ദുരുപദിഷ്ടമായ രചനകളും കുത്തക മാധ്യമങ്ങളുടെ കുപ്രചാരണങ്ങളുമാണ്. മനുഷ്യന്റെ ചിന്തയും മാനസികാവസ്ഥയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ആഗോളവ്യാപകമായി നടക്കുന്ന ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങൾ.
ഐക്യരാഷ്ട്രസഭ മാർച്ച് 15 ഇസ്‌ലാം വിദ്വേഷവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിലൂടെ പ്രത്യേക മതവിഭാഗത്തെ വിവേചനത്തോടെ കാണുന്നത് അവസാനിപ്പിക്കാൻ സാധിക്കട്ടെ. ഇതര വിശ്വാസികളെ ബഹുമാനത്തോടെയും ആദരവോടെയും കാണാനുള്ള മാനസിക പക്വതയിലേക്ക് ലോകം എത്തേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."