കൊവിഡ് പ്രതിരോധത്തില്‍ കേരളം വിജയിച്ചു; സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കേരള കൊവിഡ് സീറോ സര്‍വേ പ്രകാരം കേരളത്തിലെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്.
പൊതുജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ ഉള്‍പ്പെടെ 20,939 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്കാണ് കൊവിഡ് വന്നുപോയത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കിടയിലെ സീറോ പ്രിവിലന്‍സ് എട്ടു ശതമാനവും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 10.5 ശതമാനവും കൊവിഡ് മുന്‍നിര പ്രവര്‍ത്തകരില്‍ 12 ശതമാനവുമാണ്.
ദേശീയതലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് രോഗാണുബാധയുള്ള നാലുപേരില്‍നിന്ന് ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2020 മെയിലാണ് ഐ.സി.എം.ആര്‍ കേരളത്തില്‍ ആദ്യമായി സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയത്. മൂന്നു ജില്ലകളിലായി നടത്തിയ ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 0.3 ശതമാനവും ദേശീയതലത്തിലേത് 0.73 ശതമാനവും ആയിരുന്നു.
ഓഗസ്റ്റില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ കേരളത്തിലേത് 0.8 ശതമാനവും ദേശീയതലത്തില്‍ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളില്‍ തന്നെ ഡിസംബറില്‍ സര്‍വേ നടത്തിയപ്പോള്‍ കേരളത്തിലേത് 11.6 ശതമാനവും ദേശീയതലത്തില്‍ 21 ശതമാനവും ആണെന്ന് കണ്ടെത്തി.
ഐ.സി.എം.ആര്‍ സീറോ സര്‍വേകളില്‍ 1,200 പേരെ മാത്രമാണ് സംസ്ഥാനത്തുനിന്ന് പഠനവിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."