വിവാഹമോചന രജിസ്‌ട്രേഷൻ നിയമവും ചട്ടഭേദഗതിയും തയാറാക്കും
തിരുവനന്തപുരം
വിവാഹം രജിസ്റ്റർ ചെയ്യുന്നതുപോലെ വിവാഹമോചനവും രജിസ്റ്റർ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയാറാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാർശപ്രകാരമാണ് നടപടിക്രമങ്ങളിലേക്ക് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിവാഹമോചന രജിസ്‌ട്രേഷൻ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൂടി രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാകുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായുണ്ടാകും. ഇന്ത്യൻ നിയമ കമ്മിഷന്റെ 2008ലെ റിപ്പോർട്ടിൽ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. അത് മതമോ വ്യക്തിനിയമമോ പരിഗണിക്കാതെ ഇന്ത്യയൊട്ടാകെ എല്ലാ പൗരർക്കും ബാധകമാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണങ്ങളൊന്നും നടന്നിട്ടില്ല.
ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിന് മാതൃകയാവുകയാണ്.
വിവാഹവും വിവാഹമോചനവും ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൽപ്പെടുന്നതിനാൽ വിവാഹമോചന രജിസ്‌ട്രേഷനായി സംസ്ഥാനത്തിന് നിയമനിർമാണം നടത്താവുന്നതാണ്. മതഭേദമെന്യേയുള്ള വിവാഹ രജിസ്‌ട്രേഷന് ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ച് കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ ആക്ട് എന്ന പേരിലാണ് നിയമനിർമാണം നടത്തുക. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."