പട്ടിക പരിശോധിച്ച് കാര്‍ഡുകള്‍ നശിപ്പിക്കും, മഷിയുണങ്ങും വരെ ബൂത്തില്‍ തുടരണം; ഇരട്ടവോട്ടില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഇരട്ടവോട്ട് കണ്ടെത്തലില്‍ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പരിശോധിക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശം നല്‍കി.
പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറും. ഇവര്‍ വോട്ടുചെയ്തു കഴിഞ്ഞാല്‍ മഷിയുണങ്ങുംവരെ ബൂത്തിനുള്ളില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം.
വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതായും സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും ഒരേ വോട്ടര്‍ നമ്പരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു.
പട്ടികയില്‍ ആവര്‍ത്തനം സംഭവിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനപൂര്‍വമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയും നിയമനടപടിയും സ്വീകരിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരും വരണാധികാരികളും ശ്രദ്ധിക്കുകയും മേല്‍നോട്ടം വഹിക്കുകയും വേണം. ഇതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ടുകള്‍ 30 നകം നല്‍കുകയും വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."