എന്നെ വേട്ടയാടുന്നു: വഹിക്കുന്ന പദവിയുടെ പരിമിതികൊണ്ട് പലതും തുറന്നു പറയാനാവുന്നില്ല; വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
കോഴിക്കോട്: തന്നെ വേട്ടയാടുകയാണെന്നും താന്‍ വഹിക്കുന്ന പദവിയുടെ പരിമിതികൊണ്ട് പലതും തുറന്നു പറയാനാവുന്നില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
സത്യം അറിയേണ്ടവരോട് എല്ലാം ഫേസ് ബുക്കില്‍ വിശദീകരിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ
നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാല്‍ ആത് സത്യമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുമെന്നത് ഗീബല്‍സിന്റെ സിദ്ധാന്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സിദ്ധാന്തത്തിന്റെ ഇരയെന്ന നിലയില്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും, വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരില്‍ പലതും വേണ്ടത്ര തുറന്നു പറയാന്‍ ആയിട്ടില്ല. ആ അവസരം കൂടി ഉപയോഗപ്പെടുത്തി എന്തും വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജന്‍സികള്‍ തങ്ങളാല്‍ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുന്നു.
ലോകകേരളസഭ, കേരളം ജനാധിപത്യ ലോകത്തിനു നല്‍കിയ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണ്. ലോകകേരളസഭയുടെ പേരില്‍ പണ സമാഹരണവും സമ്പത്തുണ്ടാക്കലുമാണ് നടന്നത് എന്ന് പറയുന്നത് എത്രമാത്രം തരംതാണ പ്രചാരവേലയാണ്, അതില്‍ പങ്കാളികളായ പ്രവാസികളോടുള്ള അവഹേളനമല്ലാതെ മറ്റെന്താണ്?. സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ നടത്തിയ വിദേശ യാത്രകള്‍ ലക്ഷ്യം വെച്ചാണ് വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്ന നിലയില്‍ ആദ്യം പ്രചാരണം ആരംഭിച്ചത്.
വിദേശയാത്രകള്‍ ഒന്നും രഹസ്യമായിരുന്നില്ല. പ്രവാസി സംഘടനകളുടെ നൂറുകണക്കിന് ക്ഷണങ്ങള്‍ക്കിടയില്‍ നിര്‍ബന്ധം സഹിക്കവയ്യാതെയും, തീരെ ഒഴിവാക്കാനാവാത്തതുമായ പരിപാടികളിലാണ് സംബന്ധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം യാത്രകളുടെയും ചെലവുകള്‍ വഹിച്ചത് ഈ സംഘടനകളാണ്. അതിന്റെ എല്ലാം വിശദാംശങ്ങള്‍ ആര്‍ക്കും പരിശോധനക്ക് ലഭ്യമാകും വിധം സുതാര്യവുമാണ്. ആവശ്യമുള്ളവര്‍ക്ക് നേരില്‍വന്ന് പരിശോധിക്കുവാനും അവസരം ഒരുക്കുന്നതാണ്. വിവരാവകാശ നിയമ പ്രകാരം ചോദിച്ചവര്‍ക്കെല്ലാം ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കയിട്ടുണ്ട്. ചോദ്യങ്ങളിലെ വ്യത്യാസം ഉത്തരങ്ങളിലും ഉണ്ടായേക്കാം എന്നത് ഒഴിച്ചാല്‍ ഇതിലൊന്നും ഒരു ആശയക്കുഴപ്പവും ഇല്ല.
യൂറോപ്പില്‍, വിയന്നയിലോ ലണ്ടനിലോ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചാല്‍ അവിടെപ്പോയി അരമണിക്കൂര്‍ പ്രസംഗിച്ച് അടുത്ത വിമാനത്തില്‍ തിരിച്ചുവരാന്‍ മാത്രം വരണ്ടുണങ്ങിയ മനോഭാവമല്ല എനിക്കുള്ളത്. കിട്ടിയ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര യാത്രകള്‍ ചെയ്യാനും, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും, ചരിത്രവും സംസ്‌കാരവും പഠിക്കാനും, പുതിയ മാറ്റങ്ങള്‍ നിരീക്ഷിക്കുവാനും ശ്രമിച്ചിട്ടുണ്ടാകാം. ഇതൊന്നും ഒരു കുറ്റകൃത്യമായി കരുതിയിട്ടില്ല. ഇതൊക്കെ നിഗൂഢമായ നീക്കങ്ങളാണെന്ന് വ്യാഖ്യാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അല്ലാതെ പിന്നെന്താണ് യാത്രകള്‍.?
യാത്രകള്‍ സംബന്ധിച്ചുള്ള എല്ലാ വ്യാഖ്യാനങ്ങളും തികഞ്ഞ നുണക്കഥകളും, സത്യവുമായി പുലബന്ധം പോലും ഇല്ലാത്തവയുമാണ് എന്ന് ഒരിക്കല്‍ക്കൂടി അറിയിക്കുന്നു. ആവശ്യമുള്ളവരെ പരിശോധിച്ച് ബോധ്യപ്പെടാന്‍ ക്ഷണിക്കുന്നു. അതു പോലെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴികളെന്ന പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്. ഒരു വിധത്തിലുള്ള ഡോളര്‍ കൈമാറ്റ - പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടു കഥകള്‍ വരുന്നത് ആരുടെ താല്‍പര്യപ്രകാരമാണെന്നത് അന്വേഷണ വിധേയ മാക്കേണ്ടതാണ്.
മുഖ്യമന്ത്രിയും സ്പീക്കറും ഒരുമിച്ചിരുന്ന് ഡോളര്‍ കൈമാറ്റത്തെക്കുറിച്ച് കോണ്‍സുല്‍ ജനറലുമായി സംസാരിച്ചുവെന്നും, അവിടെ ദ്വിഭാഷിയായി താന്‍ ഉണ്ടായിരുന്നുവെന്നും വരെ അസംബന്ധം മൊഴിയായി പുറത്തുവിട്ട സാഹചര്യത്തില്‍ എത്ര നികൃഷ്ടമായാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണല്ലോ .
മലപ്പുറം ജില്ലയില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ പ്രവാസികളുടെ ജീവിതവും, അനുഭവങ്ങളും, സംരംഭങ്ങളും കണ്ട് വളര്‍ന്നുവന്ന ഒരാളാണ്. ചെറിയ നിലയില്‍ തുടങ്ങി സമ്പന്നരായി മാറിയവരെയും, ലേബര്‍ ക്യാമ്പുകളില്‍ പതിറ്റാണ്ടുകള്‍ തള്ളിനീക്കിയിട്ടും പച്ചപിടിക്കാത്ത പാവം പ്രവാസികളെയും എനിക്കറിയാം അവരോടെല്ലാം ഒരേ ആദരവോടെ മാത്രമേ ഇതുവരെ പെരുമാറിയിട്ടുള്ളൂ. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ നിലപാട് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
ഒമാനില്‍ മിഡില്‍ ഈസ്റ്റ് കോളേജ് നടത്തുന്ന പൊന്നാനിയിലെ ലഫീര്‍ അഹമ്മദിനെ അറിയാം അതുപോലെ എത്രയോ പേരെ അറിയാം, അവരെയെല്ലാം കാണാറും സംസാരിക്കാറുമുണ്ട്. അതിനര്‍ത്ഥം അവരുമായെല്ലാം കൂട്ടുകച്ചവടം ഉണ്ട് എന്നല്ല. ഇനിയും പ്രവാസി സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടി വരും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ വരരുത്. ഇല്ലാത്ത കെട്ടുകഥയുടെ ഉമ്മാക്കി കൊണ്ടൊന്നും പേടിപ്പിക്കാന്‍ വരണ്ട. കാരണം നിയമ വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്. ഒരുതരത്തിലുമുള്ള ഇടപാടുകളിലും പങ്കാളിയല്ലാത്തതിനാല്‍ ഒരു ആശങ്കയുമില്ല. ഒരിടത്തും സ്വദേശത്തോ വിദേശത്തോ ഒരു നിക്ഷേപവും ഇല്ല. ഏത് ഇന്റര്‍പോളിനും അന്വേഷിക്കാവുന്നതാണ്. ഒരു കോളേജിലും നിക്ഷേപിക്കാനോ ബ്രാഞ്ച് ആരംഭിക്കാനോ ആരേയും സഹായിച്ചിട്ടില്ല. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടുമില്ല. തിരുവനന്തപുരത്ത് ഔദ്യോഗിക അത്താഴ വിരുന്നില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു എന്നതൊഴിച്ചാല്‍ ഒരിക്കലും കണ്ടിട്ടില്ല.
കസ്റ്റഡിയിലുള്ള പ്രതികള്‍ സ്വരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചു മൂടാനാകില്ല. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ, ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏര്‍പ്പാടാകരുത്. വിവിധ ഏജന്‍സികള്‍ മാസങ്ങളോളം ചോദ്യം ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ ശേഷം അതിലൊന്നും പരാമര്‍ശിക്കാത്ത ഒരു കാര്യം ഇപ്പോള്‍ പുറത്തു വരുന്നത് എങ്ങിനെയെന്നാണ് അന്വേഷണ വിധേയമാക്കേണ്ടത്. മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെയാണ് ഇത് സംഭവിച്ചത് എന്നതും കൂട്ടി വായിക്കണം.
ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തേയും ഭരണ സംവിധാനത്തേയും അംഗീകരിച്ചും വിശ്വാസത്തിലെടുത്തും ആണ് മുന്നോട്ട് പോകേണ്ടത്. എന്നാല്‍ ഇവിടെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്, കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കിയ കിഫ്ബിക്കെതിരെ കേസെടുക്കുക, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ നീങ്ങുക, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വര്‍ക്കെതിരെ കള്ളമൊഴികള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുക തുടങ്ങി നീതിന്യായ വ്യവസ്ഥയെ പല്ലിളിച്ച് കാണിക്കുന്ന ഇത്തരം പരിപാടികള്‍ വളരെ അപമാനകരമാണ്.
കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ പറഞ്ഞതോ, പറയിപ്പിച്ചതോ ആയ മൊഴികളെ മാത്രം ആശ്രയിച്ച്, യാതൊരു അന്വേഷണവും നടത്താതെ പതിറ്റാണ്ടുകളായി കര്‍മ്മ വിശുദ്ധിയോടെ പൊതുപ്രവര്‍ത്തന രംഗത്ത് തുടരുന്ന വ്യക്തികളെ ചെളിവാരിയെറിയാന്‍ ഇനിയും മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കരുത്. ഇനിയും നമ്പിനാരായണന്‍മാര്‍ ഇവിടെ ഉണ്ടാകാതിരിക്കട്ടെ !
പന്ത്രണ്ടാം വയസ്സില്‍ തുടങ്ങി കഴിഞ്ഞ നാല്‍പ്പത്തിയൊന്നു വര്‍ഷമായി പൊതുരംഗത്ത് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഞാന്‍ ആരാണെന്ന് എന്നെ അറിയാവുന്ന എല്ലാവര്‍ക്കം അറിയാം. ഞാന്‍ ഇടപഴകിയ മനുഷ്യര്‍ തന്നെയാണ് എന്റെ ശക്തി. ഏതെല്ലാം മണ്‍വെട്ടികള്‍കൊണ്ട് എത്ര ആഴത്തില്‍ കുഴിച്ചു നോക്കിയാലും ഒന്നും കണ്ടെത്തുവാന്‍ കഴിയില്ല. ഒരു പക്ഷേ, വ്യക്തിപരമായി അപമാനിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, പരാജയപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ വ്യക്തിപരമായി ഇത് എടുക്കുന്നുമില്ല. രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ടുള്ള കുപ്രചരണങ്ങള്‍ വെറും പുകമറയാണ്. കൊടുങ്കാറ്റൊന്നും വേണ്ട... ഒരിളംകാറ്റില്‍ത്തന്നെ ഒഴുകിപ്പോകുന്ന വെറും പുകച്ചുരുളുകള്‍ മാത്രം.
സത്യം അറിയേണ്ടവര്‍ക്കായി തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ കുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."