പാര്‍ട്ടി നേതാക്കള്‍ ലഹരി മാഫിയകള്‍; മറ്റൊരുവശത്ത് സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനുകള്‍
തിരുവനന്തപുരം: ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ ക്യാംപെയിനുകള്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരിമാഫിയകളായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാഫിയകള്‍ക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയില്‍ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘം നടത്തിയ നിരോധിത പാന്‍ മസാലക്കടത്ത്.
സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഎംഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ്. ലഹരിക്കടത്തിലെ സി.പി.എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ടെന്നും സതീശന് ചോദിച്ചു.
സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ ക്യാംപെയ്ല് പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്.
ലഹരി ഗുണ്ടാ മാഫിയകള്‍ക്ക് പിന്നില്‍ സിപിഎം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബര്‍ 9ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. ആലപ്പുഴയില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കടത്തുന്നതിന് നേതൃത്വം നല്കിയ ഷാനവാസ് സിപിഎം തണലില്‍ കാലങ്ങളായി ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അശ്ലീല വീഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."