സംവരണം 50 ശതമാനത്തിനു മുകളിലാകാമെന്ന് കേരളം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയില്‍ വാദിച്ചു.
മറാഠാ സംവരണ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992ല്‍ ഇന്ദിര സാഹ്നി കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാല്‍ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവില്‍ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
ഇന്ദിര സാഹ്നി കേസില്‍ വ്യക്തമാക്കിയ 50 ശതമാനത്തില്‍ ഉള്‍പ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഉയര്‍ന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടു. സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിര്‍മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയില്‍ വാദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."