കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 95 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍, 80 പവന്‍ കണ്ടെത്തി
തൃശൂര്‍: കുന്നംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 95 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലിസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ ഇസ്മായിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
കുന്നംകുളത്ത് രാജന്‍ ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍പ് ആറ് കേസുകളില്‍ പ്രതിയാണ് 30കാരനായ പ്രതി. ഡിസംബര്‍ രണ്ടിനാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒഴിഞ്ഞ വീടുകള്‍ നോക്കി കണ്ടെത്തി മോഷണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. കുന്നംകുളത്ത് പുതുവത്സര ദിവസമായിരുന്നു പ്രതി മോഷണം നടത്തിയത്. രാജന്‍ വിദേശത്താണ്. സംഭവ ദിവസം ദേവി വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ പ്രതി കോളിങ് ബെല്‍ അടിച്ച് ഇവിടെ ആളുണ്ടോയെന്ന് നോക്കി. ആരും വാതില്‍ തുറക്കാതെ വന്നതോടെ ആളില്ലെന്ന് ഉറപ്പിച്ചു.
പിന്നീട് പുറകിലെ വാതില്‍ കുത്തിപ്പൊളിച്ചാണ് ഇസ്മായില്‍ വീടിന് അകത്ത് കടന്നത്. വീട്ടില്‍ നിന്ന് ആകെ 95 പവന്‍ സ്വര്‍ണം നഷ്ടമായിരുന്നു. ഇതില്‍ 80 പവന്‍ സ്വര്‍ണം കണ്ടെത്തി. കോഴിക്കോട്ടെ സ്വര്‍ണക്കടയില്‍ നിന്ന് ഉരുക്കിയ സ്വര്‍ണമാണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഷണത്തിന് ശേഷം പ്രതി തന്റെ പാന്റ് വീടില്‍ ഉപേക്ഷിച്ചു. ഇവിടെ നിന്ന് ഒരു പാന്റ് ധരിച്ച ശേഷം പിന്‍വശത്ത് കൂടി വയലിലേക്ക് ഇറങ്ങി കുന്നംകുളം ഭാഗത്തേക്ക് പോയി. അവിടെ നിന്ന് തൃശ്ശൂരിലേക്കും പിന്നീട് പത്തനംതിട്ടയിലേക്കും പോയി. കലഞ്ഞൂരെ കാമുകിയെ കാണാനാണ് പത്തനംതിട്ടയിലേക്ക് പോയത്. രണ്ട് ദിവസത്തിന് ശേഷം കോഴിക്കോടെത്തി. ഇവിടെ വെച്ച് സ്വര്‍ണം വിറ്റു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. പിന്നീട് സമാനമായ കേസുകള്‍ പരിശോധിച്ചു. ഈ കേസുകളിലെ പ്രതികളില്‍ അടുത്ത കാലത്ത് തടവില്‍ നിന്ന് പുറത്തിറങ്ങിയവരുടെ പേര് ശേഖരിച്ചു. ഇസ്മായിലിന്റെ മൊബൈല്‍ തൃശ്ശൂരില്‍ സ്വിച്ച് ഓണ്‍ ആയത് പൊലീസിന് ബോധ്യപ്പെട്ടു. പ്രതിയെ പിടികൂടിയ സന്തോഷത്തില്‍ പൊലീസുകാര്‍ക്ക് നാട്ടുകാരും വീട്ടുകാരും മധുരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."