ഇന്ധനവില വര്‍ധനയ്ക്ക് കാരണം സംസ്ഥാന നികുതിയെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നതിനാലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍. ഒരു സംസ്ഥാനവും നികുതി വിഹിതം കുറയ്ക്കാന്‍ തയാറാകുന്നില്ല. ജി.എസ്.ടിയുടെ പരിധിയില്‍ വരാത്തതിനാല്‍ ഇന്ധനവില പിടിച്ചു നിര്‍ത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്ര പദ്ധതികളുടെ നേട്ടം പേരുമാറ്റി കേരള സര്‍ക്കാര്‍ അവകാശപ്പെടുകയാണ്. കേരളത്തില്‍ മാത്രമാണ് സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്നതെന്നും ഇത് നിഴല്‍ യുദ്ധം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടതുപക്ഷം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും യുവതീപ്രവേശനം ആകാമെന്ന് പറയുമ്പോള്‍ കടകംപള്ളി യുവതികളെ പ്രവേശിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതില്‍ ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഏത് നിലപാടാണെന്ന് വ്യക്തമാക്കണം.
ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സി.പി.എമ്മിനുവേണ്ടി പ്രചാരണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വ്യക്തമായ പങ്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചെന്നും പ്രകാശ് ജാവ്‌ദേകര്‍ ആരോപിച്ചു.
കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, എന്‍.ഡി.എ നേതാക്കളായ പി.കെ കൃഷ്ണദാസ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."