കളംനിറഞ്ഞ് നേതാക്കള്‍; പ്രചാരണച്ചൂട് കൊടുമുടിയിലേക്ക്
തിരുവനന്തപുരം: ജനവിധിക്ക് ഇനി 13 നാളുകള്‍. കൊണ്ടും കൊടുത്തും കളം നിറഞ്ഞ് നേതാക്കളും എത്തിയതോടെ പ്രചാരണ ചൂട് കൊടുമുടി കയറുന്നു. വികസനം പറഞ്ഞ് ഇടതുമുന്നണിയും ഇരട്ട വോട്ടില്‍ തൂങ്ങി പ്രതിപക്ഷവും ശബരിമല കേറി എന്‍.ഡി.എയും സജീവമാണ്.
നാലു ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ പ്രധാന ആയുധമാക്കിയാണ് യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. നേരത്തെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളൊന്നും ഇതുവരെ യു.ഡി.എഫ് പ്രചാരണ വിഷയമായി എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്തിനേറെ, ആരോപണം നിയമസഭയിലും പുറത്തും ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിപക്ഷ നേതാവും വിഷയം മറന്ന മട്ടാണ്. പ്രധാനമായും ഉയര്‍ത്തുന്നത് ഇരട്ട വോട്ടും ശബരിമലയും തന്നെ. ഇടിത്തീ പേലെ വന്ന ചാനല്‍ സര്‍വേകള്‍ യു.ഡി.എഫ് ക്യാംപുകളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ സര്‍വേകളിലും എല്‍.ഡി.എഫ് തുടര്‍ ഭരണമാണ് പ്രവചിച്ചിരിക്കുന്നത്.
വിഷു കിറ്റും ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുന്‍പ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പരാജയ ഭീതികൊണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേ സമയം, ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു.
ഇനി പിണറായി തുടര്‍ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അഹങ്കാരം, അഴിമതി, ആഡംബരം, തലക്കനം, ധൂര്‍ത്ത്, പിടിവാശി എന്നിവയായിരുന്നു ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇടതുമുന്നണിയാകട്ടെ ഇനി ശബരിമലയെക്കുറിച്ച് മിണ്ടരുതെന്നാണ് നേതാക്കള്‍ മുതല്‍ അണികള്‍ക്ക് വരെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനകീയമായ പ്രകടന പത്രിക പുറത്തിറക്കിയിട്ടും അത് വേണ്ട രീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാത്തതിലും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റു വിഷയങ്ങളില്‍ പ്രതികരണം വേണ്ട എന്നുമാണ് മുന്നണി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മലബാറില്‍ നിന്ന് പര്യടനം തുടങ്ങിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ആഞ്ഞടിക്കുകയും ഒപ്പം തുടര്‍ ഭരണമാണ് ജനങ്ങള്‍ആഗ്രഹിക്കുന്നതെന്നും പറഞ്ഞു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം ഇന്നലെ പത്തനംതിട്ടയിലെത്തിയപ്പോള്‍ എന്‍.എസ്.എസിനെതിരേ നിലപാട് കടുപ്പിച്ചു. തുടര്‍ച്ചയായി എന്‍.എസ്.എസ് വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. അതേസമയം, എന്‍.എസ്.എസുമായി ഏറ്റുമുട്ടലിനില്ലെന്നാണ് സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ നിലപാട്.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും അതു കൊണ്ടാണ് സ്വാധീന മേഖലകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതെന്നുമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രധാന ആരോപണം. വിവാദങ്ങള്‍ക്ക് പിന്നാലെ നടക്കാതെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞും വികസനം പറഞ്ഞുമാണ് ഇടതു മുന്നണി നേതാക്കളുടെ പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."