പൗരത്വ നിയമത്തിലെ ബി.ജെ.പിയുടെ ഇരട്ടമുഖം
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാഷ്ട്രങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ 1955 ലെ ഇന്ത്യന്‍ പൗരത്വം നിയമം ഭേദഗതി ചെയ്യുകയുണ്ടായി. 2019 ഡിസംബര്‍ 10ന് ലോക്‌സഭ ഭേദഗതി നിയമം പാസാക്കുകയും ചെയ്തു. വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ നിയമം പാര്‍ലമെന്റില്‍ പാസാക്കുവാന്‍ ബി.ജെ.പിയുടെ മൃഗീയ ഭൂരിപക്ഷം മതിയായിരുന്നു. ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.
2014 ഡിസംബര്‍ 31നോ അതിനു മുന്‍പോ ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി കരുതുന്നതില്‍നിന്നു ഒഴിവാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതാദ്യമായിട്ടായിരുന്നു ഇന്ത്യയില്‍ പൗരത്വത്തിന്റെ വ്യവസ്ഥകളില്‍ മതപരിഗണന ഉള്‍പ്പെടുന്നത്. മുസ്‌ലിംകളെ മാത്രം ഒഴിച്ചുനിര്‍ത്തിയുള്ള ഈ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങളായിരുന്നു അലയടിച്ചത്. പൗരത്വ നിയമ ഭേദഗതിയില്‍ മുസ്‌ലിംകളെ മാത്രം ഒഴിച്ചുനിര്‍ത്തിയ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചത് കുടിയേറ്റക്കാര്‍ വന്ന രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ അവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളല്ലെന്ന വാദം നിരത്തിയായിരുന്നു.
യഥാര്‍ഥത്തില്‍ മുസ്‌ലിംകളെ ഇന്ത്യയില്‍നിന്നു പുറത്താക്കുന്നതിന്റെ, രണ്ടാംതരം പൗരന്മാരാക്കുന്നതിന്റെ പകര്‍പ്പായിരുന്നു പൗരത്വ ഭേദഗതി നിയമം. ഇന്ത്യക്കാരായ മുസ്‌ലിംകള്‍ പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്തുനിന്ന് പുറത്താക്കുക എന്നതാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പിറകെ വന്നെങ്കിലും അത് വിശ്വാസത്തിലെടുക്കാന്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം തയാറായില്ല. പൗരത്വ നിയമ ഭേദഗതിയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭംഗിവാക്കായിരുന്നു. നിയമമനുസരിച്ച് താന്‍ ഇന്ത്യയില്‍ ജനിച്ച മുസല്‍മാനാണെന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മുസ്‌ലിം പൗരനും ഉണ്ടായി.
പിതാവിന്റെയും പൂര്‍വപിതാക്കളുടെയും പൗരത്വം തെളിയിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവരുടെ ചുമലില്‍ കെട്ടിവച്ചത് ബോധപൂര്‍വം തന്നെയാണ്. പൗരത്വ രേഖയില്‍ ഒരക്ഷരത്തിന്റെ പിഴവില്‍ ഇന്ത്യയില്‍ ജനിച്ച മുസ്‌ലിം പൗരന്മാരില്‍ പലരും വ്യാപകമായ തോതില്‍ പൗരത്വ പട്ടികയില്‍നിന്നു ഒഴിവാക്കപ്പെട്ടുകൊണ്ടിരുന്നു. കുടുംബനാഥന്‍ പട്ടികയില്‍നിന്നു ഒഴിവാക്കപ്പെട്ടപ്പോള്‍ ഭാര്യ പട്ടികയില്‍വന്നു. മക്കള്‍ പട്ടികക്ക് പുറത്തായപ്പോള്‍ ഉമ്മമാര്‍ പട്ടികയില്‍. അസമില്‍ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബവും, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മുപ്പതുവര്‍ഷത്തിലധികം സേവനം ചെയ്ത പട്ടാളക്കാരനുംവരെ പട്ടികയില്‍നിന്നു പുറത്തായപ്പോള്‍ നിയമത്തിനെതിരേ രാജ്യവ്യാപകമായി അതിരൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്.
ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ മുസ്‌ലിം സ്ത്രീകള്‍ നടത്തിയ സമരം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. സമരം തകര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തിലാണ് വംശീയ കലാപം അഴിച്ചുവിട്ടത്. എന്നിട്ടും സമരപോരാളികള്‍ പിന്മാറാതെ ഉറച്ചുനിന്നു. ഇതിനിടയില്‍ രാജ്യത്ത് പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരി കാരണം ഷഹീന്‍ബാഗ് സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. അസമിലെ ബി.ജെ.പി നേതൃത്വം പൗരത്വ ഭേദഗതി നിയമത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങിയതോടെ പൗരത്വ ഭേദഗതി നിയമത്തിന് രൂപം കൊടുത്ത സംഘ്പരിവാറും കേന്ദ്ര സര്‍ക്കാരും വെട്ടിലായി. അസമില്‍ നുഴഞ്ഞുകയറിയ മുഴുവന്‍ പേരേയും ഒഴിവാക്കണമെന്നും അതില്‍ ഹിന്ദുക്കള്‍ അടക്കമുള്ള അതിര്‍ത്തി രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ് ബി.ജെ.പിയെ പരുങ്ങലിലാക്കിയത്.
തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇരട്ടമുഖം അണിയുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞ ബി.ജെ.പി അതേ ശ്വാസത്തില്‍ തന്നെ അസമില്‍ നിയമം നടപ്പിലാക്കില്ലെന്നും പറയുവാന്‍ തുടങ്ങി. എന്നാല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, പൗരത്വ ഭേദഗതി നിയമം സമയബന്ധിതമായി നടപ്പിലാക്കുമെന്നാണ് കഴിഞ്ഞ ദിവസം വീണ്ടും മാറ്റിപ്പറഞ്ഞിരിക്കുന്നത്. കേന്ദ്രം നിയമം പാസാക്കിയാല്‍ അസമിനെ മാത്രം മാറ്റിനിര്‍ത്താനാവില്ലെന്നാണ് ഗുവാഹത്തിയില്‍ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കവെ അദ്ദേഹം പറഞ്ഞത്.
അതേസമയം അസം നിയമസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ബീഫ് ഇന്ത്യയുടെ ദേശീയ ഭക്ഷണമാന്നെന്നു പറഞ്ഞിരിക്കുന്നത് ബി.ജെ.പി ദേശീയ നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ അസം സംസ്ഥാന ഭരണം നഷ്ടപ്പെടാതിരിക്കാനാണ് ബി.ജെ.പി അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞിരുന്നതെങ്കില്‍, ഭരണം കിട്ടുകയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരിക്കണം ബി.ജെ.പി ദേശീയാധ്യക്ഷന്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടാവുക. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗവും കൂടിയാണ് ഈ കരണം മറിച്ചില്‍. ഇതേ അവസരത്തില്‍ തന്നെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഒരു ചോദ്യത്തിനു ഉത്തരമായി പൗരത്വനിയമം നടപ്പിലാക്കുന്നതിനായി ചട്ടങ്ങള്‍ രൂപപെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരിക്കുന്നതും.
ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും വ്യത്യസ്തമായ പ്രസ്താവനകളില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോ, സംഘ്പരിവാറിനോ വ്യക്തമായ നയമില്ല. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നു ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആദ്യം സമരത്തിനിറങ്ങിയത് ഓള്‍ അസം സ്റ്റുഡന്‍സ് യൂനിയനായിരുന്നു. അവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബി.ജെ.പി പറഞ്ഞു പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്.
പ്രകടനപത്രിക ഇറക്കിക്കൊണ്ട് ജെ.പി നദ്ദ വീണ്ടും കരണം മറിഞ്ഞിരിക്കുന്നതിനെതിരേ ഓള്‍ അസം സ്റ്റുഡന്‍സ് യൂനിയന്‍ സമരം പുനരാരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പിനായി ശനിയാഴ്ച അസം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ജെ.പി നദ്ദയുടെ കരണം മറിച്ചില്‍. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നിയമ നിര്‍മാണം നടത്തി അവരെ രണ്ടാം പൗരന്മാരാക്കി മാറ്റുക എന്നതിനപ്പുറം നയത്തിലോ പരിപാടിയിലോ ആശയ വ്യക്തതയില്ലാത്ത ബി.ജെ.പിയുടെ ഇരട്ട മുഖമാണ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ മതപരമായ വിവേചനം നിയമമാക്കിയ ഭരണകൂടത്തില്‍നിന്നു ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."