സ്വത്ത് നല്‍കിയിട്ടും മകന് നോക്കാത്തതാണ് കൊലക്ക് കാരണമെന്ന് ഹമീദ്; പ്രശ്നം തുടങ്ങിയത് മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചശേഷമെന്ന് അയല്‍ക്കാര്‍
തൊടുപുഴ: സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകന് തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചുകൊലപ്പെടുത്തിയ ഹമീദ് മൊഴി നല്‍കിയതായി പൊലിസ്.
ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നും തിരിച്ചു വന്ന ശേഷമാണ് ആണ്‍മക്കളുമായും പ്രശ്നം തുടങ്ങിയതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (40), മക്കളായ മെഹ്റ (16), അസ്ന (13) എന്നിവരാണ് മരിച്ചത്.
രാത്രി 12.30ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹമീദ് ജനലിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സ്വത്തുക്കളെല്ലാം രണ്ട് ആണ് മക്കള്‍ക്കും നേരത്തെ എഴുതികൊടുത്തു. സ്വത്ത് കിട്ടിയ ശേഷം ഇവര്‍ തന്നെ നോക്കിയില്ലെന്നും ഹമീദ് ആരോപിക്കുന്നു.
തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദിന്റെ മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലിസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."