വ്യാജപ്രചാരണം വര്‍ധിക്കുന്നു; ബ്രസീലില്‍ ടെലഗ്രാം നിരോധിച്ചു
വ്യാജപ്രചരണങ്ങള്‍ അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ ടെലഗ്രാം നിരോധിച്ച് ബ്രസീല്‍. പ്രസിഡന്റ് ജയ് ര്‍ ബൊല്‍സനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമമാണ് ടെലഗ്രാം. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ടെലഗ്രാം നിരോധിക്കാന്‍ ജഡ്ജി അലക്‌സാണ്ടര്‍ ഡി മൊറേസ് നിര്‍ദേശം നല്‍കിയത്.
ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൊല്‍സനാരോ നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാന്‍ ടെലഗ്രാമില്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് ജഡ്ജിയുടെ നടപടി. ബ്രസീലിയന്‍ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നതും പൂര്‍ണമായും നിയമവാഴ്ചക്കെതിരാണ്'ജഡ്ജി പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ഉപയോഗിച്ചതിനെതിരെ ബൊല്‍സനാരോക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് അത് നടപ്പാക്കാത്തത് നിരോധന ഉത്തരവില്‍ കോടതി എടുത്തുപറഞ്ഞു. ഈ കേസില്‍ തനിക്കെതിരെ വ്യക്തിപരമായ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ബൊല്‍സനാരോ പരസ്യമായി രംഗത്തെത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ നിരോധന ഉത്തരവ് നടപ്പാക്കാനാണ് മൊറേസ് നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തെറ്റായ പ്രചാരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ബൊല്‍സനാരോയുടെ പല പോസ്റ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലഗ്രാമില്‍ പ്രചാരണം ശക്തമാക്കാന്‍ ബൊല്‍സനാരോ നീക്കം തുടങ്ങിയത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കോടതി ആപ്പ് നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."