ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ട് ചുമ സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന
ജനീവ: നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന രണ്ട് ചുമ സിറപ്പുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) യുടെ മുന്നറിയിപ്പ്. ആംബ്രോനോള്‍ സിറപ്പ്, ഡി.ഒ.കെ-1 മാക്‌സ് സിറപ്പ് എന്നിവയാണിവ. ഈ കഫ്‌സിറപ്പുകള്‍ കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ നേരത്തെ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രണ്ട് മരുന്നുകളും പരാജയപ്പെട്ടതായി ഡബ്ല്യു.എച്ച്.ഒയുടെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ലബോറട്ടറികള്‍ നടത്തിയ ചുമ സിറപ്പുകളുടെ സാമ്പിളുകളുടെ വിശകലനത്തില്‍ രണ്ട് ഉല്‍പ്പന്നങ്ങളിലും അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
രണ്ട് മരുന്നുകളും സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ അവസ്ഥകള്‍ക്കോ മരണത്തിനോ കാരണമായേക്കാമെന്ന് യു.എന്‍ ആരോഗ്യ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയാണ് മരിയോണ്‍ ബയോടെക്. ഡിസംബര്‍ 22ന് ഈ കമ്പനിയുടെ മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്‌ബെക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കമ്പനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."