വഴിയില്‍ വീണുകിട്ടിയ മദ്യം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന അടിമാലി സ്വദേശി മരിച്ചു
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40) ആണ് മരിച്ചത്.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യം അനില്‍ കുമാര്‍ , കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. അനില്‍ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്‌തെങ്കിലും കുഞ്ഞുമോന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായി ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
വഴിയില്‍ നിന്ന് കിടന്ന് കിട്ടിയെന്ന് പറയുന്ന മദ്യം മറ്റൊരു സുഹൃത്തായ സുധീഷ് എന്നയാളാണ് മൂന്ന് പേര്‍ക്കും നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. സുധീഷ് മദ്യം കുടിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
മദ്യപാനത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാക്കളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."