ഗുരുവായൂരിലെ ഗതാഗത പരിഷ്‌കാരം പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗുരുവായൂര്‍: നഗരത്തില്‍ ഓഗസ്റ്റ് 15 മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഗതാഗതപരിഷ്‌ക്കാരം കടലാസിലൊതുങ്ങി. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പൊതുജനങ്ങളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിളിച്ചുചേര്‍ത്ത ട്രാഫിക് റെഗുലേറ്ററി അതോരിറ്റിയാണ് ഗതാഗതപരിഷ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ യൂനിയനുകളും ജനങ്ങളും സ്വാഗതം ചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ നഗരസഭയ്‌ക്കോ ട്രാഫിക് റെഗുലേറ്ററി അതോറിറ്റിക്കോ കഴിഞ്ഞില്ല. റെയില്‍വേ സ്റ്റേഷനില്‍ പ്രീപ്രെയ്ഡ് ഓട്ടോ സംവിധാനം, ഇന്നര്‍ റിംങ് റോഡ് വണ്‍വേയാക്കല്‍, ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കല്‍ എന്നിവയായിരുന്നു പ്രധാന തീരുമാനങ്ങള്‍.
അനധികൃത ഓട്ടോ പാര്‍ക്കുകള്‍ നിരോധിക്കാനും നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിയ ഷെഡുകള്‍ പൊളിച്ചുനീക്കാനും തീരുമാനമുണ്ടായിരുന്നു. അടുത്ത ഘട്ടമായി പടിഞ്ഞാറെ നടയിലും കിഴക്കെ നടയിലും പ്രീപ്രെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഗതാഗതതടസങ്ങള്‍ സൃഷ്ടിക്കുകയും യാത്രക്കാര്‍ക്ക് ശല്യവുമായ ഓട്ടോകളുടെ 'അരിക്കല്‍' നിര്‍ത്തലാക്കുവാനും തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ജൂലായ് 26ന് നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറിലായിരുന്നു ട്രാഫിക് റഗുലേറ്ററി അതോരിറ്റി സമ്മേളിച്ചത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ആര്‍.ജയചന്ദ്രന്‍പിള്ള, സി.ഐ രാജേഷ്, തഹസില്‍ദാര്‍ ബ്രീജകുമാരി, ജോ. ആര്‍.ടി.ഒ ടി.എം ഇബ്രാഹിംകുട്ടി, ആര്‍.പി.എഫ് വി.കെ ചന്ദ്രന്‍ എന്നിവരും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. വിശദമായ ചര്‍ച്ചയ്ക്കുശേഷം ഐക്യകണ്‌ഠേനയായിരുന്നു തീരുമാനങ്ങള്‍. റെയില്‍വേ സ്റ്റേഷനില്‍ പ്രീപ്രെയ്ഡ് ഓട്ടോ സംവിധാനത്തിനുള്ള കാബിനും സോഫ്റ്റ്‌വെയറും നഗരസഭ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ പൊതുജനം കാത്തിരുന്ന ഗതാഗത പരിഷ്‌കാരം അട്ടിമറിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."