വൺ, ടു, ത്രീ... അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ കുറ്റവിമുക്തനാക്കി
കൊച്ചി
ഇടുക്കിയിലെ കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയുൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
മണി നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹരജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.
എം.എം മണിക്കു പുറമെ സി.പി.എം. ഇടുക്കി ജില്ലാ നേതാക്കളായ കെ.ജി.മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
1982 നവംബർ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. കേസിൽ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടു. ഇത് ഹൈക്കോടതിയും ശരിവച്ചു.
എന്നാൽ 2012 മെയ് 25ന് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ എം.എം മണി നടത്തിയ ' വൺ ,ടു ,ത്രീ ' പ്രസംഗത്തോടെ കേസ് വീണ്ടും വിവാദമായി. മണിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം ആരംഭിച്ചു.
ഗൂഡാലോചനാക്കുറ്റം ചുമത്തി എം എം മണി , ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരൻ ഉൾപ്പെടെള്ളവർക്കെതിരെ കേസെടുത്തു. തുടർന്ന് മണിയെ അറസ്റ്റ് ചെയ്തു. 44 ദിവസം പീരുമേട് സബ് ജയിലിൽ കഴിഞ്ഞു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിചാരണക്കോടതി ആദ്യഘട്ടത്തിൽ പ്രതികളെ വെറുതെവിട്ട കേസാണിതെന്നും ചൂണ്ടിക്കാട്ടി തൊടുപുഴ അഡീ. സെഷൻസ് കോടതിയിൽ മണി, കെ.ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവർ വിടുതൽ ഹരജി നൽകി.
എന്നാൽ സെഷൻസ് കോടതി തള്ളി. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."