ധോണിയിൽ ഭീതിപരത്തിയ പുള്ളിപ്പുലി വലയിലായി
പാലക്കാട്
ധോണിയിൽ ജനവാസ മേഖലയിൽ മാസങ്ങളായി ഭീതിപടർത്തിയ പുള്ളിപ്പുലി ഒടുവിൽ വലയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലിറങ്ങിയ പുലി കോഴിയെ പിടിച്ച വെട്ടംതടത്തിൽ ലിജി ജോസഫിന്റെ വീട്ടുവളപ്പിലാണ് കൂട് സ്ഥാപിച്ചിരുന്നത്. ലിജിയുടെ വീട്ടുവളപ്പിൽനിന്ന് കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പുലി പരിസരത്തുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് കൂട് സ്ഥാപിച്ചത്. കൂട്ടിലായ ആൺപുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. കൂട് മാറ്റുന്നതിനിടെ പുതുപ്പരിയാരം വാർഡ് മെംബർ ഉണ്ണികൃഷ്ണനെ പുലി മാന്തി പരുക്കേൽപ്പിച്ചു. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് സാരമുള്ളതല്ല.
പുലിയെ വിശദമായി പരിശോധിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാൽ വനത്തിൽ തുറന്നുവിടും. പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടാനാണ് ആലോചന. പ്രാഥമിക പരിശോധനയിൽ പുലിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പാപ്പാടിയിലെ വീട്ടിൽ പ്രസവിച്ച മറ്റൊരു പെൺപുലിയും കുട്ടിയും ധോണി മേഖലയിൽ ഇപ്പോഴും കറങ്ങിനടക്കുന്നതായി നാട്ടുകാർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."