കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെടരുത്: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ദുരൂഹവും ഭരണഘടനാ വിരുദ്ധവുമെന്ന് സി.പി.എം
തിരുവനന്തപുരം: രാജ്യസഭയിലെ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിലെ മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചശേഷമാണ് തിരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മിഷന്‍ എടുത്ത തീരുമാനം നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം ആരോപിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016-ല്‍ അസംബ്ലി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണയും മാര്‍ച്ച് 24-ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കി.
മാര്‍ച്ച് 31-ാം തീയതി മൂന്ന് മണി വരെ നോമിനേഷന്‍ സമര്‍പ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 12-ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടത്തുക എന്ന് ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച നടപടി ദുരൂഹമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."