പരിശോധനയ്ക്കിടെ പിടികൂടിയ പണം കൈവശംവച്ചു: മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
സുൽത്താൻ ബത്തേരി
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെ യാത്രക്കാരിൽനിന്നും പിടികൂടിയ രേഖകളില്ലാത്ത ഒമ്പത് ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമിച്ച മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രിവന്റീവ് ഓഫിസർ പി.എ പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ മൻസൂർ അലി, എം.സി സനൂപ് എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലോടെ ആയിരുന്നു ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരിൽനിന്നും പണം പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി ബസിലെ ഗുണ്ടൽപ്പേട്ട സ്വദേശികളിൽ നിന്നാണ് പണം കണ്ടെടുത്തത്. പണം ജനറൽ ഡയറിൽ രേഖപ്പെടുത്തുകയോ, മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തി.തുടർന്ന് അന്ന് ഉച്ചക്ക് 2.15ഓടെ യാത്രക്കാർ രേഖകളുമായി ചെക്പോസ്റ്റിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടറെ സമീപിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് പുലർച്ചെ നടന്ന സംഭവത്തെക്കുറിച്ച് മറ്റ് ഉദ്യോഗസ്ഥർ അറിയുന്നത്. രാവിലെ 6.40ന് ചുമതലയേറ്റ എക്സൈസ് ഇൻസ്പെക്ടറോട് പണം പിടികൂടിയ വിവരം പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതോടെ ഇവർ പണം വാങ്ങിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെത്തി യാത്രക്കാർക്ക് പണം തിരിച്ചു നൽകി പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ഇവർക്കെതിരേ സ്ഥലംമാറ്റ നടപടി കൈകൊണ്ട് എക്‌സൈസ് മുഖം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."