മുന്നോക്ക സംവരണം: സമഗ്ര സർവേ നടത്താനാകില്ലെന്ന് സർക്കാർ എൻ.എസ്.എസിൻ്റെ ഹരജി ഹൈക്കോടതി തീർപ്പാക്കി
കൊച്ചി
മുന്നോക്ക സംവരണം നടപ്പാക്കുന്നതിനായി 2019 ൽ ശുപാർശ ചെയ്തതു പോലുള്ള സമഗ്ര സർവേ ഇപ്പോൾ നടത്താനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 13 ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ സമർപ്പിച്ചു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി സാംപിൾ സർവേ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഫയൽ ചെയ്ത ഹരജിയിലായിരുന്നു സമഗ്ര സർവേയെന്ന മുൻ ശുപാർശയിൽ തീരുമാനം അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ അറിയിച്ചത് രേഖപ്പെടുത്തി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഹരജി തീർപ്പാക്കി.
സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടി സമഗ്ര സർവേ നടത്താനാകില്ലെന്ന് സർക്കാർ പറയുമ്പോൾ കോടതിക്ക് ഇക്കാര്യത്തിൽ മറ്റൊരു ഉത്തരവിടാനാകില്ല. നിലവിലെ സാഹചര്യം മാറിയാൽ സർക്കാരിന്റെ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."