മുന്‍ എം.എല്‍.എ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു
കോഴിക്കോട്: മേപ്പയൂര്‍ മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു. 89 വയസായിരുന്നു. അസുഖബാധിതനായി ഏറെനാളായി വിശ്രമത്തിലായിരുന്നു.
ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. കുറഞ്ഞകാലം സോഷ്യലിസ്റ്റ് രാഷ്ട്രീയചേരിക്കൊപ്പം നിന്ന അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗിനൊപ്പം ചേര്‍ന്നു. 30 വര്‍ഷത്തോളം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റ് ചുമതലയും വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.എച്ച് കണാരനോട് പരാജയപ്പെട്ടു. ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മേപ്പയൂര്‍ മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി പിന്നീട് ഏല്‍പിച്ചത്. 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് അഖിലേന്ത്യാ ലീഗ് നേതാവായിരുന്ന എ.വി അബ്ദുറഹ്മാന്‍ ഹാജിയെ തോല്‍പിച്ച് എം.എല്‍.എയാകുകയും ചെയ്തു. നാദാപുരം സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്.
ജനാസ നമസ്‌കാരം ഇന്നു രാവിലെ 11ന് എടച്ചേരി നല്ലൂര്‍ സുബുലുസ്സലാം അങ്കണത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."