പരിശീലനം പൂര്‍ത്തിയാക്കി 255 സഊദി വനിതകള്‍ സായുധസേനയിലേക്ക്
റിയാദ്: പരിശീലനം പൂര്‍ത്തിയാക്കിയ 255 സഊദി വനിതകള്‍ കൂടി സായുധസേനയുടെ ഭാഗമായി. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിയിലും ഹജ്ജ്, ഉംറ സെക്യൂരിറ്റിയിലും സ്പെഷ്യലൈസേഷനുള്ള സായുധ സേനയുടെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയ നാലാമത്തെ ബാച്ചാണിത്. ബിരുദദാന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്, പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി തുടങ്ങിയവര്‍ പങ്കെടുത്തു.
നയതന്ത്ര സുരക്ഷയ്ക്കുള്ള പ്രത്യേക സേനയിലും ഹജ്ജ്, ഉംറ സുരക്ഷാ സേനയിലുമാണ് ഇവരെ നിയമിക്കുക. സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പാഠങ്ങള്‍ക്കു പുറമേ ആപ്ലിക്കേഷനുകളിലും വിവരസാങ്കേതികവിദ്യയിലും പരിശീലനം ലഭിച്ചവരാണിവര്‍.
2019ലാണ് സഊദി സായുധ സേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. സൗദി അറേബ്യന്‍ ആര്‍മി, റോയല്‍ സൗദി എയര്‍ ഡിഫന്‍സ്, റോയല്‍ സൗദി നേവി, റോയല്‍ സൗദി സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് എന്നിവയില്‍ വനിതകള്‍ക്ക് ചേരാം. നയതന്ത്ര, ഹജ്ജ് ഉംറ പ്രത്യേക സുരക്ഷാ സേനയ്ക്ക് പുറമെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."