നോർത്താംറ്റാൻ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർത്ഥിക്ക് വിജയം
ജിദ്ദ: ഇംഗ്ലണ്ടിലെ നോർത്താംറ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യക്കാരൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചിരിക്കയാണ്. മലപ്പുറത്തെ കാവനൂർ പഞ്ചായത്തിലെ വാക്കാലൂർ സ്വദേശിയായ ഇരുമ്പടശ്ശേരി മുഹമ്മദ് അഫ്‌സലാണ് പോർച്ചുഗീസ് എതിരാളിയായ സീനിയർ വിദ്യാർഥി പോളിനെ പിന്തള്ളി ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് അഫ്‌സൽ എം.ബി.എ പഠിക്കാനായി യു.കെ യിലെത്തുന്നത്. ചെറുപ്പം തൊട്ടേ വിദ്യാർഥി രാഷ്ട്രീയത്തിലും സന്നദ്ധ സേവന പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നതിന്റെ ഊർജമാണ് ഇങ്ങനെയൊരു പോസ്റ്റിലേക്ക് നോമിനേഷൻകൊടുക്കാൻ ധൈര്യം നൽകിയത്.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്, കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കോളേജ് എന്നിവിടങ്ങളിലായാണ് പഠിച്ചത്. ജെ.ഡി.റ്റിയിൽനിന്ന് മൾട്ടീമീഡിയയിൽ ബിരുദവുമെടുത്തു.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും ഒട്ടുമിക്ക രാജ്യങ്ങളില്‍നിന്നുമായി പതിനായിരത്തിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിൽ എഴുന്നൂറോളം മലയാളി വിദ്യാർത്ഥികളും ഉണ്ട്. പ്രസിഡന്റടക്കം അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്. യൂണിയനാണ് ഇവിടെയുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുക. വൈസ് പ്രസിഡന്റ് അക്ടിവിടീസ് എന്നത് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ നിറയെ ഉത്തരവാദിത്വമുള്ള ഒരു ഫുള്‍ടൈം സംവിധാനമാണ്. അതായത് യൂണിവേഴ്സിറ്റി യൂണിയനെ നയിക്കുന്ന സ്റ്റാഫ് പദവിയാണ്. ഈ സമയത്ത് പഠനത്തിന് അവധിയായിരിക്കും.
നമ്മുടെ നാട്ടിലെ യൂണിയൻ പ്രവർത്തനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങൾ. ജൂൺ മാസം മുതലാണ് പദവി ഏറ്റെടുക്കേണ്ടത്. ഇതിനിടക്ക് രണ്ടുമാസത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. കൂടാതെ യൂണിവേഴ്സിറ്റി വക ശമ്പളവുമുണ്ടാകും.
മത്സരത്തിനിറങ്ങുമ്പോൾ വിജയപ്രതീക്ഷ തീരെ ഉണ്ടായിരുന്നില്ല. യു.കെ, പോർച്ചുഗൽ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽനിന്നും സ്ഥാനാർഥികളുണ്ട്. നാല്പത്തിരണ്ട്‍ സൊസൈറ്റികളിൽ കേരള ഇന്റർനേഷനൽ സ്റ്റുഡന്റസ് സൊസൈറ്റി, ട്രെഷർ ഹണ്ട് എന്നിവയൊഴികെ നാല്പതും എതിർപക്ഷത്തായിരുന്നു. ബാഡ്മിന്റൺ സൊസൈറ്റിയുടെ പ്രസിഡന്റും പ്രമുഖ വോളിബോൾ താരവും സീനിയർ സ്റ്റുഡന്റും യൂറോപ്യനുമാണ് എതിരാളി. എങ്കിലും എല്ലാ വംശക്കാരിൽനിന്നും രാഷ്ട്രങ്ങളിൽനിന്നുമുള്ളവർ പിന്തുണച്ചതുകൊണ്ടാണ് വിജയം വരിക്കാനായത്.
ഇങ്ങനെയൊരു നേട്ടം ലഭിച്ചതിന് ദൈവത്തോടും മാതാപിതാക്കളോടും ഗുരുനാഥന്മാരോടും സഹപ്രവർത്തകരോടും കടപ്പാടുണ്ടെന്ന് മുഹമ്മദ് അഫ്സൽ പറഞ്ഞു. വേസ്റ്റ് മാനേജ്‌മെന്റ്, സ്പോർട്സ്, ടൂറിസം എന്നീ രംഗങ്ങളിൽ തല്പരനായ അഫ്സലിന്റെ ആഗ്രഹം യൂറോപ്പിൽ നിന്നും ലഭിക്കുന്ന അനുഭവസമ്പത്തുമായി നാടിന് വേണ്ടി ജീവിക്കുക എന്നതാണ്. വാക്കാലൂർ എന്ന ഒരു നാട് മുഴുവനും അഫ്‌സലിന്റെ ഈ അതുല്യ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."