സഊദി വനിതകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനം
റിയാദ്: സഊദി അറേബ്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി. സഊദി വനിതകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് ഇനി മുതല്‍ സഊദി പൗരത്വം നല്‍കും. സൗദികളായ പുരുഷന്‍മാര്‍ക്ക് വിദേശികളായ ഭാര്യമാരില്‍ ജനിച്ച മക്കള്‍ക്ക് മാത്രമാണ് ഇതുവരെ ഇത്തരത്തില്‍ പൗരത്വം അനുവദിച്ചിരുന്നത്.
വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും മക്കള്‍ക്ക് പൗരത്വത്തിന് നിയമപരമായ പ്രായമാകുമ്പോള്‍ രാജ്യത്ത് സ്ഥിരതാമസ പദവി (ഇഖാമ) ഉണ്ടായിരിക്കണം. നല്ല പെരുമാറ്റവും നല്ല സ്വഭാവവുമുള്ളയാളാവണം. കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആറ് മാസത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിച്ചവരോ ആകരുത്. അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
സഊദി അറേബ്യന്‍ നാഷണാലിറ്റി സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 8ന്റെ ഭേദഗതിക്കാണ് രാജ്യത്തെ ഉന്നത അധികാരികള്‍ അംഗീകാരം നല്‍കിയത്. പൗരത്വം നല്‍കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നല്‍കുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. 'ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം' പൗരത്വം നല്‍കുന്നുവെന്ന വാചകത്തിന് പകരം ഇനി മുതല്‍ 'ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ ഉത്തരവിലൂടെ' എന്നാണ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."