ക്രിസ്റ്റ്യാനോ, മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരെ കാണാനുള്ള ഒരു ടിക്കറ്റിന്റെ വില 21.68 കോടി രൂപയിലെത്തി; ലേലം തുടരുന്നു
റിയാദ്: സഊദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ് കപ്പിലെ 'ബിയോണ്ട് ഇമാജിനേഷന്' എന്ന പേരിലുള്ള പ്രത്യേക ചാരിറ്റി ടിക്കറ്റിന്റെ അതിശയകരമായ ആഗോള ലേലം ഒരു കോടി റിയാല്‍ (ഏതാണ്ട് 21.68 കോടി രൂപ) കടന്നു. ക്രിസ്റ്റ്യാനോ, മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരെല്ലാം കളിക്കുന്ന മല്‍സരം കാണാനും ട്രോഫി സമ്മാനിക്കാനും കളിക്കാര്‍ക്കൊപ്പം ഗംഭീര ഭക്ഷണവിരുന്നില്‍ പങ്കെടുക്കാനും താരങ്ങളുടെ റൂമിലേക്ക് പ്രവേശിക്കാനുമെല്ലാം അവസരം നല്‍കുന്നതാണ് 'ബിയോണ്ട് ഇമാജിനേഷന് ടിക്കറ്റ്.
ജനുവരി ഒമ്പതിന് 10 ലക്ഷം റിയാല്‍ പ്രാരംഭ വിലയിലാണ് ലേലം ആരംഭിച്ചത്. ജനുവരി 17 വരെ ലേലം തുടരും. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും സൗദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിലേക്ക് (എഹ്സാന്‍) നല്‍കും. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് സംഘാടകര്‍. റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഷറഫ് ബിന്‍ അഹമ്മദ് അല്‍ഗാംദിയാണ് ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തത്. അഖര്‍ 1 ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജനറല്‍ മാനേജരാണിദ്ദേഹം. ടിക്കറ്റ് വില്‍പ്പനയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലമായി ഇത് കണക്കാക്കപ്പെടുന്നു.
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ജനുവരി 19നാണ് മല്‍സരം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന അല്‍ നസറിന്റെയും അല്‍ഹിലാലിന്റെയും താരങ്ങളാണ് ഒരു ഭാഗത്ത് അണിനിരക്കുന്നത്. മറുഭാഗത്ത് ലോക ഫുട്ബോളിലെ മിന്നും താരങ്ങളായ മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങിയ ഫ്രാന്‍സിന്റെ പാരിസ് സെന്റ് ജെര്‍മനാണ് ബൂട്ടുകെട്ടുന്നത്. മത്സരത്തിന് രണ്ടാഴ്ച മുമ്പ് തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."