വാഹനമിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസ്: 11 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനമിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ 11 പൊലിസുകാര്‍ക്ക് സസ്പെന്ഷന്. കണ്ട്രോള് റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്പെന്ഷന്.
സംഭവം നടന്ന ഡല്‍ഹിയിലെ കാഞ്ജന്വാല ഏരിയയുടെ മേല്‍നോട്ട ചുമതലയുള്ള രോഹിണി പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള പൊലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരില്‍ ആറ് പേര് കണ്ട്രോള് റൂം ഡ്യൂട്ടിയിലും അഞ്ച് പേര് പിക്കറ്റുകളെ നിയന്ത്രിക്കുന്ന ഡ്യൂട്ടിയിലുള്ളവരുമായിരുന്നു.
ഡല്‍ഹി പൊലിസ് സ്പെഷ്യല്‍ കമ്മിഷണര്‍ ശാലിനി സിംഗ് നടത്തിയ അന്വേഷണത്തില്‍ പൊലിസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
സംഭവം നടന്ന ഉടന്‍ ദൃക്സാക്ഷിയായ ആള് പൊലിസില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ കാറില്‍ കുടുങ്ങിയ നിലയില്‍ യുവതിയെയും കൊണ്ട് 14 കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിച്ചിട്ടും പൊലിസ് സ്ഥലത്തെത്തിയിരുന്നില്ല.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ സ്കൂട്ടറില്‍ യാത്ര ചെയ്ത അഞ്ജലി സിങും സുഹൃത്തുമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ സ്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. കാറിനടിയില്‍ യുവതി കുടുങ്ങിയിട്ടും പ്രതികള്‍ നിര്‍ത്താതെ പോവുകയായിരുന്നു.
സംഭവത്തില്‍ ആറ് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."