ആധാരങ്ങള്‍ വിലകുറച്ചു രജിസ്റ്റര്‍ ചെയ്ത കേസുകള്‍: ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
തിരുവനന്തപുരം: ആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ളതുമായ ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും, ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുദ്രവില ഈടാക്കി തീര്‍പ്പാക്കും.
ആധാരത്തിലെ വസ്തുവിന്റെ ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക്, കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടായിരം രൂപയും, മുനിസിപ്പല്‍ പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം.
ഭൂപരിധി അഞ്ച് സെന്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് തുക അടയ്ക്കുന്നതില്‍നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് സെന്റ് വരെ, കോര്‍പറേഷന്‍ പരിധിയില്‍ നാലായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ രണ്ടായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം. പത്ത് മുതല്‍ ഇരുപത്തിയഞ്ച് സെന്റ് വരെ, കോര്‍പറേഷന്‍ പരിധിയില്‍ ആറായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ മൂവായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരത്തി അഞ്ഞൂറ് രൂപയും അടയ്ക്കണം.
ഇരുപത്തഞ്ച് സെന്റ് മുതല്‍ അന്‍പത് സെന്റ് വരെ കോര്‍പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ അയ്യായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും അടയ്ക്കണം. കൂടാതെ, അന്‍പത് സെന്റ് മുതല്‍ ഒരേക്കര്‍ വരെ, കോര്‍പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും അന്‍പത് സെന്റില്‍ കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും മൂന്നൂറ് രൂപാ വീതവും അടയ്ക്കണം.
മുനിസിപ്പല്‍ പരിധിയില്‍ അയ്യായിരം രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും ഇരുനൂറ് രൂപാ വീതവും, പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും കൂടുതലുള്ള ഓരോ സെന്റിനും അതിന്റെ ഭാഗത്തിനും നൂറ് രൂപാ വീതവും അടയ്ക്കണം. ആധാരത്തിലെ ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മിത വിസ്തീര്‍ണം അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ രണ്ടായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം.
കൂടാതെ വിസ്തീര്‍ണം അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് തുക അടയ്ക്കുന്നതില്‍ നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഫ്‌ളാറ്റ്,അപ്പാര്‍ട്ട്‌മെന്റ് വിസ്തീര്‍ണം അഞ്ഞൂറ്റിയൊന്നു മുതല്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പറേഷന്‍ പരിധിയില്‍ നാലായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ രണ്ടായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ ആയിരം രൂപയും അടയ്ക്കണം.
ആയിരത്തിയൊന്നു മുതല്‍ ആയിരത്തിയഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പറേഷന്‍ പരിധിയില്‍ ഏഴായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ നാലായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും അടയ്ക്കണം. ഫ്‌ളാറ്റ്,അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം ആയിരത്തിയഞ്ഞൂറ്റിയൊന്നു മുതല്‍ രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് വരെ കോര്‍പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും മുനിസിപ്പല്‍ പരിധിയില്‍ ഏഴായിരം രൂപയും പഞ്ചായത്ത് പരിധിയില്‍ മൂവായിരം രൂപയും അടയ്ക്കണം.
കൂടാതെ, ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പതിനായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും അഞ്ഞൂറ് രൂപ വീതവും അടയ്ക്കണം. രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ മുനിസിപ്പല്‍ പരിധിയില്‍ ഏഴായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ നൂറ് സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും മൂന്നൂറ് രൂപ വീതവും, പഞ്ചായത്ത് പരിധിയില്‍ രണ്ടായിരം രൂപയും രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള ഓരോ നൂറ് സ്‌ക്വയര്‍ ഫീറ്റിനും അതിന്റെ ഭാഗത്തിനും നൂറ് രൂപ വീതവും അടയ്ക്കണം.
നേരത്തെ നടപടികള്‍ക്ക് വിധേയമായി പണം അടച്ച് തീര്‍പ്പാക്കിയ കേസുകള്‍ക്ക് പദ്ധതി ബാധകമല്ല. പദ്ധതി പ്രകാരമുള്ള നോട്ടീസ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് അതത് ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് അയയ്ക്കും.
നോട്ടീസ് കിട്ടുന്നവര്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസില്‍ പണമടച്ച് രസീതു സൂക്ഷിക്കണം. നേരിട്ട് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതത് ജില്ലാ രജിസ്ട്രാറിന്റെ (ജനറല്‍) പേര്‍ക്ക് ഡി.ഡി നല്‍കാം. തീര്‍പ്പാക്കുന്ന കേസുകള്‍ ഓഫിസ് റെക്കാര്‍ഡില്‍ സൂക്ഷിക്കും. തുക അടയ്ക്കുന്ന സമയത്ത് സബ് രജിസ്ട്രാറാര്‍ ഓഫിസില്‍ അസല്‍ ആധാരം ഹാജരാക്കിയാല്‍ ആധാരത്തിലും തുക ഈടാക്കിയ വിവരം രേഖപ്പെടുത്തിക്കൊടുക്കും.
ഈ പദ്ധതിപ്രകാരം തുക അടയ്ക്കാന്‍ തയാറാകാത്തവര്‍ക്കെതിരേ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലാ രജിസ്ട്രാര്‍ ഓഫിസുകളിലും സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."