HOME
DETAILS
MAL
കുഞ്ഞിന്റെ അഴുകിയ ശരീരവും തുമ്പിക്കയ്യിലേന്തി നീങ്ങുന്ന പേറ്റുനോവ് മായാത്ത പിടിയാന,കണ്ണുനനയിച്ച് ആനക്കൂട്ടം
backup
March 20 2022 | 07:03 AM
മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അഴുകിത്തീരാറായ കുഞ്ഞിന്റെ ജഡവും തുമ്പിക്കയ്യിലേന്തി റോഡ് മുറിച്ചു കടക്കുന്ന പിടിയാനയുടെ ചിത്രമാണ് എവരുടേയും കണ്ണ് നനയ്ക്കുന്നത്. കുടുംബത്തോടൊപ്പം റോഡിന് ഒരു വശത്തായ അസ്വസ്ഥരായി റോഡ് മുറിച്ചുകടക്കാന്‍ കാത്ത് നില്‍ക്കുകയാണ് അവര്‍.
പേറ്റുനോവ് മായാത്ത, മുലപ്പാലിന്റെ നനവ് പൊടിയുന്ന മാറിടമുള്ള പിടിയാന. മരിച്ചു പോയ കുഞ്ഞിന്റെ അഴുകിയ ഗന്ധവും പേറി വരണ്ട മണ്ണിന്റെ മാറിനെ കരയിച്ചാണ് കടന്ന് പോയത്. മുനീര്‍ തോല്‍പ്പെട്ടി എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
"സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കുവാൻ ഒരു വിചിത്ര ഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു.''
(മാധവിക്കുട്ടി)
ഏത് വാക്കിൻ്റെ പൊരുളിൽ പറയണമെന്നറിയാത്ത ഒരു സ്നേഹം മനസിനെ ഉലച്ചു കളഞ്ഞ ദിവസമാണിന്ന്.
തിരക്കേറി പൊള്ളുന്ന മാർച്ച് മാസത്തിൻ്റെ പകൽ പടിഞ്ഞാറൻ ചെരുവിൽ നിറങ്ങൾ ചാലിച്ച് തുടുത്ത് തുടങ്ങിയ നേരം ,ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലേക്കാണ് ഏറേ പ്രിയമുള്ള സുഹൃത്തുകളുടെ ചായകടയിൽ നിന്നുള്ള കൈ വീശൽ.
സൗഹൃദങ്ങളുടെ പങ്കുവെക്കൽ മുഴുവൻ കണ്ടറിഞ്ഞ കാടിൻ്റെ നനവും മിഴിവുമായിരുന്നു .
വേനൽ മഴയുടെ മുന്നൊരുക്കങ്ങളിലും ബാക്കി താണ്ടേണ്ടുന്ന സ്ഥിരം കാനന വഴികളിൽ ഇരുട്ടിൻ്റെ നിഴൽ പരക്കാൻ തുടങ്ങുമെന്നതും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡവും പെറുക്കി യാത്ര തുടരാൻ നിർബന്ധിച്ചപ്പോൾ എൻ്റെ വഴിയുടെ പാതി പിന്നിടാൻ അവരും കൂട്ട് വന്നു ...
വേനലിൽ പൊള്ളിയടർന്നുവെങ്കിലും പല മരത്തിലും തളിരില ചോപ്പിൻ്റെ പല നിറങ്ങൾ.. കാറ്റ് കടം വാങ്ങി പോകുന്ന കരിയിലകളുടെ അനക്കം പോലും ആസ്വദിച്ചുള്ള ആ യാത്രയ്ക്കിടയിലേക്ക് ഒരു ചിന്നം വിളിയുടെ കാലടികൾ റോട്ടിലേക്ക് ഓടിയെത്തിയത്.
വളരെ അസ്വസ്ഥമായ രണ്ട് വലിയ പിടിയാനയും ഒരു കുട്ടിയും അടങ്ങിയ കുടുംബം മിക്ക വാഹനങ്ങൾക്ക് നേർക്കും ഓടി അടുക്കുന്നു. ഓരോ വാഹനത്തേയും ഭയപ്പെടുത്തി ഓടിക്കുന്ന തിനിടയിൽ സുരക്ഷിത അകലത്തിൻ്റെ ദൂരം തേടി ഞങ്ങൾ ബൈക്ക് തിരിച്ചിടുകയും ചെയ്തു..
വനം വകുപ്പിലെ സുഹ്യത്തുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞ സുഖമില്ലാത്ത കുഞ്ഞിനേയും കൊണ്ട് നടക്കുന്ന ആന കൂട്ടമാകും ഇതെന്ന് തോന്നി.
സുഹൃത്തിനോട് പറയുകയും ചെയ്തു.
അസുഖബാധിതനായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കാൻ കഴിയാത്തതിനാലാകും മുതിർന്ന ആനകൾ ഇത്ര അസ്വസ്തമാകുന്നതെന്ന് തോന്നി..
നിരന്തരം വാഹനങ്ങളെ ഓടിക്കുന്നതിനാൽ ആനകൾ നിൽക്കുന്നതിന് ഇരുവശവും വാഹനങ്ങളുടെ ചെറിയ തിരക്കും രൂപപ്പെട്ടതിനിടയിലേക്കാണ് ആ അമ്മ കുഞ്ഞിനേയും തുമ്പിയിൽ തൂക്കിയെടുത്ത് റോട്ടിലേക്ക് കയറിയത്.
ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി.
മരിച്ച് ദിവസങ്ങൾ കഴിഞ്ഞ , അഴുകി വീഴുന്ന കുഞ്ഞിൻ്റെ ശരീരവും എടുത്ത് ഒരമ്മ.......
ഒന്ന് പോകാൻ അനുവദിക്കണമെന്ന യാചന പോലെ കുഞ്ഞിനെ ഒന്ന് കൂടി ഉയർത്തി പിടിച്ച് ഇരുവശവും നിന്ന വാഹനങ്ങളുടെ നേരേ കാണിച്ച് ഒരു നിമിഷം അവളൊന്ന് നിന്നു.
പിന്നെ പതിയെ അവർ റോഡ് മുറിച്ച് കടന്ന് കാടിൻ്റെ മറവിലേക്ക്.
പേറ്റ് നോവിൻ്റെ മുറിവുണങ്ങാത്ത ഒരമ്മയാണ് ,
മുലപ്പാലിൻ്റ നനവ് പൊടിയുന്ന മാറിടമുള്ള ഒരമ്മയാണ് മുന്നിലൂടെ കടന്ന് പോയത്.
മരിച്ചു പോയ കുഞ്ഞിൻ്റെ അഴുകിയ ഗന്ധവും പേറി വരണ്ട മണ്ണിൻ്റെ മാറിനെ കരയിച്ച് കടന്ന് പോയത്.
ആത്മബന്ധത്തിൻ്റെ വൈകാരിക തലത്തെ ഓർത്ത ഞാനെന്ന മനുഷ്യജീവി ആ നിമിഷം
വല്ലാതെ ചെറുതായത് ആനയുടെ വലിപ്പത്തിൻ്റെ മുമ്പിലല്ല.
സ്നേഹത്തെ കുറിച്ച് പറഞ്ഞ ആ വിചിത്ര ഭാഷയ്ക്ക് മുമ്പിലാണ്.
പറഞ്ഞു കേട്ടിട്ടുണ്ട്. ആനകളുടെ
പരസ്പരമുള്ള ആത്മബന്ധത്തിൻ്റെ
നിറകൺ കഥകൾ ...
പക്ഷെ ഉള്ള് തൊട്ടത് ഇപ്പോൾ മാത്രമാണ്.
കൂട്ടത്തിൽ നിന്ന് മരിച്ചു പോയ ആനയുടെ ബാക്കി വന്ന എല്ലിൻ കഷണങ്ങൾ ഉപേക്ഷിച്ച് തീറ്റ തേടി അലയുമ്പോഴും പതിവു തെറ്റാതെ ഇടവേളകൾ താണ്ടി ആ വഴി തേടിയെത്തി ദ്രവിച്ച് തുടങ്ങുന്ന എല്ലിൻ കഷണങ്ങൾ തലോടി കടന്നു പോകുന്ന ആനകളുടെ ആത്മബന്ധത്തെ കുറിച്ചുള്ള അനുഭവ പാഠങ്ങൾ അവരിൽ ഗവേഷണം നടത്തുന്ന സുഹൃത്ത് പറയുമ്പോഴും ഉള്ള് പൊള്ളിച്ചത് ഇപ്പോൾ മാത്രമാണ്.
കാരണം
ഇപ്പോൾ
പോയത് ഒരമ്മയാണ്..
നിലത്ത് വലിച്ചിഴയ്ക്കാതെ ഉയർത്തി പിടിച്ച് കൊണ്ട് പോയത് അഴുകി വീണ് തീരാറായ പേറ്റ് നോവിൻ്റെ ഭാരമാണ് .....
അവൾ പറഞ്ഞത് മുഴുവൻ
നമുക്ക് പങ്കുവെക്കുവാൻ അറിയാത്ത വിചിത്ര ഭാഷയാണ്........
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."