കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ ഉണ്ണി നമ്പൂതിരി ഇനി ഓര്‍മ്മ
ചെറുതുരുത്തി: തലപ്പിള്ളി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കാന്‍ ജീവിതം പോരാട്ടമാക്കി മാറ്റുകയും, പി.കൃഷ്ണപിള്ളയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തന്റെ മനയില്‍ ഒളിതാവളമൊരുക്കി നല്‍കുകയും ചെയ്ത പുതുശ്ശേരി മണ്ണഴി മന ശങ്കരനുണ്ണി നമ്പൂതിരി (എം.എസ് നമ്പൂതിരി 89) ഇനി ഓര്‍മ്മ. ചെറുപ്രായത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നമ്പൂതിരി സി.പി.ഐ രൂപീകൃതമായപ്പോള്‍ മുതല്‍ പാര്‍ട്ടിയോടൊപ്പം നിലകൊണ്ടു.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിന്റെ പഴയ രൂപമായ ചെറുതുരുത്തി പഞ്ചായത്തിന്റെ മെമ്പറായി 13 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള എം.എസ് തലപ്പിള്ളി താലൂക്കില്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ ജനവിധി തേടിയ ആദ്യ നേതാവെന്ന പെരുമയും സ്വന്തമാക്കി. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഹേമ, പരേതയായ സുധ. മരുമക്കള്‍: ലക്ഷ്മീനാരായണന്‍, നാരായണന്‍. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മണ്ണഴി മനയിലെത്തി മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. എം.എല്‍.എമാരായ അഡ്വ: കെ.രാജന്‍, മുഹമ്മദ് മുഹ്‌സിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കെ.പി രാജേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."