ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടണം
ടി ഷാഹുൽ ഹമീദ്
ഓൺലൈൻ ഗെയിം കുട്ടികളുടെ മാനസികനിലയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ ഭാവിയിൽ ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ 2022 വരെ 25 കുട്ടികളാണ് കേരളത്തിൽ ഓൺലൈൻ ഗെയിം കാരണം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിൽ മാത്രം 17 പേരാണ് ഓൺലൈൻ ഗെയിം കാരണം കഴിഞ്ഞ വർഷത്തിൽ ആത്മഹത്യ ചെയ്തത്. ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് രാജ്യം പുതിയ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. 2000 ത്തിലെ ഐ.ടി നിയമത്തിലെ 87ാം വകുപ്പിൽ ഉൾപ്പെടുത്തി ഓൺലൈൻ ഗെയിമുകൾക്ക് പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തുന്നതിന് കരട് ചട്ടം പൊതുജനങ്ങൾക്കായി അഭിപ്രായത്തിന് വേണ്ടി കേന്ദ്ര സർക്കാർ ലഭ്യമാക്കിയിരിക്കുകയാണ്.
2026 ഓടുകൂടി ഇന്ത്യയിലെ ഓൺലൈൻ ഗെയിം വ്യവസായം 56995 കോടി രൂപയുടെ വളർച്ച നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഓൺലൈൻ ഗെയിം വിപണിയാണ്. 400 ലധികം ഓൺലൈൻ ഗെയിം സ്റ്റാർട്ടപ്പുകളും 900 ലധികം ഗെയിമിങ് കമ്പനികളും ഇന്ത്യയിലുണ്ട്. ഓൺലൈൻ ഗെയിം വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന ആഗോളതലത്തിൽ 13% ആണ്. ഇന്ത്യയിൽ 2020ൽ 22% കളിക്കാരുള്ള ഓൺലൈൻ ഗെയിം 2022 ആയപ്പോൾ 51% ആയി കളിക്കാരുടെ എണ്ണം വർധിച്ചു.
ഗെയിം നിയന്ത്രണത്തിനായി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമത്തിൽ പരാതി പരിഹാര സംവിധാനം, ഉപഭോക്താക്കളുടെ ആധികാരികത, സേവനങ്ങളുടെ രജിസ്‌ട്രേഷൻ, സുതാര്യത, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുമെന്ന് സൂചിപ്പിക്കുന്നു. ആറ് വകുപ്പുകളുള്ള കരട് നിയമത്തിൽ ഇന്ത്യയിൽ ഓൺലൈൻ ഗെയിം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിക്കുകയും വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും പറയുന്നുണ്ട്. ഇന്ത്യയിൽ മേൽവിലാസമുള്ളവർക്കേ ഗെയിം കമ്പനികൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ എന്നത് വിദേശത്തുനിന്നുള്ള കള്ളനാണയങ്ങൾ ഈ മേഖലയിൽ കടന്നുവരുന്നത് തടയാൻ സാധിക്കുന്നതാണ്. സോഷ്യൽ മീഡിയ പോലെ ഓൺലൈൻ ഗെയിം കമ്പനികൾ സ്വന്തമായി ഒരു പരാതി പരിഹാര സംവിധാനം ഒരുക്കണം. പരാതികളിൽ ഐ.ടി നിയമങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കണം. പരാതികൾ സംബന്ധിച്ചു ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. കൂടാതെ ഓൺലൈൻ കമ്പനികൾ സേവനത്തിന്റെ നിയമവിധേയമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു മുഖ്യ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് അധികൃതർക്ക് ബന്ധപ്പെടുന്നതിന് വേണ്ടി മറ്റൊരു ഓഫീസറെ കൂടി ഓൺലൈൻ കമ്പനികൾ നിയമിക്കണമെന്ന് കരട് നിയമത്തിൽ ചൂണ്ടിക്കാണിക്കുന്നു.
18 വയസിന് താഴെയുള്ള കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നത് വലിയ ആശ്വാസമാണ് രക്ഷിതാക്കൾക്ക് നൽകുന്നത്. ഇത് ഫലപ്രദമായി നടപ്പാക്കിയാൽ കുട്ടികൾ ഓൺലൈൻ അടിമകളാകുന്ന വർത്തമാന സാഹചര്യം ഒഴിവാക്കുവാൻ നിയമംകൊണ്ട് സാധിക്കും.
അതിവേഗം വളർന്നു വികസിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ വൈദഗ്ധ്യം കടന്നുവരുന്നതിനാൽ പുതിയ നിയമംകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുമോ, യുവതലമുറയുടെ ക്രയവിക്രയശേഷിയും കർമ കുശലതയും നഷ്ടപ്പെട്ടുപോകുന്ന ഗെയിമുകളെ എങ്ങനെ പരിഷ്‌കരിക്കാൻ കഴിയും എന്നിവ നിയമത്തിൽ പറയുന്നില്ല. നിലവിൽ ഒരു നിയമത്തിന്റെയും പരിധിയിൽ വരാത്ത ഓൺലൈൻ ഗെയിമുകൾക്ക് പുതിയ നിയന്ത്രണം സംവിധാനമുണ്ടാക്കുവാൻ പുതിയ നിയമംകൊണ്ട് സാധിക്കുമെങ്കിലും ഓൺലൈൻ ഗെയിം വിപണിയെ പൂർണമായും നിയന്ത്രിക്കാൻ നിയമം പര്യാപ്തമാണോ എന്ന് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്. ലോകം ഡിജിറ്റൽ യുഗത്തിലായതിനാൽ ഓൺലൈൻ ഗെയിമുകളിൽ ഇന്ത്യയിൽ നിന്നുള്ളത് മാത്രം നിയന്ത്രിച്ചാൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുമകളെ തേടിയുള്ള യാത്രയിൽ യുവജനത രാജ്യത്തിന് പുറത്തുനിന്നുള്ള ഗെയിമുകൾ കളിക്കുന്നത് നിയന്ത്രിക്കാൻ ഈ നിയമം പര്യാപ്തമല്ല. നിലവിലുള്ള നിയന്ത്രണ സംവിധാനത്തിൽ ഒരു ജുഡീഷ്യൽ അല്ലെങ്കിൽ അർധ ജുഡീഷ്യൽ പദവിയിലുള്ളവരെ ഉൾപ്പെടുത്തേണ്ടത് നിക്ഷപക്ഷ സംവിധാനത്തിന് നിർബന്ധമാണ്. അല്ലെങ്കിൽ കമ്പനികളുടെ കൈയിലെ കളിപ്പാവ മാത്രമായി സംവിധാനം മാറും. ചുതാട്ടം, വാതുവയ്പ്പ് എന്നിവ സംസ്ഥാന വിഷയമാണെങ്കിലും ഇന്റർനെറ്റ് ഉപയോഗിച്ച് പണമിടപാട് തടയാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുള്ളതിനാലാണ് പുതിയ നിയമത്തിന്റെ കരട് പുറപ്പെടുവിച്ചത്. ഇതിൽ സംസ്ഥാങ്ങളുടെ അനുഭവങ്ങൾ ചേർക്കാവുന്നതാണ്. ഗെയിമുകളുടെ അന്തിമഫലത്തിൽ പണമിടപാടുകൾ നിയന്ത്രിക്കുമെന്നത് പൂർണമായും നടപ്പാക്കിയാൽ ഭാവിയിലെ വലിയ ദുരന്തം ഒഴിവാകുമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പണം ഒരു ഘടകമായി ഉണ്ടാകുമെന്നത് തീർച്ചയാണ്. ഗെയിം ആപ്പുകളിൽ സമയം ചെലവഴിക്കുന്നത് 21% വർധിക്കുകയും 5ജി രാജ്യത്ത് ലഭിക്കുകയും ചെയ്തതോടെ ഓൺലൈൻ ഗെയിം വൻ കുതിപ്പിലേക്ക് പോകുന്ന അവസരത്തിലാണ് പുതിയ നിയമത്തിന്റെ കരട് പൊതു ജനങ്ങൾക്ക് അഭിപ്രായത്തിന് വേണ്ടി പരസ്യ പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."