അധമരാഷ്ട്രീയത്തിലെ ഇരകള്‍
രാഷ്ട്രീയപ്രവര്‍ത്തനം രാഷ്ട്രത്തെ സേവിക്കാനും ജനനന്മയ്ക്കും വേണ്ടിയുള്ളതാണെന്ന് വിശ്വസിച്ചുപോന്നിരുന്ന ഒരു കാലവും അതിന്റെ വിധാതാക്കളും തിരിച്ചുവരാത്തവിധം എന്നോ മറഞ്ഞുപോയി. പുതിയകാലത്തെ സ്വഭാവഹത്യാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പോയകാലത്തെ രാഷ്ട്രീയനന്മകള്‍ എത്ര മഹത്തരമായിരുന്നെന്ന് നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യക്തിഹത്യാ രാഷ്ട്രീയപ്രവര്‍ത്തനം സ്വന്തം കുടുംബത്തിന്റെ ശ്രേയസിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവര്‍ വര്‍ധിച്ചതാണ്, രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രതിയോഗികളെ തകര്‍ക്കുന്ന അധമവും നീചവുമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങ് തകര്‍ക്കാന്‍ കാരണമായത്.
ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാത്ത, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളായിരുന്ന രാഷ്ട്രീയനേതാക്കളുടെ ജീവചരിത്രങ്ങള്‍ ഇന്ന് പഴങ്കഥകളാണ്. രാഷ്ട്രീയപ്രവര്‍ത്തനം ജനനന്മയ്ക്ക് വേണ്ടിയാണെങ്കില്‍ എന്തിനാണ് പ്രതിയോഗികള്‍ക്കെതിരേ വ്യക്തിഹത്യാ ആരോപണവുമായി ചാടി വീഴുന്നത് ? ലൈംഗികാരോപണങ്ങളാവുമ്പോള്‍ രാഷ്ട്രീയ പ്രതിയോഗിയെ ഈ രംഗത്തുനിന്നുതന്നെ തുടച്ചുമാറ്റാമെന്ന അധമ വികാരമല്ലേ ഇത്തരം നികൃഷ്ട പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ ? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഇത്തരം കളകളുണ്ട്. രാഷ്ട്രീയത്തില്‍ ഭരണവര്‍ഗമെന്നൊരു കൂട്ടം തന്നെ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. ഭരണമില്ലാതെ ഒരു ദിവസം പോലും കഴിയാന്‍ പ്രയാസപ്പെടുന്നവരാണ് ഇവരിലധികവും. ഇത്തരം രാഷ്ട്രീയക്കാരുടെ ബീഭത്സ പ്രവര്‍ത്തനങ്ങളാലാണ് സംശുദ്ധരാഷ്ട്രീയം നയിക്കുന്നവര്‍ അറിയാതെ ഇരകളായിത്തീരുന്നതും പൊതുജീവിതത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുന്നതും.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും തിന്മകളുടെ കളകള്‍ വളരുന്നതുപോലെ തന്നെ അപൂര്‍വമായി നന്മ മരങ്ങളുമുണ്ട്. അവരെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യാനാണ് ലൈംഗികാരോപണങ്ങള്‍ പോലുള്ള വ്യക്തിഹത്യ എതിരാളികള്‍ നടത്തുന്നത്. വ്യാജ ആരോപണങ്ങള്‍ക്ക് ഭരണകൂടങ്ങള്‍ തന്നെ നേതൃത്വം നല്‍കുമ്പോള്‍ ജീര്‍ണരാഷ്ട്രീയത്തിന്റെ മുഖമാണതിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഇത്തരമൊരു അധമരാഷ്ട്രീയത്തിന്റെ ഇരയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേരത്തെയും പല മന്ത്രിമാര്‍ക്കെതിരേയും ഇത്തരം ആരോപണശരങ്ങള്‍ പാഞ്ഞു വന്നിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞിട്ടുമുണ്ട്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ മന്ത്രിമാര്‍ രാജിവച്ചൊഴിയുകയായിരുന്നു പതിവ്. ഇതിനാല്‍ തന്നെ വര്‍ഷങ്ങള്‍ കഴിയുന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ആരോപണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് തെളിയുമ്പോഴേക്കും ഇരകളാവുന്ന മന്ത്രിമാര്‍ രാഷ്ട്രീയ വനവാസത്തിലെത്തിയിരിക്കും. അത്തരമൊരു ഇരയായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി ചാക്കോ. ഇപ്പോള്‍ അതെത്തി നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലുമാണ്.
വ്യക്തിശുദ്ധി ഇല്ലാത്ത, അപലപനീയ ജീവിത സാഹചര്യത്തില്‍ കഴിയുന്ന, തട്ടിപ്പുകള്‍ക്ക് ജയിലില്‍ പോകേണ്ടിവന്ന ചില സ്ത്രീകളുടെ വാക്കുകള്‍ കേട്ടോ, അവരെക്കൊണ്ട് പറയിപ്പിച്ചോ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ, ദുഷ്പ്രചാരണം നടത്തുന്നവരെ എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തകരെന്ന് വിശേഷിപ്പിക്കാനാവുക? ഇത്തരം രാഷ്ട്രീയനേതാക്കളെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കാനാവുക?
പല ഏജന്‍സികളാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാനിറങ്ങിയത്. അന്വേഷണം മരവിപ്പിക്കണമെന്നോ, എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നോ ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചില്ല. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നതിനുമുന്‍പ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചില്ല. അക്ഷോഭ്യനായി കഴിയണമെങ്കില്‍ അദ്ദേഹത്തിന്റെ ആത്മധൈര്യം തന്നെയായിരിക്കണം അതിന്റെ നിദാനം.
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. ഭരണം അവസാനിക്കാറായപ്പോള്‍ ഭരണകൂടം ഉമ്മന്‍ചാണ്ടിക്കെതിരേ സി.ബി.ഐ അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറിയതിനുപിന്നാലെ, ക്രൈംബ്രാഞ്ച് അവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് പറഞ്ഞത്. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് രേഖ. അന്ന് പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിനും രേഖയില്ല.
2018 ലാണ് ഉമ്മന്‍ചാണ്ടിയെയും മറ്റു നേതാക്കളെയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോ വ്യക്തിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആറ് സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. പരാതിക്കാരിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ദിവസങ്ങളോളം മൊഴിയെടുത്തു. ഈ ഘട്ടങ്ങളിലൊന്നും ആരോപണം ബലപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തെളിവില്ലാതെ തുടര്‍നടപടിയുമായി മുന്‍പോട്ട് പോകാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പരാതിക്കാരി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാകുകയും ചെയ്തു.
കേസില്‍ കഴമ്പില്ലെന്നുകണ്ട് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്ന് ഉന്നതര്‍ കേസന്വേഷണത്തില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു. എന്നിട്ടും പരാതിക്കാരിയുടെ വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് വ്യക്തിഹത്യാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ. കാലം കുറെക്കൂടി മുന്‍പോട്ട് പോകുമ്പോള്‍ ഭരണകൂട താല്‍പര്യപ്രകാരമാണ് താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരി മാറ്റിപ്പറയുകയില്ലെന്നാരുകണ്ടു? പല സന്ദര്‍ഭങ്ങളിലായി പല വ്യക്തികള്‍ക്കെതിരേ, പലവിധ ആരോപണങ്ങള്‍ നടത്തിയ ഒരു സ്ത്രീയുടെ വാക്ക് വിശ്വസിച്ച് എങ്ങനെയാണ് ഒരു സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കെതിരേയും വ്യക്തിഹത്യാ ആക്രമണം ഉണ്ടായി. പ്രധാനമായും ഉയര്‍ത്തിയത് സ്വഭാവഹത്യയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അഞ്ചുവര്‍ഷം എം.പിയായിരുന്ന പ്രേമചന്ദ്രന്റെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടില്ല. അദ്ദേഹത്തിനെതിരേ ആര്‍.എസ്.എസ് അനുകൂലിയെന്ന വ്യാജ പ്രചാരണം നടത്തി സ്വഭാവഹത്യ ചെയ്യുകയായിരുന്നു. എന്‍.കെ പ്രേമചന്ദ്രന്‍ വലിയ ഭൂരിപക്ഷത്തോടെ ഇപ്രാവശ്യവും ലോക്‌സഭാംഗമായി.
പഴയതുപോലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്നവരുടെ കാലം കഴിഞ്ഞുപോയെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഓര്‍ക്കണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. വ്യാജ ആരോപണങ്ങളിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ നടത്തുന്നവര്‍ അവരവരുടെ വിശ്വാസ്യതയെയാണ് പൊതുസമൂഹത്തിനു മുന്‍പില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. 'ധാര്‍മികതയില്ലാത്ത മനുഷ്യന്‍ ഈ ലോകത്ത് അഴിച്ചുവിട്ട കാട്ടുമൃഗമാണെ'ന്നാണ് എഴുത്തുകാരനായ അല്‍ബേര്‍ കമ്യൂ അഭിപ്രായപ്പെട്ടത്. ധാര്‍മികതയില്ലാത്ത രാഷ്ട്രീയക്കാരനെയും ഇതേഗണത്തില്‍ തന്നെയല്ലേ പെടുത്തേണ്ടത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."