പരേതന്‍ തിരിച്ചെത്തി ശവമടക്കും കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ്: അമ്പരന്നു ബന്ധുക്കളും നാട്ടുകാരും; അടക്കിയതാരെന്നറിയാതെ വട്ടം കറങ്ങി പൊലിസ്
പത്തനംതിട്ട: മൂന്നു മാസം മുമ്പായിരുന്നു സാബുവിന്റെ മരണം. അപകടത്തില്‍പ്പെട്ടായിരുന്നു മരണം. സംസ്‌കാരവും നടത്തി. ഇപ്പോഴിതാ പരേതന്‍ തിരിച്ചെത്തിയിരിക്കുന്നു. അതോടെ അമ്പരന്നു ബന്ധുക്കളും നാട്ടുകാരും. സംസ്‌ക്കരിച്ചയാളാരാണെന്നറിയാതെ കുഴങ്ങുകയാണ് പൊലിസും.
കുടശ്ശനാട്, പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം കണ്ടെത്തിയത്.
സാബു തിരിച്ചെത്തിയതോടെ സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണ് എന്ന അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലിസ്.
വെള്ളിയാഴ്ച രാവിലെ സാബു ക്ലീനറായിരുന്ന ബസിലെ ഡ്രൈവര്‍ മുരളീധരനാണ് ഇയാളെ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളും സഹോദരനും ചേര്‍ന്ന് സാബുവിനെ പന്തളം പൊലിസ് സ്റ്റേഷനിലെത്തിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.സീനയും സ്റ്റേഷനിലെത്തി സാബുവിനെ തിരിച്ചറിഞ്ഞു.
ഡിസംബര്‍ 24ന് പാലായ്ക്കടുത്ത് ഇടപ്പാടിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. സാബുവാണെന്ന് സംശയം തോന്നിയ പൊലിസ് ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഡിസംബര്‍ 26ന് പാലായിലെത്തിയ സഹോദരന്‍ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം 30ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സാബുവിന് മുന്‍ ഭാഗത്തെ മൂന്ന് പല്ലുകള്‍ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."