'ട്രൈസനേറിയം'! ശശി തരൂരിനെ പുതിയ ഇംഗ്ലീഷ് പദം പഠിപ്പിച്ച് ദാറുൽ ഹുദാ വിദ്യാർഥികൾ; സമ്മേളനത്തിൽവച്ച് തന്നെ നന്ദി പറഞ്ഞ് തരൂർ
മലപ്പുറം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക കലാലയമായ ചെമ്മാട് ദാറുൽ ഹുദായിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാവും മുൻ നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ശശി തരൂർ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദാറുൽ ഹുദാ വിദ്യാർഥി സംഘടനയായ അൽ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (അസാസ്) 30 ാം വാർഷികാഘോഷമാണ് വേദി. ചെമ്മാട്ടെ ദാറുൽഹുദാ കാംപസിൽ നടന്ന പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു തരൂർ.
അധ്യക്ഷന്റെ ക്ഷണപ്രകാരം സംസാരിക്കാൻ എഴുന്നേറ്റ തരൂർ ആദ്യം തന്നെ തനിക്ക് പുതിയ ഇംഗ്ലീഷ് പദം പരിചയപ്പെടുത്തിയ ദാറുൽ ഹുദാ വിദ്യാർഥികൾക്ക് നന്ദി അറിയിക്കുകയാണ് ചെയ്തത്. തരൂരിന്റെ വാക്കുകൾ ഇങ്ങനെ: 'അസാസിന്റെ മുപ്പാതം വാർഷികം ആണ്. ഞാൻ ഇവിടെ കണ്ടു നല്ലൊരു ഇംഗ്ലീഷ് വാക്ക്, ട്രൈസനേറിയം (Tricenarium)..! എന്താണത്, ഞാൻ ട്രൈസെന്റിനറി (Tricentenary) എന്ന് കേട്ടിട്ടുണ്ട്. അതായത് 300 വർഷം. എനിക്ക് തന്നെ ചെക്ക് ചെയ്യേണ്ടിവന്നു. ട്രൈസനേറിയം എന്നാൽ 30 വർഷം. അങ്ങിനെ ഒരു പദം പഠിപ്പിച്ചതിന് നന്ദി. അത് ഒരുപാഠമാണ്. നമ്മൾ എല്ലാവരും എല്ലാം അറിയണം...'' നിറഞ്ഞ കൈയടികൾക്കിടെ തരൂർ പറഞ്ഞു. രാജ്യത്ത് ഭയം ഉത്പാദിപ്പിക്കുന്നവർ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ചുനിന്ന് എതിർക്കണമെന്നും തരൂർ വിദ്യാർഥികളോട് ആഹ്വാനംചെയ്തു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദ വൈസ് ചാൻസലർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ് എം.എൽ.എ, ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. മുഹമ്മദ് കുട്ടി, യു.വി.കെ മുഹമ്മദ്, കെ.എം സെയ്തലവി, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി, അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം സെന്റർ ഡയറക്ടർ ഫൈസൽ ഹുദവി മരിയാട്, ദാറുൽ ഹുദാ അക്കാദമി രജിസ്ട്രാർ റഫീഖ് ഹുദവി പങ്കെടുത്തു.
[video width="288" height="640" mp4="https://suprabhaatham.com/wp-content/uploads/2023/01/tharoor-speech.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."