അടിയൊഴുക്കുകളില്‍ പ്രതീക്ഷയും പ്രതിരോധവും തീര്‍ക്കുന്ന ഹരിപ്പാട്
ആലപ്പുഴ: ഇരുമുന്നണികളെയും തല്ലിയും തലോടിയും ശീലിച്ചിട്ടുള്ള ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്താല്‍ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്.
അടിയൊഴുക്കുകളില്‍ പ്രതീക്ഷയും പ്രതിരോധവും തീര്‍ത്തുകൊണ്ടുള്ള പോരാട്ടത്തിനാണ് ഹരിപ്പാട് ഇക്കുറി സാക്ഷ്യംവഹിക്കുന്നത്. ഒരു മുന്നണിയെയും സ്ഥിരമായി വാഴിക്കാത്ത ഹരിപ്പാട്ടുകാര്‍ കഴിഞ്ഞ മൂന്നുതവണയായി യു.ഡി.എഫിനൊപ്പമായിരുന്നു.
ചെന്നിത്തലയെ എക്കാലവും ചേര്‍ത്തുപിടിച്ചിട്ടുള്ള മണ്ഡലമെന്ന പ്രത്യേകതയുമുണ്ട്. 1982ലാണ് യുവനേതാവായിരിക്കെ ചെന്നിത്തല ആദ്യ നിയമസഭാ പോരാട്ടത്തിനെത്തുന്നത്.
അന്നത്തെ വിജയത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും അദ്ദേഹത്തിന് അവസരമൊരുങ്ങി. 1987ലും വിജയം ആവര്‍ത്തിച്ചെങ്കിലും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവച്ചതോടെ മണ്ഡലം യു.ഡി.എഫിന് നഷ്ടമായി.
പിന്നീട് ഇടവേളയ്ക്കുശേഷം 2011ലും 2016ലും ഹരിപ്പാട് നിന്ന് വിജയിച്ച ചെന്നിത്തല ഹാട്രിക് ലക്ഷ്യമാക്കിയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ ഹരിപ്പാട് തനിക്ക് അമ്മയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മണ്ഡലമാറ്റ ചര്‍ച്ചകള്‍ക്ക് ചെന്നിത്തല വിരാമംകുറിച്ചത്. മണ്ഡലത്തിലെ ചെന്നിത്തലയുടെ അഞ്ചാം അങ്കമാണിത്.
ബി.ജെ.പിയുടെ വോട്ടുചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആക്ഷേപമായി ഉയര്‍ന്നിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വോട്ടുകള്‍ ഗണ്യമായി കുറയുകയും ബി.ജെ.പി വോട്ടുകളില്‍ വര്‍ധനവുണ്ടാകുകയും ചെയ്തു.
ഇരുതെരഞ്ഞെടുപ്പിലും നില ഭദ്രമാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. മണ്ഡലമാറ്റ ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ നടന്നെങ്കിലും പിന്നീട് സി.പി.ഐയുടെ യുവനേതാവ് അഡ്വ. ആര്‍.സജിലാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റിന്റെ വരവോടെ സ്ഥാനാര്‍ഥിത്വം ലഭിക്കാതെപോയ സി.പി.ഐ ജില്ലാ നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുത്തറ ബി.ഡി.ജെ.എസിലേക്ക് കാലുമാറി കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായതും മറ്റൊരു അടിയൊഴുക്കായി. എപ്പോഴും വോട്ടുചോര്‍ച്ചയ്ക്ക് പഴികേള്‍ക്കുന്ന ബി.ജെ.പി ഇത്തവണ അടിയൊഴുക്കുകള്‍ തടയാന്‍ ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പ്രധാനമുന്നണികള്‍ തമ്മില്‍ 1,467ലേക്ക് മാറിയതോടെയാണ് ഹരിപ്പാട് മത്സരത്തിന്റെ വീറും വാശിയും ഏറുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ പ്രചാരണം കൊഴിപ്പിച്ച മണ്ഡലത്തില്‍ ഇനി വിധിനിര്‍ണയിക്കുന്നതും വോട്ടിന്റെ അടിയൊഴുക്കുകള്‍ തന്നെ. സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി ഉള്‍പ്പെടെ അഞ്ചു സ്ഥാനാര്‍ഥികളാണ് മണ്ഡലത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."