ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി കെ. രാജു
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. കുളത്തൂപ്പുഴ ഹൈടെക് ഫാമില്‍ സോളാര്‍ ഗ്രിഡ് കണക്ട് പ്ലാന്റിന്റെയും ബയോഗ്യാസ് പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ ഹൈടെക് ഫാമിന്റെ കീഴില്‍ സാറ്റലൈറ്റ് യൂനിറ്റുകള്‍ ആരംഭിച്ച് കൂടുതല്‍ കര്‍ഷകര്‍ക്ക് വരുമാന മാര്‍ഗം വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പ്ലാന്റ് 25 കിലോ വാട്ട് ശേഷിയുള്ളതാണ്. 18.9 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഫാമിലെ മില്‍ക്കിങ് പാര്‍ലറിലേക്ക് ആവശ്യമായ ചൂടുവെള്ളം ലഭ്യമാക്കാന്‍ സഹായകമാകുന്നതാണ് ഒന്‍പതു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ്. ചടങ്ങില്‍ മന്ത്രി ക്ഷീരകര്‍ഷകരെ ആദരിച്ചു. തീറ്റപ്പുല്‍ കൃഷിക്കുള്ള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.
കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ അധ്യക്ഷയായ യോഗത്തില്‍ കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ എക്‌സ്, മാനേജിങ് ഡയരക്ടര്‍ ഡോ. ജോസ് ജെയിംസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."